മടിയിൽ മഞ്ജുവിപഞ്ചിക
text_fieldsസ്മൃതിമീട്ടുന്ന മൺവിപഞ്ചികളുടെ സമാഹാരമാണ് ഒ.എൻ.വി.യുടെ ഗാനങ്ങൾ. വീണയും വിപഞ്ചികയും ഏകതാരയും എല്ലാം ആ ഗാനങ്ങളിൽ നാദമുതിർക്കുന്നു
സ്വയം പാട്ടുകാരനായും കവിതയെ ഗാനമായും കണ്ട കവിയാണ് ഒ.എൻ.വി. ഒ.എൻ.വിപ്പാട്ടിലെ സ്ഥിരാങ്കങ്ങളായി കാണാവുന്ന സംഗീതബിംബങ്ങൾ അനവധിയാണ്. എന്നാൽ, അതിലുമപ്പുറം ഉപകരണ സംഗീതത്തിന്റെ വലിയൊരു വേദിക അദ്ദേഹം തന്റെ ഗാനങ്ങളിൽ ഒരുക്കിവെച്ചു. സംഗീതത്തിന്റെ ശ്രാവ്യബിംബങ്ങൾ അതിൽ നന്നായി തെളിഞ്ഞുകാണാനാവും. സംഗീത ഉപകരണങ്ങൾ ഓരോന്നും തന്നെ കവിയുടെ ഹൃദയമെന്നപോൽ പ്രത്യക്ഷമാവുന്നു. പലതരം വാദ്യങ്ങൾ ചേർന്നു സ്പന്ദിക്കുന്ന ഗാനമായിരുന്നു ഒ.എൻ.വിയുടേത്. കവിയുടെ ഗായക സ്വരൂപത്തിന്റെ വാദ്യമുദ്രകൾ പല പാട്ടുകളിലും ദൃശ്യമാണ്. വാക്കും വാദ്യവും ഗാനവുമൊന്നിക്കുന്നതിന്റെ ഉദാഹരണങ്ങൾ എത്രയേറെ വേണമെങ്കിലും കാണാമവയിൽ.
തന്ത്രീലയ സമന്വിതമായ ഗാനാനുഭവങ്ങളിൽ പ്രേമഭാവനയുടെ മീട്ടലുകൾ കേൾക്കാനാവുന്നു. വാദ്യം മീട്ടലും തന്ത്രിവാദനവുമെല്ലാം ഒ.എൻ.വിപ്പാട്ടുകളിലെ പ്രണയമൊഴികളെ കൂടുതൽ പ്രൗഢമാക്കുന്നു. ഇരുപുറവും ജനിമൃതികൾ, അവയുടെ ഇടയിലൊരുത്സവമേള, ഒരു ഗാനോത്സവമേള എന്ന് ജീവിതത്തെ ഒ.എൻ.വി ഒരു പാട്ടിലെഴുതി. ഈ ഗാനോത്സവവേളയിൽ എത്രതരം സംഗീതോപകരണങ്ങളുടെ മേളനമാണ്. സ്മൃതിമീട്ടുന്ന മൺവിപഞ്ചികളുടെ സമാഹാരമാണ് ഒ.എൻ.വി.യുടെ ഗാനങ്ങൾ. വീണയും വിപഞ്ചികയും ഏകതാരയും എല്ലാം ആ ഗാനങ്ങളിൽ നാദമുതിർക്കുന്നു.
‘‘എല്ലാവർക്കും നല്ലനാൾ വരണേ’’ എന്ന് മൂളുന്ന പുള്ളോന്റെ വീണയുമുണ്ടായിരുന്നു ഒ.എൻ.വിയുടെ ഗാനങ്ങളിൽ. ആ ഗാനങ്ങളിൽ എപ്പോഴും പാടിക്കൊണ്ടിരിക്കുകയായിരുന്നു മഞ്ജുവിപഞ്ചികകൾ. മഴയുടെ തന്ത്രികൾ മീട്ടി മധുരമായി പാടുന്ന വിപഞ്ചികയായിരുന്നു ഒ.എൻ.വിപ്പാട്ടിലെ ആകാശം. ആയിരം തന്തികൾ മീട്ടുന്ന സന്ധ്യയും മണിവീണയെപ്പോലെയുള്ള സാഗരവും ആ ഗാനങ്ങളിൽ അപാരതയോട് സല്ലപിക്കുന്നുണ്ടായിരുന്നു. ഏകതാരയിൽ തൊട്ടുണർന്ന രാഗത്തിനെ അനുരാഗമെന്ന് വിളിച്ചു കവി.
