മിലനെ കേൾക്കുമ്പോൾ ഷഹബാസിലേക്ക് ഓടിപോകേണ്ട; വൈറൽ കുറിപ്പുമായി ഷഹബാസ് അമൻ
text_fieldsകോഴിക്കോട്: പാട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മിലനെ കുറിച്ച് കുറിപ്പുമായി ഷഹബാസ് അമൻ. മിലൻ പാടിയ പാട്ട് ഷെയർ ചെയ്യുമ്പോൾ തനിക്ക് അഡ്രസും പ്രയോറിട്ടിയും തരുന്നതിനെ കുറിച്ചാണ് ഷഹബാസ് അമന്റെ കുറിപ്പ്.
മിലനെ ഓരോ പുതിയ ആൾ കേൾക്കുമ്പോഴും ഷഹബാസിലേക്ക് ഓടിപ്പോകുന്നതിനു പകരം അവനിലേക്ക് തന്നെ ചെല്ലുവെന്ന് ഷഹബാസ് അമൻ പറഞ്ഞു. ഓരോരുത്തരെയും അവരവരായിത്തന്നെ പാട്ട് കേൾക്കൂ, അതിൽ താരതമ്യവും താവഴിപോരിമയും വേണ്ട. അതാണു നല്ല കേൾവി. അതാണു പുതിയ നീതിയെന്നും ഷഹബാസ് ഫേസ്ബുക്കിൽ കുറിച്ചു.
മിലൻ പാടിയത് മിലന്റെ "ആകാശമായവളേ ആണ്. ആ കൊത്തുപണികൾ അവന്റേതാണ്. അതിനുള്ള അഭിനന്ദനങ്ങൾ അവനിലേക്ക് തന്നെയാണു എത്തിച്ചേരേണ്ടത്. അതിന്റെ മുഴുവൻ കായ്ഫലങ്ങളും അവനുള്ളതാണു. ബാക്കി എല്ലാവരും അതിനുള്ള നിമിത്തങ്ങളായി എന്ന് മാത്രമാണുള്ളതെന്നും ഷഹബാസ് പറഞ്ഞു.
കുറിപ്പിന്റെ പൂണ്ണ രൂപം
നന്ദി പ്രവീൺ ജി.. മിലൻ എത്ര ഹൃദ്യമായാണു "ആകാശമായവളേ.." പാടുന്നത്💗ഉള്ളിൽ തട്ടുന്നു...! എത്ര ശ്രദ്ധയോടെയാണു കൂട്ടുകാർ മിലനെ കേൾക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്..വളരെ,വളരേ സന്തോഷം തോന്നുന്നു... ! കൂടെ , സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട് ! ഹൃദയം നിറഞ്ഞ് കവിയുന്നു.. കുട്ടിക്കാലത്ത് ഇത് പോലെ സ്വന്തം മനസ്സിൽ അറിയാതെ പതിഞ്ഞു പോയ വാക്കുകളാണല്ലൊ പാടിയിരുന്നത് എന്ന ഓർമ്മ അതിൽ നനഞ്ഞ് കുതിരുന്നു...നന്ദി മിലൻ..നിറയേ നിറയേ സ്നേഹം..💗🕊
മിലന്റെ "ആകാശമായവളേ" കേട്ട്, അതിനു താഴെ ആദ്യം കുറിച്ചിട്ട കമന്റ് ഇതായിരുന്നു! ബിജി അതിനു മുൻപേ മൂന്ന് ഹൃദയ ചിഹ്നങ്ങൾ അവിടെ പതിച്ച് വെച്ചിട്ടു പോയത് ശ്രദ്ധിച്ചിരുന്നു ! തുടർന്ന് പ്രവീൺ മാഷ് അതിന്റെയൊക്കെ സ്‌ക്രീൻ ഷോട്ട് ഒരു പോസ്റ്റ് ആക്കി ഇടുകയും ഞങ്ങൾ മിലനെ അഭിനന്ദിച്ചതിന്റെ സന്തോഷം പത്രക്കാരെ അറിയിക്കുകയും അവർ അത് പ്രത്യേക തലക്കെട്ടോടെ വാർത്തയിൽ കൂട്ടിച്ചേർക്കുകയുമൊക്കെ ചെയ്തു! മാഷെ ഫോണിൽ വിളിച്ചിരുന്നു.