ആയിഷ പാടുമ്പോൾ പെയ്യുന്ന വെളിച്ചങ്ങൾ...
text_fieldsഹസ്ബീ റബ്ബീ ജല്ലല്ലാഹ്... മാഫീ ഖൽബീ ഗൈറുല്ലാഹ്... താരാട്ടുപാട്ടിന്റെ ഈണം വിട്ട് ആയിഷ അബ്ദുൽ ബാസിത്ത് ഇത് പാടിയപ്പോൾ യൂടൂബിൽ മാത്രം ശ്രവിച്ചത് എട്ടുകോടി പേരാണ്. കുട്ടിത്തം മാറാത്ത ശബ്ദത്തിലെ ഈ മാഹിക്കാരിയുടെ പാട്ടുകൾ അതിരുകളറിയാതെ പറക്കുന്ന ദേശാടനക്കിളികളെ പോലെയോ ആരിലേക്കെന്നില്ലാതെ പെയ്തിറങ്ങുന്ന മഴ പോലെയോ ആണ്. മണ്ണിലും മനസ്സിലും സ്നേഹത്തലോടൽ സമ്മാനിക്കുന്ന, നന്മയുടെ വെളിച്ചം ചിതറുന്ന ഈ മിടുക്കിയുടെ പാട്ടുകൾ ലോകം മുഴുവൻ സ്വീകരിക്കപ്പെടുകയാണിപ്പോൾ. മലയാളമെന്തെന്നറിയാത്ത വിവിധ ദേശക്കാരും ഭാഷക്കാരും അബൂദബിയിൽ താമസിക്കുന്ന ഈ മലയാളി പെൺകുട്ടിയെ ഇന്ന് അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിരുകൾ പരിഗണിക്കാത്ത സംഗീതത്തോട് സ്നേഹം കൂടിയതിനാലാവണം, ഇപ്പോൾ പാടുന്നതൊക്കെയും വൈവിധ്യങ്ങളുള്ള ഭാഷകളാണ്. അറബിയും ഉർദുവും നേരേത്തതന്നെ പാടിത്തെളിയിച്ച ആയിഷ, തുർക്കിഷ്, ഇന്തോനേഷ്യൻ, ചെച്നിയൻ, പഞ്ചാബി, തമിഴ് ഭാഷകളിലും കൈവെച്ചു.
പുതിയ ഭാഷകളിൽ പാടാൻ വേഗത്തിലും അനായാസവും കഴിയുന്ന അസാധാരണ പ്രതിഭയാണ് താനെന്ന് തെളിയിച്ചിട്ടുണ്ട് ഈ പതിനൊന്നാം ക്ലാസുകാരി. കേരളീയരേക്കാൾ പുറംലോകത്ത് ആരാധകരുള്ള പുതുകാല സോഷ്യൽ മീഡിയ സംഗീതതാരങ്ങളിൽ ഒന്നാമതാണ്. വിശ്വവിഖ്യാത ബ്രിട്ടീഷ് സംഗീതജ്ഞൻ സമി യൂസുഫിെൻറ കമ്പനിക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ദുബൈയിൽ ഒരു പരിപാടിക്കിടെ തന്നെ കാണാനെത്തിയ ആയിഷയെ ആൾക്കൂട്ടത്തിനിടയിൽവെച്ച് സമി യൂസുഫ് പേരെടുത്ത് വിളിക്കുകയും സ്റ്റേജിൽ വിളിച്ച് സദസ്സിന് പരിചയപ്പെടുത്തുകയുമായിരുന്നു. തെൻറ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനമായാണ് 'ഉസ്താദി'നെ കണ്ട ദിവസത്തെ ഈ മിടുക്കി ഓർമിക്കുന്നത്.
