കാതിലാരോ ആർദ്രമായി പാടുന്നപോൽ...
text_fieldsമലയാള ചലച്ചിത്രഗാന ശാഖയിൽ വേറിട്ട ആലാപനംകൊണ്ട് ശ്രദ്ധേയമായ സിത്താരയുടെ സംഗീതജീവിതത്തിന് 15 വർഷം തികയുകയാണ്. ഈ വർഷത്തെ മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരം സിത്താരക്കായിരുന്നു. 2007ൽ അതിശയൻ എന്ന സിനിമയിലെ 'പമ്മിപ്പമ്മി...' എന്ന ഗാനത്തിലൂടെ ചലച്ചിത്രഗാന ശാഖയിലേക്ക് പ്രവേശിച്ച സിത്താര കാണെക്കാണെ ഗാനാകാശത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറുകയായിരുന്നു.
സിത്താരയുടെ പാട്ടുകളിലൂടെ യാത്രചെയ്യുമ്പോൾ അനുഭവവും അനുഭൂതിയുമൊന്നിക്കുന്ന ഒരു നാദാകാശ വിസ്തൃതിയറിയുന്നുണ്ട്, നാം. മഴവില്ലുപോലെ ഒരാർദ്രത ആ ഗാനങ്ങളിലുണ്ട്. ഈയൊരാർദ്രമായ സാന്ദ്രതയാണ് മറ്റു ഗായികമാരിൽനിന്ന് സിത്താരയെ മാറ്റിനിർത്തുന്നത്. പ്രണയസങ്കൽപത്തെ പാട്ടിന്റെ പ്രാണനാക്കി മാറ്റുന്നതിൽ സിത്താര എക്കാലവും വിജയിച്ചു. അതോടൊപ്പം ഈ ഗാനങ്ങളിൽ വിരഹവും വേദനയും വിപ്ലവവും വിചാരവും വികാരവുമെല്ലാം ഒരുപോലെ ഒന്നിച്ചുചേരുകയുണ്ടായി.
സിത്താരയുടെ ഗാനങ്ങൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകുന്നത് അതിലെ പ്രസാദാത്മകമായ ലാവണ്യബോധത്തിന്റെ നാദചാരുതകൾകൊണ്ടായിരുന്നു. ശബ്ദത്തിന്റെ വ്യത്യസ്ത രീതിയിലുള്ള ഡൈനാമിക്സുകളിലാണ് സിത്താരഗാനങ്ങളുടെ സൗന്ദര്യസാരം. ശബ്ദം സിത്താരയിലുണ്ടാക്കുന്ന എതിരില്ലാത്ത പ്രൗഢികൾ ശ്രദ്ധേയമാണ്. ശബ്ദവിന്യാസത്തിൽ, സൗഷ്ഠവത്തിൽ, സൗമ്യകാന്തിയിൽ, താളപ്പൊരുത്തത്തിൽ, പാട്ടിലെ മൃദുലവും നിശ്ശബ്ദവുമായ ഇടങ്ങളിലെ ഇടപെടലുകളിൽ, ഇംപ്രവൈസേഷനുകളിൽ, പാട്ടിന്റെ മാത്രകളിൽ കണിശമാകുന്ന തീർമ്മകളിൽ, ശബ്ദത്തിന്റെ അനായാസ വിന്യാസദീപ്തികളിൽ... എല്ലാം പാട്ടിന് നൽകുന്ന അസുലഭ ലാവണ്യം സിത്താരയിൽ സ്പഷ്ടമാകുന്നു.
കഥാപാത്രത്തിനോടുള്ള തന്മയീഭാവത്തിന്റെ ലയം സിത്താരഗാനങ്ങളുടെ സവിശേഷതയാണ്. ശ്രുതിലയ സമന്വിതമായ സ്വാഭാവികാലാപനത്തിന്റെ സാരവത്തായ ശ്രമങ്ങളാണവ. പാട്ടിലെ ഹൃദയസ്വരങ്ങളുടെ ജ്യാമിതീയ ശോഭകളിൽ, ജതികളിൽ, രാഗലയസൂക്ഷ്മതകളിൽ, മുഗ്ദവും സാന്ദ്രവുമായ നിയന്ത്രണങ്ങളിൽ, നിശ്വാസാർദ്രമായ നിറവുകളിൽ, ലാസ്യത്തിന്റെ ലാവണ്യസൗന്ദര്യങ്ങളിൽ, ഒരു സ്വകാര്യംപോലെ സൗകുമാര്യമായിത്തീരുന്ന നേരങ്ങളിൽ, വിഷാദാർദ്രങ്ങളായ വൈകാരികതകളിൽ, ഏതു സ്ഥായിയിലും സുഭദ്രമാകുന്ന നാദസൂക്ഷ്മതകളിൽ സിത്താരയുടെ ശബ്ദം അതിന്റെ അനന്തതീരങ്ങളെ തേടുകയായിരുന്നു. കാതിലാരോ ആർദ്രമായ് പാടുന്നതുപോലെ...
