തമിഴ് ഹിറ്റ് ഗാനരചയിതാക്കളായ വിവേകയും അരുൺ ഭാരതിയും ആദ്യമായി മലയാള സിനിമയിൽ
text_fieldsരജനീകാന്തിന്‍റെ സൂപ്പർ ഹിറ്റ് ചിത്രമായ 'അണ്ണാത്തെ'യിലെ 'അണ്ണാത്തെ അണ്ണാത്തെ...' എന്ന സൂപ്പർ ഡാൻസ് നമ്പറിന് വരികൾ എഴുതിയ വിവേകയും 'വാ സാമി...' എന്ന ഹിറ്റ് ഗാനം എഴുതിയ അരുൺ ഭാരതിയും ആദ്യമായി ഒരു മലയാള സിനിമക്കുവേണ്ടി ഗാനരചയിതാക്കളാകുന്നു. എം.എഫ്. ഹുസൈന്‍റെ അസോസിയേറ്റ് ആയിരുന്ന മനോജ് കെ. വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ഫ്രീസർ നമ്പർ 18' എന്ന മലയാള സിനിമയിലെ രണ്ട് തമിഴ് ഗാനങ്ങൾക്ക് വരികൾ എഴുതാനാണ് വിവേകയും അരുൺ ഭാരതിയും കൊച്ചിയിലെത്തിയത്.
1999ൽ തമിഴ് സിനിമാരംഗത്ത് ഗാനരചയിതാവായി തുടക്കം കുറിച്ച വിവേക 'എക്സ്ക്യൂസ്മീ മിസ്റ്റർ കന്തസാമി', 'എൻ പേരു മീനാകുമാരി', 'ജുംഗുനുമണി', 'ഡാഡി മമ്മി വീട്ടിലില്ല' തുടങ്ങി നിരവധി ഹിറ്റുകളടക്കം 2500ൽപരം തമിഴ് ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുണ്ട്. 'നാഗ നാഗ', 'മീശ വെച്ച വേട്ടക്കാരൻ' തുടങ്ങി നിരവധി പവർ പാക്ഡ് ഗാനങ്ങളിലൂടെ തമിഴ് സിനിമാലോകത്ത് തനതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള പ്രതിഭയാണ് അരുൺ ഭാരതി. കേരള സിലബസിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് അരുൺ ഭാരതിയുടെ കവിതയായ 'ഈമ കലയം' പാഠ്യവിഷയമാണ്.
'ഫ്രീസർ നമ്പർ 18'ൽ പ്രത്യാശ പ്രമേയമാക്കി സന്ദേശ് പീറ്റർ ചിട്ടപ്പെടുത്തിയ ഒരു ചടുലഗാനത്തിനാണ് വിവേക വരികൾ എഴുതിയിട്ടുള്ളത്. ശങ്കർ മഹാദേവനും സിത്താര കൃഷ്ണകുമാറുമാണ് ഈ ഗാനം ആലപിക്കുന്നത്. ഒരു വിദ്യാർഥി സമരത്തിന്‍റെ പശ്ചാത്തലത്തിൽ പി.കെ. സുനിൽകുമാർ സംഗീത സംവിധാനം ചെയ്തിട്ടുള്ള ഒരു പവർ പാക്ഡ് ഗാനത്തിനാണ് അരുൺ ഭാരതി വരികൾ എഴുതിയിരിക്കുന്നത്. ഈ ഗാനം ആലപിക്കുന്നത് ഹരിചരണും എം.വി മഹാലിംഗവും ജ്യോത്സ്നയും ചേർന്നാണ്. ഷാസ് എന്റർടെയ്ൻമെന്റ്സ്, ഇന്ത്യ എലമെന്റ്സ് എന്നിവയുമായി സഹകരിച്ച് സി.പി. ഷഫ്റീൻ നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് ഗാനങ്ങളാണുള്ളത്. മൂന്നാമത്തെ മലയാളഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സുനിൽകുമാർ തന്നെയാണ്. ഈ ഗാനത്തിന്‍റെ രചയിതാവിനെയും ഗായകരെയും ഇനിയും തീരുമാനിച്ചിട്ടില്ല.
ഇപ്പോഴാണ് അരങ്ങേറ്റം കുറിക്കുന്നതെങ്കിലും മലയാള സിനിമകൾ ധാരാളം കാണുന്നവരാണ് വിവേകയും അരുൺ ഭാരതിയും. കഥക്കും കവിതക്കും പ്രാധാന്യം നൽകുന്ന സിനിമകളാണ് മലയാളത്തിൽ ഉള്ളതെന്ന് രണ്ടുപേരും ഒരേ സ്വരത്തിൽ പറയുന്നു. 'ഫ്രീസർ നമ്പർ 18' എന്ന സിനിമയുടെ കഥയും ഗാനസന്ദർഭവും സംവിധായകൻ ഫോണിൽ പറഞ്ഞപ്പോൾ മലയാള സിനിമയിലേക്കുള്ള തങ്ങളുടെ അരങ്ങേറ്റം ഈ സിനിമയിലൂടെയാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നും ഇരുവരും പറഞ്ഞു. 2022 മാർച്ച് പകുതിയോടെ പാലക്കാട്, കോയമ്പത്തൂർ പരിസരങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്ന മിസ്റ്ററി-ത്രില്ലർ ചിത്രത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്ന് നിർമ്മാതാവായ ഷഫ്റീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.