മിലൻ അടുത്തുള്ളപ്പോൾ എപ്പൊഴെങ്കിലുമൊന്ന് വിളിക്കാൻ പറഞ്ഞിട്ടുണ്ട്.എല്ലാം വളരെ സന്തോഷം നൽകുന്ന കാര്യങ്ങൾ തന്നെ! എന്നാൽ ഇതിലെല്ലാം അമിതമായി ആഹ്ലാദിക്കാനോ അതിരു കവിഞ്ഞ് അൽഭുതം കൂറാനോ കഴിയുന്നില്ല! അനുഭവഗുരുവിന്റെ പഠനക്കളരിയിൽ നിന്ന് കിട്ടിയ പാഠമാണു! ഭാഗ്യവശാൽ മിലന്റെ മുഖത്തും കണ്ടത് ഒരു ഇളം മന്ദഹാസം മാത്രം! ഈ പ്രായത്തിൽ എളുപ്പമല്ലാത്ത വിധത്തിലുള്ള മിതത്വമാർന്ന വാക്കുകളാലാണു തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോട് ആ കുട്ടി പ്രതികരിച്ചു കണ്ടത്! അതൊക്കെ അവന്റെ പാടൽ പോലെത്തന്നെ മധുരോദാരമായാണു അനുഭവപ്പെട്ടത്!ഒരു പക്ഷേ,അവന്റെ ജീവിതം അവനു നൽകിയ ഉൾക്കാഴ്‌ച അത്തരത്തിലുള്ളതാവാം. അറിയില്ല.
എന്നാൽ സമൂഹം ഒന്നാകെ മിലന്റെ "ആകാശമായവളേ" കേട്ട് കണ്ട്രോൾ പോയ അവസ്ഥയിലാണു ഇപ്പോഴും! നമ്മൾ എങ്ങാനും കേട്ടിട്ടില്ലെങ്കിലോ കണ്ടിട്ടില്ലെങ്കിലോ എന്ന് കരുതി തലങ്ങും വിലങ്ങും ആ വീഡിയോ ഷെയർ ചെയ്ത് തരുന്നവരെക്കൊണ്ടുള്ള വമ്പിച്ച ട്രാഫിക് ബ്ലോക്കിൽപ്പെട്ടുഴലുകയാണു കുറേ ദിവസങ്ങളായിട്ട്! എല്ലാം ആത്മാർത്ഥത നിറഞ്ഞ സന്ദേശങ്ങൾ! എല്ലാവരുടെ മനസ്സും ശുദ്ധം! പലർക്കും പാട്ട് എവിടെ നിന്ന് വന്നു എന്ന് പോലും അറിയില്ല! കിട്ടിയ വശം ഷെയർ ചെയ്യുകയാണു! അറിയുന്നവർക്കൊക്കെ പ്രവീൺ മാഷിന്റെ പേജിലേക്കുള്ള വഴി കാണിച്ച് കൊടുത്തു! വേറൊന്നിനുമല്ല ഒരു വാർത്തയുടെ യഥാർത്ഥ ശ്രോതസ്സ് ഒരിക്കലെങ്കിലും അറിഞ്ഞ് വെക്കുന്നത് ഒരു മിനിമം നന്മയാണു! ശരിയായ അന്വേഷണത്തിന്റെ ഒരു സാമാന്യ യുക്തിയും അറ്റ്‌ലീസ്റ്റ് കോമൺസെൻസും കൂടിയാണു! ചിലരൊക്കെ വീഡിയോ അങ്ങനേ എടുത്ത് സ്വന്തം നിലക്ക് യൂ റ്റ്യൂബിലൊക്കെ ഇട്ടിട്ടുണ്ട്! അത്ര ശരിയല്ല അതൊക്കെ എന്ന് നമ്മൾ അറിയേണ്ടതുണ്ട്.സാരമില്ല.പെട്ടെന്നുണ്ടായ ഒരു എക്സൈറ്റ്‌മന്റ് കൊണ്ടാണല്ലൊ! പിന്നീട് തിരുത്തിയാൽ മതി.