പാട്ട് പാരമ്പര്യമായി കിട്ടിയതാണോ എന്ന ചോദ്യത്തിന് ആയിഷയുടെ മറുപടി അതെ എന്നാണ്. പക്ഷേ അത് വലിയ സംഗീത കുടുംബത്തിൽ പിറന്നുകൊണ്ടല്ല. മറിച്ച് തൊട്ടിലിൽ കിടത്തി പാടിയുറക്കിയ ഉമ്മ തസ്നീമിൽ നിന്നാണ്. കണ്ണാലല്ല അകക്കണ്ണിെൻറ വെളിച്ചം കൊണ്ടേ കാണാവൂ..., ലബ് പെ ആതീഹെ ദുആ... എന്നിങ്ങനെയുള്ള പാട്ടുകളാണ് മൂന്നാം വയസ്സിൽ പാടിത്തുടങ്ങിയത്. ഇത് ഫോണിൽ പകർത്തി ഉപ്പ അബ്ദുൽ ബാസിത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി പേർ അഭിനന്ദനം ചെരിഞ്ഞു. പിന്നീട് ശ്രദ്ധിക്കപ്പെടാൻ അധികകാലം വേണ്ടിവന്നില്ല. ഫോട്ടോഗ്രഫിയോട് കമ്പമുള്ള ഉപ്പതന്നെയാണ് വിഡിയോകളൊക്കെ പകർത്തുന്നത്. കുഞ്ഞുശബ്ദത്തെ സ്േനഹിക്കുന്നവർ ഏറെയുണ്ടായി. വളരുന്തോറും പുതിയ ഭാഷകളിലും സംഗീതധാരകളിലും ആയിഷ പതിയെ നടന്നുകയറി. എല്ലായിടത്തും താരപരിവേഷത്തോടെ സ്വീകരിക്കപ്പെട്ടു. ഉത്തരേന്ത്യയിലും പാകിസ്താൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, യു.എസ്, മലേഷ്യ... എന്നിങ്ങനെ കിഴക്കും പടിഞ്ഞാറും ആരാധകവൃന്ദമുണ്ടായി. സംഗീത ലോകത്ത് പുതിയ സൗഹൃദങ്ങളുണ്ടായി.
മഴയുടെ മൊഞ്ചാണ് ആയിഷക്ക് പെരുന്നാൾ
ആയിഷക്ക് പെരുന്നാൾ എന്ന് കേൾക്കുേമ്പാൾ മഴയാണ് ഓർമവരുക. ചാറ്റൽ മഴയുള്ള പെരുന്നാൾ പകലിൽ കുട്ടിക്കാലത്ത് പുതുവസ്ത്രങ്ങളും മൈലാഞ്ചിയുമിട്ട് മാഹി പള്ളൂരിലെ വീട്ടിലും അയൽവീട്ടിലും സന്തോഷിച്ച ഓർമകളാണ് മഴയെ മനസ്സിൽ പെരുന്നാളിെൻറ പര്യായമാക്കിയത്. നാട്ടിലാകുേമ്പാൾ പെരുന്നാൾ രാവിൽ കൂട്ടുകാർക്കൊപ്പം വട്ടമിട്ടിരുന്ന് മൈലാഞ്ചിയിടും. പള്ളിയിൽ നിന്ന് മടങ്ങിവന്ന് ബന്ധുവീടുകളിൽ കയറിയിറങ്ങും.
ചോക്ലേറ്റുകളും നല്ല ഭക്ഷണവും കഴിക്കും. ഗൾഫിലാകുേമ്പാൾ നാട്ടിലുള്ള അത്രയും ബന്ധുസന്ദർശനങ്ങൾ ഉണ്ടാകില്ല. എങ്കിലും കുറച്ച് സുഹൃദ്-കുടുംബ സന്ദർശനങ്ങളുണ്ടാകും. പാട്ടിൽ ശ്രദ്ധനേടിയതോടെ മിക്ക പെരുന്നാളിനും പരിപാടികളുമുണ്ടാകും. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായുള്ള പെരുന്നാളുകൾ കോവിഡ് കാരണം ആഘോഷങ്ങളും സന്ദർശനങ്ങളുമില്ലാതെ ചുരുക്കേണ്ടി വന്നതിൽ നിരാശയുണ്ട്. വീട്ടിൽതന്നെ കഴിയേണ്ടിവന്നെങ്കിലും ഓൺലൈൻ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. വരും പെരുന്നാളുകൾ പഴയകാലത്തിെൻറ ആഹ്ലാദങ്ങളോടെ തിരിച്ചുവരട്ടെ എന്ന പ്രാർഥനയിലാണ് ആയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.