രജതവേദിയിൽ പാട്ടൊഴുക്കി: സിത്താരയും ഹരീഷും...
text_fieldsകോഴിക്കോട്: വാക്കുകളും വിചാരങ്ങളും രജതരേഖകൾ തീർത്ത വേദിയിൽ പാട്ട് കേറി നൃത്തം വെച്ച രാവ്. സദസ്സിലെ തലമുറകളെ ത്രസിപ്പിച്ചും പാട്ട് പാടി മോഹിപ്പിച്ചും നടത്തിയ രാഗസഞ്ചാരം. ഈണങ്ങൾകൊണ്ട് അമ്മാനമാടിയ നിമിഷങ്ങൾ. മായാഗീതങ്ങളെ കോർത്തുവെച്ച് പാട്ടിന്റെ ഹൃദയസരോവരതീരം തീർത്ത് സിത്താര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും. മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി വേദിയിലാണ് ആസ്വാദകവൃന്ദത്തിന് ഓർമയിൽ സൂക്ഷിക്കാവുന്ന സംഗീത വിരുന്നൊരുക്കിയത്.
മലയാളി മനസ്സിൽ മായാതെ കിടന്ന ഗാനങ്ങൾ പുതിയ ഈണത്തിൽ അവതരിപ്പിച്ച് മലയാളത്തിന്റെ പ്രിയ പാട്ടുകാർ. മലയാളത്തിന്റെ ഇഷ്ട ഗാനരചയിതാക്കളിൽനിന്ന് പിറന്ന ഗാനങ്ങൾ. മൺമറഞ്ഞ ഗായകർക്കും സംഗീത സംവിധായകർക്കും പ്രണാമമായി ഈ വിരുന്ന്. ഗാനരചയിതാക്കൾക്കുള്ള മാധ്യമം ആഴ്ചപ്പതിപ്പിന്റെ സമർപ്പണം. വയലാറും പി. ഭാസ്കരനും ഒ.എൻ.വിയും യൂസുഫലി കേച്ചേരിയും ഗിരീഷ് പുത്തഞ്ചേരിയും അനിൽ പനച്ചൂരാനും ബിച്ചുതിരുമലയും മുതൽ വി.കെ. ഹരിനാരായണനും മുഹ്സിൻ പരാരിയും വരെ വേദിയിൽ മഴപോലെ, മഞ്ഞുപോലെ, നിലാവുപോലെ പെയ്തു. പാട്ട് പുഴയായും കടലായും ഒഴുകിപ്പരന്ന നേരം. മഹാമാരിക്കുശേഷം ഇത്രമേൽ ആസ്വദിച്ച സംഗീതരാവ് കോഴിക്കോടിനിത് ആദ്യമായിരുന്നു. സംഗീതജ്ഞരായ ശ്രീനാഥ് നായരും അജയ്കൃഷ്ണനും മിഥുൻപോളും രാഗവിസ്മയങ്ങളുടെ പുത്തൻ വാദ്യഘോഷങ്ങളുമായി അണിചേർന്നു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം 'മായഗീതങ്ങൾ' ആശയം പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.