ഒരേയൊരു മാർക്കോസ്
text_fields45 വര്‍ഷം നീണ്ട സംഗീതജീവിതത്തില്‍ പതിനായിരക്കണക്കിന് ഗാനങ്ങള്‍. എത്രയോ ഹിറ്റ് പാട്ടുകൾ അതിനിടയിൽ പിറന്നു. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും സിനിമാലോകത്ത് പാട്ടുമായെത്തിയപ്പോൾ ഇരുകൈയും നീട്ടി ആസ്വാദകർ അത് സ്വീകരിച്ചു. പാട്ടുജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് കെ.ജി. മാർക്കോസ്...
‘ഇസ്രായേലിന് നാഥനായി...’ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഓര്മവരുന്നൊരു മുഖമുണ്ട്... വെള്ള വസ്ത്രം ധരിച്ച് കട്ടത്താടിയുമായി നിറഞ്ഞ സദസ്സിനു മുന്നില്‍ പാടുന്ന കെ.ജി. മാര്‍ക്കോസ് എന്ന പാട്ടുകാരനെ. 45 വര്‍ഷം നീണ്ട സംഗീതജീവിതത്തില്‍ പതിനായിരക്കണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അദ്ദേഹം പാടി.
നൂറിലധികം സിനിമാ പാട്ടുകളും. ‘പൂമാനമേ...’, ‘മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ...’, ‘തലോലം പൂപൈതലേ...’ തുടങ്ങി പാടിയ പാട്ടുകളെല്ലാം ഇതാരാണ് പാടിയതെന്ന് ചോദിക്കാനാവാത്ത വിധം തന്റെ വ്യത്യസ്തമായ ആലാപനശൈലിയിലൂടെ മലയാളികളുടെ മനസ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട് മാര്‍ക്കോസ്. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം മാര്‍ക്കോസ് പിന്നണി പാടിയ ‘പ്രേമലു’ എന്ന ചിത്രത്തിലെ ‘തെലങ്കാന ബൊമ്മലു’ എന്ന പാട്ടും ആസ്വാദകര്‍ ഏറ്റെടുത്തു. തന്റെ പാട്ടുജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് കെ.ജി. മാർക്കോസ്.
15 വർഷങ്ങൾക്കുശേഷം
1981 മുതലാണ് സിനിമയില്‍ പാടാന്‍ തുടങ്ങിയത്. അന്നേ അവസരങ്ങള്‍ തേടിപ്പോകുന്ന ശീലമില്ല. കിട്ടുന്നത് പാടും എന്നേ ഉണ്ടായിരുന്നുള്ളൂ. 2005 വരെയാണ് കൂടുതലായും സിനിമയില്‍ പാടിയത്. പിന്നീട് പത്തുപതിനഞ്ച് വര്‍ഷം സിനിമയില്‍ സജീവമായില്ല. ഓര്‍ക്കാപ്പുറത്താണ് ‘പ്രേമലു’വിലേക്കുള്ള വിളി വരുന്നത്. അതിശയമായിരുന്നു എനിക്ക്. കാരണം, ഇന്നത്തെ ജനറേഷന് എന്റെ പോലുള്ള ശബ്ദം അത്ര ഇഷ്ടപ്പെടുമെന്നൊന്നും കരുതിയില്ല.
സിനിമക്കുവേണ്ടി പാടിക്കാമെന്നൊക്കെ പറഞ്ഞ് ചിലര്‍ വരാറുണ്ട്. അതുപോലെയാണ് ഇതും എന്നേ കരുതിയുള്ളൂ. മദ്രാസിലെ എന്റെ പഴയൊരു സുഹൃത്തുണ്ട്, കെ.ഡി. വിന്‍സെന്റ്. അദ്ദേഹമാണ് വിളിച്ചത്. വിന്‍സെന്റ് വിളിച്ചപ്പോഴാണ് വിശ്വാസമായത്. പാടിയത് നന്നായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞെങ്കിലും എനിക്കങ്ങോട്ട് തൃപ്തിയുണ്ടായിരുന്നില്ല. ഈ പാട്ട് സിനിമയിലുണ്ടാകുമെന്നും കരുതിയിരുന്നില്ല.