ഏകതാരമീട്ടിടുന്ന രാഗധാരയാകുന്നുണ്ട് ഒ.എൻ.വിയുടെ ഗാനം. ‘‘ദേവി നീയെൻ വീണാനാദം’’ എന്നാണ് പ്രണയിനിയെ നായകൻ സംബോധന ചെയ്യുന്നത്. ഏകതാരയിൽ ഒന്നിളവേൽക്കുവാൻ സംഗീതത്തെ ക്ഷണിക്കുന്നുണ്ട്, കവി. ‘‘ശ്രീരാഗമോ തേടുന്നു നീയീ വീണതൻ പൊൻ തന്ത്രിയിൽ’’ എന്ന് പ്രണയിനിയോട് ഒരാൾ സന്ദേഹമുരുവിടുന്നുണ്ട്. പാടുവാൻ മറന്നുപോയ ഏകതാരയാണ് താനെന്ന് പാട്ടിലൊരാൾ വേദനിക്കുന്നു. നെഞ്ചിലെ വീണയാക്കി പാടുന്ന ഒരു പ്രണയിയുണ്ടായിരുന്നു ഒ.എൻ.വിയുടെ പാട്ടിൽ.
വിപഞ്ചികൾ പാടുകയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളിൽ. പരസ്പരം വിപഞ്ചികളായി കാണുവാനായിരുന്നു ഒ.എൻ.വിപ്പാട്ടിലെ ഇരുപ്രണയികൾക്കും ഇഷ്ടം. പ്രപഞ്ചത്തെതന്നെയൊരു വീണയായി കണ്ടു കവി. വീണ പാടുമീണമായി മാറുവാൻ കൊതിക്കുന്ന ഒരാൾ ഉണ്ടായിരുന്നു എക്കാലത്തും ആ ഗാനങ്ങളിൽ. ഉടൽ വീണയാക്കി ഉയിർ ഗാനമാക്കി ജീവിക്കാനായിരുന്നു കവിയുടെ മോഹം. വിശ്വഹൃദയത്തെ ശതതന്ത്രിയായൊരു മാണിക്യവീണയെന്ന് അദ്ദേഹം ഉള്ളിൽ നിനക്കുകയുണ്ടായി. ‘മാണിക്യവീണ’ എന്നാണ് ഒ.എൻ.വി, അദ്ദേഹത്തിന്റെ ഗാനസമാഹാരത്തിന് പേരിട്ടത്.
വിപഞ്ചികൾ മാത്രമല്ല ഒ.എൻ.വിയുടെ പാട്ടുകളിൽ സംഗീതമുണർത്തുന്നത്. പുല്ലാങ്കുഴലാണ് നീയെങ്കിൽ ഞാനതിനുള്ളിലെ മോഹനരാഗം എന്ന് പാടുന്ന ഒരു കാമുകൻ അദ്ദേഹത്തിന്റെ പാട്ടിലുണ്ടായിരുന്നു. സുഷിരവാദ്യത്തിന്റെ നാദങ്ങൾ ഒ.എൻ.വിപ്പാട്ടുകളിൽ നിറഞ്ഞുകൊണ്ടിരുന്നു. മിഴിപൂട്ടി മറഞ്ഞിരുന്നു മുളരികയൂതുന്ന ഒരു പാട്ടുകാരൻ ആ ഗാനങ്ങളിലുണ്ടായിരുന്നു. മുളന്തണ്ടിന്റെ പാട്ടുകേട്ട് ആ പാട്ടുകാരനെ തേടിവന്ന ഒരാളുമുണ്ടായിരുന്നു. വേണുവൂതുന്ന ആ കാമുകൻ ‘‘ഈ മുരളികയൂതി ഇനിയും ഈ വഴിയണയും ഞാൻ’’ എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. പ്രിയതരമായൊരു മുരളിക അങ്ങനെ പാടിക്കൊണ്ടിരുന്നു ഒ.എൻ.വിയുടെ ഗാനങ്ങളിൽ. അതേ സമയം ശ്രുതിയിഴ പാകിയ ഒരു തരളതംബുരു നാദമുതിർക്കുന്നുണ്ടായിരുന്നു ആ പാട്ടുകളിൽ. കിന്നരമണിത്തംബുരു മീട്ടി നിൽക്കുന്ന ഒരാകാശം കവിയുടെ കാൽപനിക വാഴ്വിനെ എപ്പോഴും തലോടിനിന്നു.
