'നീ നല്ലൊരു കേസില്ലാ വക്കീൽ ആകട്ടെ' -ദേവരാജൻ മാസ്റ്ററുടെ അനുഗ്രഹം സംഭവിച്ചെന്ന് ഗായകൻ സുദീപ് കുമാർ
text_fields2000 ഡിസംബറിലാണ്. വക്കീലായി എൻറോൾ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് ഗുരുവായ ദേവരാജൻ മാസ്റ്ററെ കണ്ട് അനുഗ്രഹം വാങ്ങാൻ തിരുവനന്തപുരം കരമനയിലെ വീട്ടിൽ ചെന്നു ഗായകൻ സുദീപ് കുമാർ. 'മാസ്റ്റർ... ഇരുപതാം തീയതി ഞാൻ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യുകയാണ്. എറണാകുളത്ത് വെച്ചാണ് ചടങ്ങ്'-സുദീപ് പറഞ്ഞപ്പോൾ ഏതാനും നിമിഷത്തേക്ക് മറുപടിയൊന്നുമുണ്ടായില്ല മാസ്റ്ററിൽ നിന്ന്. പിന്നീട് അദ്ദേഹം ചോദിച്ചു -'അപ്പോൾ എന്താ നിന്‍റെ ഭാവി പരിപാടി? പാട്ടുകാരൻ ആവാനാണോ അതോ വക്കീൽ ആവാനാണോ തീരുമാനം?'.
സുദീപിന് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. 'എനിക്ക് പാട്ടുകാരനാകാനാണ് ആഗ്രഹം. നിയമം പഠിച്ചതുകൊണ്ട് എൻറോൾ ചെയ്യുന്നു എന്നേയുള്ളൂ'. മാസ്റ്ററുടെ മറുപടിയും ഒട്ടും വൈകിയില്ല. സുദീപിന്‍റെ തലയിൽ കൈവെച്ചു കൊണ്ട് മാസ്റ്റർ പറഞ്ഞു - 'എങ്കിൽ, നീ എന്നും നല്ലൊരു കേസില്ലാ വക്കീൽ ആയിരിക്കട്ടെ'. അത് അങ്ങനെതന്നെ സംഭവിച്ചെന്ന് പറയുന്നു സുദീപ് കുമാർ. വക്കീൽ ആയി എൻറോൾ ചെയ്തിട്ട് 20 വർഷം തികയുന്ന വേളയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുദീപ് കുമാർ ഈ 'അനുഗ്രഹ നിമിഷം' ഓർത്തെടുത്തത്. താൻ ശരിക്കും ഒരു 'കേസില്ലാ വക്കീൽ' ആയെന്ന് പറഞ്ഞ സുദീപ് കുമാർ ഇനിയും അങ്ങനെ തന്നെ ആയിരിയ്ക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അതിന്‍റെ കാരണവും സുദീപ് പറയുന്നുണ്ട് - 'എന്നെ അനുഗ്രഹിച്ചത് മറ്റാരുമല്ല, ക്രാന്തദർശിയായ സംഗീത ചക്രവർത്തിയാണ്'.
2000 ഡിസംബർ 20നാണ് സുദീപ് വക്കീൽ ആയി എൻറോൾ ചെയ്തത്. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈകോടതിയിലെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.കെ. ഉഷയിൽ നിന്നാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. നിയമം പഠിക്കണം, അഭിഭാഷകനാവണം എന്നൊന്നുമുള്ള അദമ്യമായ ആഗ്രഹം കൊണ്ടല്ല താൻ ലോ കോളജിൽ എത്തിയതെന്ന് സുദീപ് പറയുന്നു. സംഗീതരംഗത്തെ മികച്ച അവസരങ്ങൾക്ക് താരതമ്യേന സാധ്യത കുറവായ ആലപ്പുഴ പട്ടണത്തിൽ നിന്നും തലസ്ഥാനനഗരിയിലേക്ക് ഭാഗ്യാന്വേഷികളിലൊരാളായുള്ള പറിച്ചുനടൽ ആയിരുന്നു അത്.
നിയമകലാലയത്തിലെ ആദ്യ ദിവസം തന്നെ പി. ഉണ്ണികൃഷ്ണന്‍റെ സംഗീതകച്ചേരി ആസ്വദിക്കാനായതും നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനെ പരിചയപ്പെട്ടതുമെല്ലാം സുദീപ് കുറിപ്പിൽ വിവരിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം വായിക്കാം-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.