പാട്ട് പുറത്തുവന്നപ്പോള്‍ ജനം അത് ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. ‘മാര്‍ക്കോസിനെ തിരിച്ചുകൊണ്ടുവന്നതില്‍ നന്ദി’യുണ്ടെന്ന തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം. പുതിയൊരു കാല്‍വെപ്പിന്റെ തുടക്കമായിട്ടാണ് എനിക്ക് തോന്നിയത്.
‘പൂമാനമേ...’ പാടാത്ത വേദികളില്ല
1986ല്‍ ‘നിറക്കൂട്ടി’നു വേണ്ടി പാടിയ പാട്ടാണ് ‘പൂമാനമേ...’ ‘എബ്രഹാം ഓസ്ലര്’ എന്ന ചിത്രത്തില്‍ അതിന്റെ പുതിയ വേര്‍ഷനുണ്ടെന്ന് മക്കള്‍ പറഞ്ഞാണ് അറിയുന്നത്. കുഴപ്പമില്ല ആ പയ്യന് നന്നായി പാടിയിട്ടുണ്ട്. ശ്യാം സര് തന്ന പാട്ടാണത്. വര്‍ഷങ്ങള്‍ക്കുശേഷം ജനത്തിന് ആ പാട്ട് ഓര്‍ക്കാനും കാരണമായല്ലോ. ഞാന്‍ പാടിയ പാട്ടുകളെല്ലാം ജനം ശ്രദ്ധിച്ച പാട്ടുകളാണ്. ഇപ്പോഴും നമ്മളെ ഇഷ്ടപ്പെടുന്ന ആളുകളുണ്ടല്ലോ.
അതുകൊണ്ടാണല്ലോ ഞാനിപ്പോഴും വേദിയില്‍ സജീവമായി നില്‍ക്കുന്നത്. ‘പൂമാനമേ...’ ഒരുവിധം വേദികളിലൊക്കെ പാടിയിട്ടുണ്ട്. അല്ലെങ്കില്‍ പാടിക്കാറുണ്ട്. സംഗീതജീവിതത്തില്‍ 3500ലധികം സ്റ്റേജുകളിലെങ്കിലും പാടി. അതില്‍ രണ്ടായിരം വേദികളിലെങ്കിലും ‘പൂമാനമേ...’, ‘കന്നിപ്പൂമാനം...’ തുടങ്ങിയ പാട്ടുകള്‍ പാടിയിട്ടുണ്ട്. ‘ഇസ്രായേലിന് നാഥനായി...’ എന്ന പാട്ടൊക്കെ മിക്കവാറും എല്ലാ വേദികളിലും പാടുന്നതാണ്. മെലഡിയുടെ കാര്യം വരുമ്പോള്‍ ആ പാട്ടുകളൊക്കെയാണ് ആളുകള്‍ ഓര്‍ക്കാറുള്ളത്.
പുറത്തുവരാത്ത പാട്ടുകൾ
അംഗീകരിച്ചതിനെക്കാള്‍ കൂടുതല്‍ അവഗണിക്കപ്പെട്ട അനുഭവങ്ങളാണ് സിനിമയില്നിന്നുണ്ടായിട്ടുള്ളത്. പാടിയ പാട്ടുകള്‍ പലപ്പോഴും പുറത്തുവന്നില്ല. എന്നിട്ടും ഇപ്പോഴും ആളുകള്‍ കാണിക്കുന്ന സ്നേഹം കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്. അവഗണനക്കെതിരെ നമ്മളെന്തെങ്കിലും പറയുമ്പോള്‍ കൂടുതല്‍ ഒതുക്കലുകളാണ് നേരിടേണ്ടിവന്നിട്ടുള്ളത്. നമ്മളെ എങ്ങനെ താഴ്ത്തിക്കെട്ടാം എന്നു വിചാരിക്കുന്നവരാണ് ഭൂരിപക്ഷവും.