രാഗലോലമാമൊരു തംബുരുപോലെയാണ് സ്നേഹമാനസമെന്ന് കവി എപ്പോഴും വിശ്വസിച്ചു. തളിരംഗുലികൾ തൊടുമ്പോൾ കുളിർചൂടുന്ന ഒരു തംബുരു ഉണ്ടായിരുന്നു ഒ.എൻ.വിയുടെ പാട്ടിൽ. കന്യകക്കായ് പാടാനുള്ള ഒരു കിന്നരമണിത്തംബുരുവായിരുന്നു. പ്രണയിനിയുടെ പേര് വിളിക്കുന്ന ഒരു ഗിത്താർ ഉണ്ടായിരുന്നു ഒ.എൻ.വിപ്പാട്ടിൽ. ഗിത്താറിൻ തന്തികൾ തഴുകിത്തഴുകി പാട്ടുകൾതൻ പാട്ട് പാടി വരാൻ പ്രണയിനിയെ കൂട്ടുവിളിക്കുന്നൊരാൾ ഉണ്ടായിരുന്നു.
‘‘നിന്നെ ഞാൻ സ്നേഹിക്കുന്നു’’ എന്ന സ്പന്ദിതമായ മന്ത്രം ഗിത്താർ തന്ത്രികളിൽ പകരുമ്പോഴാണ് കവി മനസ്സിൽ പ്രണയമുദിക്കുന്നത്. ‘‘രണ്ടു മൺവീണയല്ലീനാം ഒരേ ബന്ധുരസ്നേഹ സംഗീതം’’ എന്ന വരിയിൽ നിറയുന്ന പ്രണയത്തെ എന്ത് വിളിക്കാനാണ്? ‘‘ഇവിടെ നിലക്കുകയല്ലോ ഞാനെൻ ഹൃദയവിപഞ്ചികയുമായ്, ഏതോ രാഗം മീട്ടുകയായ്’’ എന്ന് കവി തന്റെ പാട്ടിൽ പ്രേമസംഗീതമുണർത്തുന്നു. ഇങ്ങനെ വീണയും വിപഞ്ചികയും ഏകതാരയും മുരളികയും ഗിത്താറും സിത്താറും കിന്നരവും തംബുരുവും തകിലും നാദസ്വരവും ഷെഹ്നായിയും എല്ലാം അകമ്പടിചേരുന്ന വരികളുടെ നാദപ്രപഞ്ചമാണ് ഒ.എൻ.വിയുടേത്. ആ പാട്ടുകളിലെ ചൈത്രവിപഞ്ചികയിലെന്നുമുണ്ടായിരുന്നു ചേതോഹരമായ പല്ലവികൾ.
‘‘ഭൂമിതൻ സംഗീതം നീ’’ എന്ന് പ്രണയിനിയെ സംബോധന ചെയ്ത കവിയുടെ പാട്ടുകളിൽ സംഗീതോപകരണങ്ങൾ അവയുടെ ശബ്ദവ്യവഹാരങ്ങളുടെ ഹൃദയോത്സവങ്ങൾ തീർക്കുന്നു. പാട്ടിന് സ്വരവൈവിധ്യങ്ങൾ നൽകുന്നു. ശബ്ദനിർഭരമായ ഒരു ഭാവഗീതാത്മകത പാട്ടുകളിൽ നിലനിർത്തുവാൻ ഈ സംഗീതോപകരണങ്ങളുടെ സാന്നിധ്യത്തിൽ കഴിയുന്നു. മൗനത്തിന്റെ ഒരു മഹാകുലംതന്നെ പാട്ടിലൊരുക്കുവാൻ ഇവ സഹായിക്കുന്നു.
