എം.എസ്. നസിം -സംഗീതത്തോടുള്ള ആഗ്രഹം ബാക്കിയാക്കി മടങ്ങിയ പാട്ടുകാരൻ
text_fieldsകഴക്കൂട്ടം: സംഗീതത്തിനോടുള്ള അടങ്ങാത്ത ആഗ്രഹം ബാക്കിയാക്കിയാണ് എം.എസ്. നസിം യാത്രയായത്. അധ്യാപകനായിരുന്ന മുഹമ്മദ് സാലിയുടെയും അസ്മ ബീവിയുടെയും മകനായി 1952ൽ പാച്ചല്ലൂരിലായിരുന്നു ജനനം.
1975ൽ ഉമ്മയുടെ വീടായ കഴക്കൂട്ടത്ത് സ്ഥിരതാമസമാക്കി. കുട്ടിക്കാലം മുതൽ പാട്ടിനോടുള്ള കമ്പം ഗാനമേളകളിലെത്തിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ തന്നെ തെൻറ കഴിവ് ഉപയോഗിച്ച് ആദ്യത്തെ ഗാനമേള ട്രൂപ് രൂപവത്കരിച്ചു. കേരളത്തിലും പുറത്തുമായി മൂവായിരത്തോളം വേദികളെ സംഗീതോത്സവമാക്കി.
27 വർഷക്കാലം കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തെങ്കിലും പാട്ടിനോടുള്ള പ്രേമം കാരണം ജോലിയിൽനിന്ന് സ്വയം വിരമിച്ചു. പിന്നീട് മുഴുവൻ സമയവും സംഗീതത്തിന് വേണ്ടി െചലവാക്കി. അതിനിടയിലാണ് പക്ഷാഘാതമുണ്ടായി വലത് വശം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തത്.
എന്നാൽ പക്ഷാഘാതത്തെയും തോൽപിച്ച് 6 വർഷം മുമ്പ് ഭാര്യയുമൊന്നിച്ച് ഉംറ നിർവഹിച്ചു. അതിൽനിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് ഇടക്ക് വേദികളിലും പ്രത്യക്ഷപ്പെട്ടു.
ഇടത് സഹയാത്രികനായ നസിം പാർട്ടിക്ക് വേണ്ടി നിരവധി വിപ്ലവഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വന്തം വീടിനെ അദ്ദേഹം സംഗീത മ്യൂസിയമാക്കി മാറ്റി. അവസരം തേടിപ്പോകാത്തതിനാൽ ഒരേയൊരു സിനിമ ഗാനം പാടാനേ ഈ അപൂർവ പ്രതിഭക്കായുള്ളൂ. കെ.എസ്. ചിത്രയോടൊപ്പം പാടിയ 'നിറയും താരങ്ങളെ' എന്ന ഗാനമായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.