അവനത്രക്കായോ, വേണമെങ്കില്‍ വന്നു ചോദിക്കട്ടെ എന്ന രീതിയായിരുന്നു സിനിമയില്‍ പലര്‍ക്കും. ഞാനാദ്യം പാടി സഹായിച്ച ചില ആളുകള്‍പോലും ‘അവനോട് പറ ഞങ്ങളെ ഒന്നുകാണാന്‍’ എന്നു പറഞ്ഞതായി കേട്ടു. പക്ഷേ, ഇതൊന്നും കാര്യമായി എടുക്കാറില്ല. അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി കണ്ട് അങ്ങു പോകുന്നു. വയസ്സ് 65 ആയി ഇനിയെത്ര നാള് പാടും, എത്ര നാളുണ്ടാകും എന്നൊന്നും അറിയില്ല. ഉള്ളിടത്തോളം നന്നായിട്ട് പോട്ടെ എന്നു വിചാരിക്കുന്നു.
മത്സരിച്ച് കയറിയ പാട്ടുകാർ
നമ്മുടെ പിറകില്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവസരങ്ങള്‍ കിട്ടുമായിരുന്നു. ഇന്ന് മനഃപൂർവം ഒഴിവാക്കിവിടുന്ന ഒരുപാട് സ്റ്റേജുകളുണ്ട്. ആ പുള്ളി വേണ്ട എന്നു പറയുന്ന ചാനലുകളുണ്ട്. അയാളെ വിളിച്ചാല്‍ നന്നായി പാടും എന്നുപറയാന്‍ ആളുകളില്ല. അതുകൊണ്ടാണ് റിയാലിറ്റി ഷോകളില്‍ ജഡ്ജായിപോലും എന്നെ കാണാത്തത്. നല്ലരീതിയിലുള്ള ഒരു മെലഡി കേള്‍ക്കുന്നതിനെക്കാളുപരി അതിന്റെ ഏറ്റവും മോശമായ രീതിയില്‍ പാട്ടുകേള്ക്കുന്നതാണ്, അല്ലെങ്കില്‍ ഇപ്പോഴത്തെ ട്രെന്‍ഡാണെന്ന് പറഞ്ഞ് പാട്ടിനെ ആസ്വദിക്കുന്നതാണ് ഇപ്പോഴത്തെ ഒരു പ്രവണത.
അതും ഇഷ്ടപ്പെടുന്നവരുണ്ട്. പഴയ കാലം മെലഡിയുടെ കാലഘട്ടമായിരുന്നു. ദേവരാജന്‍ മാഷ്, അര്ജുനന് മാഷ്, ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ് തുടങ്ങിയ മഹാന്മാരുടെ കാലത്തുണ്ടായ പാട്ടുകളോടാണ് എനിക്ക് കൂടുതല്‍ താല്പര്യം. ഇപ്പോള്‍ പാട്ടു പാടുകയല്ലല്ലോ പറയുകയല്ലേ... കടിച്ചു പറിച്ചു പറയുകയല്ലേ.
നല്ല പാട്ട് പാട്ടുകാർക്ക് നൽകിയാലല്ലേ പാടാന്‍ പറ്റൂ. നല്ല പാട്ടുകളാരും നൽകുന്നില്ല എന്നതാണ് സത്യം. മലയാളത്തില്‍ മാത്രമേയുള്ളൂ ഈ പ്രശ്നം. അന്യഭാഷകളില്‍ ഇങ്ങനെയല്ല. മലയാളത്തില്‍ പാട്ട് കുറച്ചുപേരിലേക്ക് മാത്രമായി ഒതുക്കി നിര്‍ത്തുകയാണ്. മറ്റുള്ളവരെ വളരാന്‍ അനുവദിക്കുന്നില്ല. അത് സീനിയറായാലും പുതുതലമുറ ഗായകരായാലും കയറിവരാന്‍ ബുദ്ധിമുട്ടാണ്. നല്ല പാട്ട് നന്നായി കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ചുരുക്കമാണ്.
45 വര്‍ഷമായി ഞാനീ രംഗത്തുണ്ട്. ശബ്ദംകൊണ്ടും ആലാപനശൈലികൊണ്ടും അത്യാവശ്യം കാലിബര്‍ കാണിച്ചിട്ടുണ്ട്. പക്ഷേ, തുടക്കം മുതലേ എന്നെ ഒതുക്കാനുള്ള ഒരു വിഭാഗം രംഗത്തുണ്ടായിരുന്നു. ഒരു ആരോപണമായിട്ട് പറയുന്നതല്ല, എന്റെ അനുഭവമാണത്. കാരണം, ഒരു മത്സരത്തിന് ഞാനുണ്ടായിരുന്നില്ല. പക്ഷേ, എന്തോ മുന്നോട്ട് വരരുതെന്ന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഇന്നുമുണ്ട്.