ഇതിൽ സ്വന്തം നിലപാട് ഇപ്പോൾ തന്നെ വ്യക്തമാക്കാം! "ആകാശമായാളേ" പാടിയ ആൾ എന്ന അഡ്രസ്സും പ്രയോറിട്ടിയും പിന്നീട് ആരത് പാടുമ്പോഴും നിങ്ങൾ എനിക്ക് തരുന്നത് പഴയ ഒരു ധാർമ്മികതയുടെ ഭാഗമായാണെന്നറിയാം. ഒരു പരിധി വരെ നാട്ടുനടപ്പും! നല്ല കാര്യം തന്നെ; പക്ഷേ അത്രക്കങ്ങോട്ട് നല്ലതുമല്ല!
ആകാശമായവളേ എവിടെ കേൾക്കുമ്പോളും ഓർക്കുന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെങ്കിലും അതിനേക്കാൾ ന്യായമായും നിങ്ങൾ ഓർക്കേണ്ടതും ടാഗ് ചെയ്യേണ്ടതും ഗാനരചയിതാവിനെയും സംഗീതസംവിധായകനെയുമാണു! യഥാക്രമം ,പ്രിയർ,നിതീഷ് നടേരിയും ബിജിബാലും! എന്നിരിക്കിലും പറയട്ടെ,
മിലൻ പാടിയത് മിലന്റെ "ആകാശമായവളേ " ആണു! ആ കൊത്തുപണികൾ അവന്റേതാണു! അതിനുള്ള അഭിനന്ദനങ്ങൾ അവനിലേക്ക് തന്നെയാണു എത്തിച്ചേരേണ്ടത്! അതിന്റെ മുഴുവൻ കായ്ഫലങ്ങളും അവനുള്ളതാണു! ബാക്കി എല്ലാവരും അതിനുള്ള നിമിത്തങ്ങളായി എന്ന് മാത്രം! പ്രവീൺ മാഷ് അത് ആവർത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്! ഓരോ പുതിയ ആൾ മിലനെ കേൾക്കുമ്പോഴും ഷഹബാസിലേക്ക് ഓടിപ്പോകുന്നതിനു പകരം മിലനിലേക്ക് തന്നെ ചെല്ലൂ! ഓരോരുത്തരെയും അവരവരായിത്തന്നെ കേൾക്കൂ! താരതമ്യവും താവഴിപോരിമയും വേണ്ട! അതാണു നല്ല കേൾവി! അതാണു പുതിയ നീതി! ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.
ഇന്ന് നമ്മൾ ഇഷ്ടപ്പെട്ടു എന്നുള്ള ഒറ്റക്കാരണത്താൽ നാളെ സ്വന്തം അഭിപ്രായമുള്ള ഒരു വക്തിയായി മാറുമ്പോൾ മിലനെ 'അഹങ്കാരി' എന്ന് മുദ്ര കുത്താതിരിക്കുവാനും കൂടിയുള്ള അറിവും ഹൃദയവിശാലതയും നമുക്ക് ഉണ്ടാവട്ടെ ! പ്രിയപ്പെട്ട മിലന് കൊടുക്കാൻ ഉപദേശങ്ങൾ ഒന്നും തന്നെയില്ല! നിറയേ സ്നേഹം മാത്രം! നിറയേ....!പാടുക മിലൻ,പാടൂ....
മിലന്മാരും മിലനകളും മാത്രമല്ല,പലനിറങ്ങളാൽ മാനം നിറയുന്ന മഴവില്ലഴകോലട്ടെ ലോകം! പലനിറപ്പൂക്കൾ വിടരുന്ന സ്വർഗ്ഗാരാമമാകട്ടെ നമ്മുടെ ഹൃദയം !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.