ഓണമറിഞ്ഞും ഓണപ്പാട്ടുപാടിയും സൗദി ഗായകൻ
text_fieldsകൊല്ലം: മലയാള ഗാനങ്ങൾ ആലപിച്ചും കേരളമാകെ പലവട്ടം സഞ്ചരിച്ച് വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള സൗദി ഗായകൻ ഹാഷിം അബ്ബാസ് കൊല്ലത്തെത്തി. ഓണനാളുകളിൽ കേരളത്തിൽ ചെലവിടുന്ന അദ്ദേഹം എം. മുകേഷ് എം.എൽ.എയുമായി കൂടിക്കാഴ്ചയും നടത്തി.
‘പൂവിളി...പൂവിളി പൊന്നോണമായ്..’ എന്ന പാട്ടിനെ അറബി ഭാഷകൂടി കലർത്തി തയാറാക്കിയിട്ടുള്ള ഹാഷിം ഇത് മുകേഷിനൊപ്പം ചേർന്ന് ആലപിച്ചു. ഓണം എന്താണെന്നും മഹാബലി ആരാണെന്നും ശരിക്ക് മനസ്സിലാക്കാത്തവർ തന്റെ നാട്ടിലടക്കമുണ്ടെന്നും അവർക്ക് ഓണത്തിന്റെ സന്ദേശം പകരുകയാണ് ഗാനാലാപനത്തിന്റെ ലക്ഷ്യമെന്നും ഹാഷിം പറഞ്ഞു. ഓണപ്പാട്ട് ഉൾപ്പെടുത്തിയ ആൽബം പുറത്തിറക്കുകയും തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ കൂടുതൽ പേരിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം.
ദിവസങ്ങൾക്കുമുമ്പ് മുകേഷിന്റെ മാതാവും നടിയുമായ വിജയകുമാരി ഒ. മാധവനെ വീട്ടിലെത്തി ഹാഷിം സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേരളത്തിലെത്തിയ ഇദ്ദേഹം തൃശൂർ സന്ദർശിച്ച് അറബി വേഷം ധരിച്ച് പുലികളിയിൽ പങ്കാളിയായത് ഏറെ വാർത്താപ്രാധാന്യം നേടി. കലാഭവൻ മണിയുടെ നാടൻ പാട്ടുകളുടെ ആരാധകനാണ് ഹാഷിം.
‘ചാലക്കുടി ചന്തക്കു പോകുമ്പോൾ’, ‘ഓടേണ്ട ഓടേണ്ട ഓടിത്തളരേണ്ട’ തുടങ്ങിയ പാട്ടുകൾ വരിയും വാക്കുകളും തെറ്റാതെ ഹാഷിം പാടാറുണ്ട്. ഓരോ മലയാളം പാട്ടും ആറുമാസം വരെ സമയമെടുത്താണ് മനപ്പാഠമാക്കാറുള്ളത്. വ്ലോഗറും ബിസിനസുകാരനും കൂടിയായ ഹാഷിമിന് ഗൾഫിലും കേരളത്തിലും നിരവധി മലയാളി സുഹൃത്തുക്കളുണ്ട്. മലയാളത്തിൽ സിനിമയിലും ആൽബങ്ങളിലുമൊക്കെ സാന്നിധ്യമറിയിക്കുകയും ചെയ്തു. ഗൾഫിൽ മലയാളി കൂട്ടായ്മകൾ ഒരുക്കുന്ന പരിപാടികളിലും പങ്കെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.