ഇപ്പോള്‍ തന്നെ ‘പ്രേമലു’ എന്ന ചിത്രം കലക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. പക്ഷേ, അതിന്റെ ഒരു പ്രതികരണവും എനിക്ക് ലഭിക്കുന്നില്ല. അത് കണ്ടിട്ടും മിണ്ടാതിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത് സംഗീത സംവിധായകരായാലും എന്റെ സഹപ്രവര്‍ത്തകരായാലും. അതേസമയം, വേറെ ചില പാട്ടുകള്‍ വന്നപ്പോള്‍ ആഘോഷിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
ഗാനമേളയിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്തെത്തുന്നത്. 80കളിലൊക്കെ അമ്പലപ്പറമ്പുകളായിരുന്നു പ്രധാന വേദികള്‍. അവിടെ ഒരു വേദിയില്‍ ലഭിക്കുന്ന പ്രതികരണമനുസരിച്ചായിരുന്നു മറ്റു വേദികളിലും ആള് കൂടിയിരുന്നത്. ഇപ്പോള്‍ ഉത്സവപ്പറമ്പുകളിലെ ഒരു വിഭാഗം (എല്ലാവരുമാണെന്ന് പറയില്ല) ഇവിടെ ഹിന്ദുക്കൾ പാടാനുണ്ട്... പിന്നെ എന്തിനാണ് ക്രിസ്ത്യാനി പാടുന്നത് എന്ന് ചോദിക്കുന്നവരുണ്ട്.
അതെന്നോടു തന്നെ പറഞ്ഞിട്ടുണ്ട്. 82 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ എല്ലാ വര്‍ഷവും എന്റെയൊരു അയ്യപ്പ പാട്ടിന്റെ കാസറ്റ് ഇറങ്ങുമായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് വല്ലപ്പോഴുമാണ് പാട്ടു പാടാനായിട്ട് വിളിക്കുന്നത്. എനിക്കതൊരു പ്രശ്നമല്ല, കാരണം കഴിവെന്ന് പറയുന്നത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചോ മതത്തെ കേന്ദ്രീകരിച്ചോ അല്ല, അതൊക്കെ ദൈവം തരുന്നതാണ്.
പഴയ ദൂരദര്ശന് കാലം
ദൂരദര്‍ശനിലും ഓള് ഇന്ത്യ റേഡിയോയിലും ശ്രദ്ധിക്കപ്പെട്ട എന്റെ കുറച്ചു പാട്ടുകളുണ്ട്. അന്ന് ഇതുപോലെ ചാനല്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഗായകരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ ആളുകള്‍ കാത്തിരിക്കുന്ന കാലമായിരുന്നു അന്ന്. അതുകൊണ്ടായിരിക്കും ആളുകളുടെ മനസ്സില്‍ ചേക്കേറാന്‍ സാധിച്ചത്.
ഇന്നിപ്പോള്‍ പല ഗായകരെയും എഴുത്തുകാരെയും ആരും അറിയുന്നില്ല. വയലാര്‍ ദേവരാജന്‍ മാഷ്, സുശീലാമ്മ, യേശുദാസ്, ജാനകി എന്നു പറയുന്ന കാലഘട്ടം ഇന്നില്ല. അങ്ങനെയൊരു കാലഘട്ടത്തിന്റെ വാലറ്റത്തെങ്കിലും എത്താന്‍ സാധിച്ചല്ലോ എന്ന സന്തോഷമുണ്ട്.
‘ഡാലിയ പൂ ചൊരിഞ്ഞ...’ എന്ന പാട്ടൊക്കെ ദൂരദര്‍ശനിലൂടെയാണ് ജനപ്രീതി നേടിയത്. എന്നെപ്പോലുള്ള പലര്‍ക്കും ദൂരദര്ശന് നല്ലൊരു വേദിയായിരുന്നു. എന്റെ കുട്ടിക്കാലത്ത് റേഡിയോയില്‍ ചലച്ചിത്ര ഗാനങ്ങള്‍ കേള്‍ക്കാന്‍ കൊതിയോടെ കാത്തിരിക്കുമായിരുന്നു. അന്ന് ആ ഗാനം ആരാണ് എഴുതിയതെന്നും സംഗീത സംവിധായകന് ആരാണെന്നും ഏത് ഗായകനാണ്, ഗായികയാണ് പാടിയതെന്നും അറിയാമായിരുന്നു.