ഐന്ദ്രിയാനുഭൂതിയുടെ പ്രപഞ്ചത്തെ പ്രാപിക്കുവാനുള്ള അലൗകികമായ ഒരു ഇച്ഛയുടെ മറുസ്വരങ്ങളാണ് ഈ സംഗീതോപകരണങ്ങൾ പ്രദാനംചെയ്യുന്നത്. ആത്മാവിൽ മുട്ടിവിളിച്ചതുപോലെ അവയെല്ലാം പലപ്പോഴും നിശ്ശബ്ദതയുടെ ആഴമളക്കുന്നു. ഒരു ഗായകന്റെ കലാധർമങ്ങൾ വിശദീകരിക്കുന്നതുപോലെ പലപ്പോഴും ഒ.എൻ.വി ഈ സവിശേഷ സംഗീതോപകരണങ്ങളെ പാട്ടിൽ (വരിയിൽ) സംവിധാനം ചെയ്യുന്നു. സംഗീതോപകരണങ്ങളുടെ സ്വരവിന്യാസമായും പ്രപഞ്ചവാഴ്വായും മധുരമായ് പാടിവിളിക്കുന്ന തന്ത്രീവാദനമായുമൊക്കെ ഒ.എൻ.വി തന്റെ പാട്ടിനെ നിർവചിക്കുന്നു.
ജീവിതത്തിന്റെ പുരാതനവാദ്യം മീട്ടിനിൽക്കുന്ന ഗായകനെപ്പോലെയാണ് ഇവിടെ കവി. ഭൂമിയിലെ വാഴ്വിന്റെ സാക്ഷാത്കാര ധന്യതകളെ ഒ.എൻ.വിപ്പാട്ടിന്റെ വസന്ത ഋതുവിൽ നാം കണ്ടുമുട്ടുന്നു. ജീവിതഗായകന്റെ തംബുരുവും കാമുകന്റെ ഏകതാരയും എല്ലാം പാട്ടിലെ നാദപാരമ്യമായ ഏകാന്ത മൗനത്തിലേക്ക് സംഗീതം പകരുന്നു. നാദസംഗീതത്തിന്റെ ഒരു വാങ്മയ ഭൂപടം ഒ.എൻ.വിപ്പാട്ടുകളിൽ അനായാസേന നിവരുന്നു. പാട്ടിൽ അദ്ദേഹത്തിന്റെ വരികളൊരുക്കുന്ന സ്വർഗീയമായൊരു നാദസൗന്ദര്യ പ്രപഞ്ചത്തിനെ ധന്യമാകുന്നത് അവയിലെ മീട്ടിയെടുക്കാവുന്ന വാക്കിന്റെ തന്ത്രീലയമാണ്. സ്നേഹത്തെയും ദുഃഖത്തെയും പാട്ടിൽ അദ്ദേഹം മീട്ടിയെടുക്കുന്നു.
‘‘കാതരേ, നിന്റെ മൺവീണയിലീ പ്രണയാതുരമാം രാഗമാർക്കുവേണ്ടി’’ എന്ന് ഒരു പാട്ടിൽ കവി എഴുതിയത് അതുകൊണ്ടാണ്. പാട്ടിൽ, ഗായകൻ എന്ന ഉത്കൃഷ്ട ബിംബത്തോടൊപ്പം സംഗീതോപകരണങ്ങളുടെ മൗലിക മുദ്രകൾകൂടി അദ്ദേഹം ചേർത്തുവെച്ചു. പാട്ടിന്റെയും കവിതയുടെയും വാദ്യം മീട്ടലിന്റെയുമൊക്കെ ഉന്നം മനുഷ്യസ്നേഹത്തെ വാഴ്ത്തലാണെന്ന് കവി സ്വയം തിരിച്ചറിയുന്നുണ്ട്. ഒ.എൻ.വിപ്പാട്ടിലെ കാൽപനിക മുദ്രകൾ സംഗീതവും അതിന്റെ പ്രയുക്തതയുമാണെന്ന് തിരിച്ചറിയാൻ പ്രയാസമില്ല. പാട്ടിന്റെ വരികളെഴുതുമ്പോൾ കവി ഒരേ സമയം എഴുത്തുകാരനും പാട്ടുകാരനും വാദ്യജ്ഞനുമൊക്കെയായിത്തിരുന്നു. ഏറ്റവുമൊടുവിൽ അദ്ദേഹം സിനിമക്കുവേണ്ടി എഴുതിയ പാട്ടിലും ഈ സമന്വയഭാവങ്ങൾ ഒന്നിക്കുന്നു.
‘‘പരസ്പരലയമല്ലീ ജീവിതം, തംബുരവും ഇടക്കയും തമ്മിലൊരു മധുരലയം.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.