തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ ഇനി ഓര്‍മ
text_fieldsവാഷിങ്ടണ്‍: ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉസ്താദിന്‍റെ മരണം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. സാൻഫ്രാൻസിസ്‌കോയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് 73ാം വയസിൽ അന്ത്യം. എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അഭ്യർത്ഥിച്ചിരുന്നു.
പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് അല്ലാരഖ ഖാന്റെ മൂത്ത മകനായി 1951 മാർച്ച് ഒമ്പതിന് മുംബൈയിലാണ് സാക്കിർ ഹുസൈന്റെ ജനനം. പിതാവ് തന്നെയാണ് സംഗീതം പഠിപ്പിച്ചത്. 12ാം വയസ്സിലാണ് അദ്ദേഹം ആദ്യ സംഗീത കച്ചേരി അവതരിപ്പിക്കുന്നത്. ആദ്യ ആൽബം ലിവിങ് ഇൻ ദ മെറ്റീരിയൽ വേൾഡ് 1973 ലാണ് പുറത്തിറക്കുന്നത്.
ധോൽ, ധോലക്, ഖോ, ദുഗ്ഗി, നാൽ തുടങ്ങിയ സംഗീതോപകരണങ്ങളും അതീവ ഹൃദ്യമായി അദ്ദേഹം വായിച്ചിരുന്നു. 1988ൽ രാജ്യം പത്മശ്രീ പുരസ്കാരവും 2002ൽ പത്മഭൂഷണും 2023ൽ പത്മവിഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. നാല് ഗ്രാമി അവാർഡുകളും ഏഴ് നാമനിർദേശങ്ങളും ലഭിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി ഫെലോഷിപ്, ഭാരത സർക്കാറിന്റെ രത്ന സദസ്യ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
മിക്കി ഹാർട്ടുമായി ചേർന്ന് പുറത്തിറക്കിയ പ്ലാനറ്റ് ഡ്രം എന്ന സംഗീത ആൽബം ഏറെ ശ്രദ്ധനേടി. മിക്കി ഹാർട്ട്, ജിയോവാനി ഹിഡാൽഗോ എന്നിവരുമായി സഹകരിച്ചുള്ള ഗ്ലോബൽ ഡ്രം പ്രോജക്റ്റ് സമകാലിക ലോക സംഗീത ആൽബം വിഭാഗത്തിൽ സാക്കിർ ഹുസൈന് ഗ്രാമി നേടിക്കൊടുത്തു. നിരവധി സിനിമകൾക്ക് അദ്ദേഹം തബലയിൽ സൗണ്ട് ട്രാക്ക് നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര ജാസ് ദിനാചരണത്തോടനുബന്ധിച്ച് 2016ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ലോകത്തിലെ പ്രശസ്ത സംഗീതജ്ഞരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചപ്പോൾ അതിലൊരാൾ സാക്കിർ ഹുസൈനായിരുന്നു.
‘സാക്കിർ ഹുസൈൻ: എ ലൈഫ് ഇൻ മ്യൂസിക്’ എന്ന പേരിൽ അദ്ദേഹത്തിന്റെ 15 അഭിമുഖങ്ങൾ ഉൾപ്പെടുത്തി നസ്റീൻ മുന്നി കബീർ പുസ്തകം രചിച്ചിട്ടുണ്ട്. കഥക് നർത്തകിയായ അന്റോണിയ മിനകോളയെ വിവാഹം ചെയ്തു. അനീസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നീ രണ്ട് പെൺമക്കളുണ്ട്.
പെർക്യൂഷനിസ്റ്റ് തൗഫീഖ് ഖുറേഷി, തബല വാദകൻ ഫസൽ ഖുറേഷി എന്നിവർ സഹോദരങ്ങളാണ്. ഖുർഷിദ് എന്ന സഹോദരിയുണ്ട്. ബിൽഖീസ് എന്ന സഹോദരി സാക്കിർ ഹുസൈന്റെ ജനനത്തിന് മുമ്പും മറ്റൊരു സഹോദരി റസിയ 2000ലും മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.