ഇന്നിപ്പോള്‍ എഫ്.എം ചാനലിലൊക്കെ വെറുതെ ഒരു പാട്ട് ഇടുകയാണ്. ആരാണ് പാടിയതെന്നോ എഴുതിയതൊന്നോ ഒന്നു പറയുന്നില്ല. ഇന്നത്തെ കുട്ടികള്‍ക്ക് ഇവരെക്കുറിച്ചൊന്നും അറിയില്ല. പാട്ടിനോട് പുലബന്ധം പോലുമില്ലാത്തവര്പോലും ഇന്ന് പ്രശസ്തരാണ്. സംഗീതത്തിനായി ജീവിതം മാറ്റിവെച്ച പലരും അറിയപ്പെടാതെ പോകുന്നുമുണ്ട്.
ഡോക്ടര്‍ കുടുംബത്തിലെ പാട്ടുകാരന്
ഒരു ഡോക്ടര്‍ കുടുംബമായിരുന്നു എന്റേത്. പിതാവും അദ്ദേഹത്തിന്റെ പിതാവും അമ്മാവന്മാരുമെല്ലാം ഡോക്ടര്‍മാര്‍. അടുത്ത തലമുറയിലും ഒരു ഡോക്ടര്‍ വേണമെന്ന ആഗ്രഹംകൊണ്ട് സയന്‍സില്‍ താല്പര്യമുള്ള എന്നെ ഡോക്ടറാക്കണമെന്നായിരുന്നു അപ്പന്റെ ആഗ്രഹം. എന്റെ അപ്പന്റെ അമ്മ നന്നായി പാടുമായിരുന്നു. ബ്രിട്ടീഷുകാർ ഭരിക്കുന്ന സമയമായിരുന്നു അന്ന്. സി.എസ്.ഐക്കാരുടെ പള്ളിയില്‍ ക്വയറിലുണ്ടായിരുന്നു അപ്പന്റെ അമ്മ.
ആ ഒരു പാരമ്പര്യമായിരിക്കും കൊച്ചുമകനായ എനിക്ക് കിട്ടിയത്. ചെറിയ പ്രായം മുതലേ എനിക്ക് പാട്ടില്‍ നല്ല കമ്പമായിരുന്നു. ഏഴെട്ടു വയസ്സുള്ളപ്പോള്‍ അത്യാവശ്യം നന്നായി പാടുമായിരുന്നു. അപ്പന് അന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ജോലിചെയ്തിരുന്നത്. 50-60 കാലഘട്ടം. അന്ന് ഞങ്ങളുടെ വീടിനടുത്ത് കേശവദാസപുരത്ത് സലിം തിയറ്റര്‍ എന്നൊരു തിയറ്ററുണ്ടായിരുന്നു.
തിയറ്ററില്‍നിന്നും അന്നു കേള്‍ക്കുന്ന പാട്ടുകള്‍ കേട്ട് അതിന്റെയൊപ്പം പാടുമായിരുന്നു. ചെറിയ പ്രായത്തില്‍ സുശീലാമ്മയുടെ പാട്ടുകളോടായിരുന്നു താല്പര്യം. ‘പ്രിയതമ...’ എന്ന പാട്ടൊക്കെ അതുപോലെ പാടാന്‍ ശ്രമിക്കുമായിരുന്നു. അങ്ങനെ പാട്ടു പാടിപ്പാടി പിന്നെ അതൊരു ശീലമായി. മുറിയുടെ ഏതെങ്കിലും മൂലയിലൊക്കെ പോയിരുന്ന് അര മണിക്കൂറും ഒരു മണിക്കൂറുമൊക്കെ തുടര്‍ച്ചയായി പാടുമായിരുന്നു.