'ട്രാഫിക്' എന്ന ചിത്രത്തിലെ 'പകലിൽ...' എന്ന പാട്ടായിരുന്നു സിത്താരയെ ശ്രദ്ധേയമാക്കിയ ആദ്യഗാനം. ശങ്കർ മഹാദേവന്റെ കൂടെ മല്ലു സിങ് എന്ന ചിത്രത്തിൽ പാടിയ ''റബ്ബ്... റബ്ബ്...'' എന്ന പാട്ട് സൂപ്പർ ഹിറ്റായി മാറി. എന്നാൽ, സിത്താരയുടെ പാട്ടിന് ഭംഗി കൈവരുന്നത് അതിലെ മെലഡിയുടെ ആലാപനത്തിലായിരുന്നു. 'മഴവിൽക്കാവിലെ', 'ഏതോ പാട്ടിന്നീണം', 'ഞാനാകും പൂവിൽ', 'നീമുകിലോ', 'ഇല പെയ്തുമൂടുമീ', 'പാൽനിലാവിൽ', 'കണ്ടിട്ടും കണ്ടിട്ടും', മിഴിയിൽപാതി ഞാൻ തരാം', 'കാതിലാരോ', 'തിരുവാവണിരാവ്', 'ഏത് മഴയിലും', 'കണ്ടിട്ടും കണ്ടിട്ടും', 'മാനത്തെ വെള്ളിത്തിങ്കൾ', 'രണ്ട് കണ്ണും കണ്ണും തമ്മിൽ', 'നനയുമീമഴ' -ഇങ്ങനെ എത്രയോ മെലഡികൾ.
'പൂരം കാണാൻ', 'ആയില്യം കാവും മലയും', 'ഏനുണ്ടോടീ' (സംസ്ഥാന അവാർഡ്) 'അമ്പിളിപ്പൂവുകൾ', 'കരുമാടിപ്പാടം', 'പെയ്യുന്നുണ്ടേ മിന്നുന്നുണ്ടേ', 'ഹിമബിന്ദുക്കൾ', 'നാഗരാജാവായ' (സർപ്പംപാട്ട്), 'മാരിവിൽ മായ്ണ്' 'ഒരിടത്തൊടു പുഴയുണ്ടേ', പ്രാന്തൻ കണ്ടലിൽ', 'കടുകുമണിക്കൊരു കണ്ണുണ്ട്', 'കുറുവാക്കാവിലെ', 'പൂരം കാണണം', 'ചക്കിക്കൊച്ചമ്മേ' -എന്നിങ്ങനെ നാടൻപാട്ട്, മിത്ത് എന്നിവയുടെയൊക്കെ ഫ്ലേവറുകളിൽ തീർത്ത ഗാനങ്ങൾ, 'കായലേ, കായലേ', 'നോവിന്റെ കായൽക്കരയിൽ' 'പുലരിപ്പൂപോലെ' എന്നിങ്ങനെ വിഷാദഗീതികൾ, 'മോഹമുന്തിരി' , ചിലങ്കകൾ തോൽക്കും', 'കണ്ണോട് കണ്ണിടയും', 'കാതിൽ പറയുമോ' ഇങ്ങനെയുള്ള നൃത്തഗാനങ്ങൾ, 'ജീവന്റെ ജീവനായ്', 'സ്മരണകൾ കാടായ്', ചെരാതുകൾ' പോലുള്ള ഗാനങ്ങൾ മേടസൂര്യന്റെ (ഗസൽ ശൈലി), മധുചന്ദ്രിക പോലൊരു (ഖവ്വാലി), 'അംഗനേ ചാരുശീലേ', 'സദാപാലയാ' 'പങ്കജാക്ഷര' (പരമ്പരാഗതം) എന്നിങ്ങനെ വൈവിധ്യമുള്ള ഗാനങ്ങളുടെ ഒരു നീണ്ടനിര തന്നെയുണ്ട് സിത്താരയുടെ പാട്ടുലോകത്തിൽ.
ശബ്ദത്തിന്റെ അടരുകളിൽ തീർക്കുന്ന വ്യതിയാനങ്ങളാണ് ഈ ഗായികയുടെ പാട്ടുകളുടെ മാറ്ററിയിക്കുന്നത്. 'പൊന്നിൻ കണിക്കൊന്ന', 'വാനമകലുന്നുവോ...' (സംസ്ഥാന അവാർഡ്) എന്നീ ഗാനങ്ങളിലെ മോഡുലേഷനുകൾ ശ്രദ്ധിച്ചാൽ അതറിയാം. ബഹുസ്വരതയുടെ പാട്ടുകൾ ആയിരുന്നു സിത്താരയുടേത്. ഗസൽ, സൂഫി, ഖവ്വാലി, സെമി ക്ലാസിക്കൽ, നൃത്തഗാനങ്ങൾ... അങ്ങനെ പലതിന്റെയും സമന്വയം ഈ പാട്ടുകളിൽ കാണാം. ഫോക്കും ഫ്യൂഷനും ചേർന്നുണ്ടാകുന്ന ചലച്ചിത്രഗാനങ്ങളുടെ ഒരു 'ഇടം'തന്നെയുണ്ട് സിത്താരയുടേതായി.