അപ്പൻ പിന്നെ ആലപ്പുഴയിലേക്ക് ട്രാന്‍സ്ഫറായി, തുടര്‍ന്ന് കോട്ടയം. 72ലാണ് കൊല്ലത്ത് എത്തുന്നത്. അന്ന് ഞാന്‍ ഒമ്പതിലോ പത്തിലോ പഠിക്കുന്ന സമയമാണ്. അപ്പോഴാണ് എന്റെ വീടിന്റെ തൊട്ടടുത്ത വീട്ടില്‍ യേശുദാസ് വരുന്നത്. അന്ന് അദ്ദേഹം സിനിമയില്‍ വന്നിട്ട് പത്തു വര്‍ഷമേ ആകുന്നുള്ളൂ. അദ്ദേഹത്തിന്റെ അന്നത്തെ പാട്ടുകളൊക്കെ വലിയ ഹിറ്റായിരുന്നു. ഫോട്ടോകളില്‍ മാത്രമേ ഞാനദ്ദേഹത്തെ കണ്ടിട്ടുള്ളൂ.
അങ്ങനെ യേശുദാസിനെ കാണുന്നു. അദ്ദേഹം എന്നെ വിളിച്ചിരുത്തി രണ്ടു മൂന്നു പാട്ടു പാടിച്ചു. ‘നിന്റെ ശബ്ദമൊക്കെ കൊള്ളാം, സംഗീതം പഠിച്ചിട്ടുണ്ടോ’ എന്ന് ചോദിച്ചു. സംഗീതം പഠിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഈ രംഗത്ത് നില്ക്കണമെങ്കില് അത്യാവശ്യം കുറച്ചു സംഗീതമൊക്കെ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പിന്നെ നന്നായിട്ട് കഷ്ടപ്പെടണമെന്നും. പിന്നെ അദ്ദേഹത്തിന്റെ ഗാനമേളയൊക്കെ നേരിട്ട് കണ്ടപ്പോള്‍ ഒരു ക്രേസായി മാറി. അസ്ഥിയില്‍ പിടിക്കുക എന്നൊക്കെ പറയില്ലേ അതുപോലെ. അങ്ങനെയാണ് സംഗീതം മതി എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കിയ ഉടനെതന്നെ മ്യൂസിക്കിലേക്ക് ഇറങ്ങി.
കെ.ജി. മാര്‍ക്കോസ് ആന്‍ഡ് പാര്‍ട്ടി
1978 ആയപ്പോഴേക്കും ‘കെ.ജി. മാര്‍ക്കോസ് ആന്‍ഡ് പാര്‍ട്ടി’ എന്ന പേരില്‍ ഒരു ട്രൂപ് തുടങ്ങി. വീട്ടുകാര്‍ക്ക് ആദ്യമൊക്കെ വിഷമമായിരുന്നു. കാരണം, 30-35 രൂപയൊക്കെയേ അന്ന് ഒരു ആര്‍ട്ടിസ്റ്റിന് പേയ്മെന്റുണ്ടായിരുന്നുള്ളൂ. പിന്നെ കള്ളുകുടിച്ച് വഴിതെറ്റിപ്പോകുമോ എന്ന ഭയം. ദൈവകൃപയാല്‍ അങ്ങനെയൊന്നുമുണ്ടായില്ല. 45 വര്‍ഷമായി സംഗീത രംഗത്തുണ്ട്. ദൈവം എല്ലാം നന്നായി നടത്തി.
സംഗീതംകൊണ്ടാണ് പേരും പ്രശസ്തിയും പൈസയും എല്ലാം ഉണ്ടാക്കാന്‍ സാധിച്ചത്. അപ്പന്റെ 75ാം പിറന്നാളിന്റെയന്ന് ‘നിന്റെ കാര്യത്തില്‍ നീ മിടുക്കനായി’ എന്നൊക്കെ പിതാവ് പറഞ്ഞു. അതൊരു വലിയ സന്തോഷമാണ്. ഡോക്ടറായിരുന്നെങ്കില്‍ ഇപ്പോള്‍ റിട്ടയറായി വീട്ടിലിരുന്നേനെ. ഗായകനായതുകൊണ്ട് ഇപ്പോഴും വേദികളില്‍ സജീവമാണ്. ലോകമെമ്പാടും മലയാളികള്‍ ഉള്ളിടത്തൊക്കെ എന്നെ അറിയുന്നുണ്ട്. അവരുടെ സ്നേഹവും സന്തോഷവും കലാകാരനായതുകൊണ്ടാണ് എനിക്ക് ലഭിച്ചത്.