സ്വന്തമായി സംഗീതംചെയ്ത് പാടുന്ന നിരവധി ആൽബങ്ങൾ സിത്താരക്ക് അവകാശപ്പെട്ടതാണ്. കേരളത്തിലെ പലതരം സംഗീത ബാൻഡുകളോടൊപ്പം സഹകരിച്ച് പാട്ടുകളുടെ ഭാഗമാകാൻ സിത്താരക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. 2014ൽ സിത്താരയുടെ നേതൃത്വത്തിൽ രൂപംകൊണ്ട 'എസ് ട്രാഗാ' എന്ന സംഗീത ബാൻഡിൽനിന്ന് നിരവധി തരത്തിലുള്ള ഗാനങ്ങൾ ആസ്വാദക സമക്ഷം എത്തുകയുണ്ടായി. പെൺശബ്ദങ്ങളുടെ മികച്ച ആലപാനസാധ്യതകളെ പരിചയപ്പെടുത്തുക കൂടിയായിരുന്നു ഈ ബാൻഡിന്റെ ലക്ഷ്യം.
'പ്രോജക്ട് മലബാറിക്കസ്' എന്നപേരിലുള്ള പത്തുപേരടങ്ങുന്ന സംഗീത ബാൻഡിലെ പ്രധാന അംഗംകൂടിയാണ് സിത്താര. സമകാലിക ഫോക്കും ക്ലാസിക്കൽ പാട്ടുകളും കൂടിച്ചേർന്നുണ്ടാകാവുന്ന പുതിയതരം പരീക്ഷണങ്ങളിലാണ് ഈ സംഗീത ബാൻഡ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സിത്താരതന്നെ സംഗീതം നിർവഹിച്ചിട്ടുള്ള ഒട്ടേറെ ചലച്ചിത്രേതര ഗാനങ്ങളിൽ ഇതിനകം കേൾവിക്കാരുടെ അംഗീകാരം നേടിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖരായ സംഗീത സംവിധായകരുടെയെല്ലാം സംഗീതത്തിൽ പാടാൻ സിത്താരക്ക് അവസരം ലഭിക്കുകയുണ്ടായി. എം. ജയചന്ദ്രൻ, ബേണി ഇഗ്നേഷ്യസ്, രാജാമണി, ശരത്, പാരീസ് ചന്ദ്രൻ, അലക്സ് പോൾ, ഔസേപ്പച്ചൻ, വിദ്യാധരൻ, ഇളയരാജ, രമേഷ് നാരായണൺ, ഗോപി സുന്ദർ, ബിജിബാൽ, രതീഷ് വേഗ, മെജോ ജോസഫ്, സുഷിൻ ശ്യാം, കൈലാസ് മേനോൻ, സുദീപ് പാലനാട്, രഞ്ജിൻ രാജ്, പ്രശാന്ത് പിള്ള, അൽഫോൺസ് ജോസഫ്, വിശ്വജിത്, ഹിഷാം അബ്ദുൽവഹാബ്, ആനന്ദ് മധുസൂദനൻ, ഫോർമ്യൂസിക്സ്, റോണി റാഫേൽ, മിഥുൻ ജയരാജ് -അങ്ങനെ നിരവധി സംഗീതസംവിധായകർ സിത്താരക്കുവേണ്ടി പാട്ടുകളൊരുക്കി.
സ്ത്രീശബ്ദത്തിന്റെ മൃദുലതക്കപ്പുറം വേരിയേഷനുള്ള സ്ഥായികളിലേക്ക് സിത്താരയുടെ ഗാനങ്ങൾ സഞ്ചരിക്കാറുണ്ട്. എന്നാൽ, തിരിച്ചറിയപ്പെടാനുള്ള സ്വകീയമുദ്രകൾ അവയിലുണ്ടായിരുന്നു, എക്കാലവും. പാൽനിലാവിൻ പൊയ്കയിൽ എന്ന പാട്ടിന്റെ ആലാപനത്തിനാണ് ഇത്തവണ മൂന്നാമത്തെ സംസ്ഥാന പുരസ്കാരം സിത്താരയെ തേടിവരുന്നത്. സിത്താരയുടെ ഗാനങ്ങളിൽ നിറയുന്ന അടയാളമുദ്രകൾ വരുംകാലത്തെ പുതുമുഖ ഗായികമാർക്ക് പ്രചോദനമായിത്തീരുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.