ഇസ്രായേലിന് നാഥനായി
1982 മുതല്‍ ഞാന്‍ ക്രിസ്തീയ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഹിന്ദുഭക്തിഗാനങ്ങളും പാടുന്നുണ്ട്. ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നുണ്ട്. 1999 നവംബര്‍ മാസത്തില്‍ ഒരുപാട് പാട്ടുകള്‍ പാടുന്ന കൂട്ടത്തില്‍ പാടിയ പാട്ടാണ് ‘ഇസ്രായേലിന് നാഥനായി...’ എന്ന ഗാനം.
ആ പാട്ടിനെ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് അതിന്റെ വിവിധ വേര്‍ഷനുകളും മറ്റു ഭാഷകളില്‍ റീമേക്കുകളും വന്നു. 23 വര്‍ഷമായി ‘ഇസ്രായേലിന് നാഥനായി...’ എന്ന ഗാനം പുറത്തിറങ്ങിയിട്ട്. ഇപ്പോഴും ജനമനസ്സുകളില്‍ ആ പാട്ടുണ്ടെന്ന് അറിയുന്നത് സന്തോഷമുള്ള കാര്യമല്ലേ.
യേശുദാസ് എന്റെ ഗുരു
കരിയറിന്റെ തുടക്കകാലത്തും ഇപ്പോഴും എനിക്കെതിരെ ഉയരുന്ന വിമര്‍ശനമാണ് യേശുദാസിനെ അനുകരിക്കുന്നു, അദ്ദേഹവുമായി പ്രശ്നമുണ്ട് എന്നൊക്കെ. സത്യത്തില്‍ എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ തമ്മില്‍ 17 വയസ്സിന്റെ വ്യത്യാസമുണ്ട്. മൂത്ത ജ്യേഷ്ഠനെപ്പോലെയോ ഗുരുസ്ഥാനത്തോ ആണ് അദ്ദേഹത്തെ ഇപ്പോഴും കാണുന്നത്. ആദ്യകാലം മുതലേ അദ്ദേഹത്തിന്റെ ചുറ്റും ഒരു പത്തുപതിനഞ്ചു പേര് എപ്പോഴും ഉണ്ടാകും.
72 മുതല്‍ കണ്ടിട്ടുണ്ട്. സ്തുതിപാഠകരുടെ വാക്കുകളില്‍ വീഴുന്ന സ്വഭാവമുണ്ട് അദ്ദേഹത്തിന്. അവരാണ് എന്തെങ്കിലും പോയി കൊളുത്തിക്കൊടുത്തിട്ട് അവനങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയും. സ്വഭാവികമായി മനുഷ്യനല്ലേ ഒന്നോ രണ്ടോ തവണ കേള്‍ക്കുമ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞോ എന്നു തോന്നിയിട്ടുണ്ടാകും. അതുകൊണ്ട് ചില സമയത്ത് ഒഫന്‍ഡഡ് ആയി വന്നിട്ടുണ്ട്.
വെള്ള വസ്ത്രത്തെക്കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. എന്റെ അപ്പനെ കണ്ടിട്ടാണ് ഞാന്‍ വെള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്. അന്ന് ആതുര സേവന രംഗത്തുള്ളവര്‍ വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അപ്പന് വെള്ള വസ്ത്രമെടുക്കുമ്പോള്‍ എന്റെ ജ്യേഷ്ഠനും അനിയനുമൊക്കെ വെള്ളയായിരുന്നു എടുത്തിരുന്നത്. പിന്നെ അന്നത്തെ സ്കൂള്‍ യൂനിഫോമും അങ്ങനെയായിരുന്നു.
ഒമ്പതാം ക്ലാസിലെത്തിയപ്പോള്‍ ഞാന്‍ സ്കൂള്‍ സെക്രട്ടറിയായി. അന്ന് വെള്ള പാന്റും വെള്ള ഷര്‍ട്ടുമായിരുന്നു ഞങ്ങളുടെ യൂനിഫോം. ആ സമയത്താണ് യേശുദാസിനെ കാണുന്നത്. ഇദ്ദേഹത്തെ കണ്ടുകഴിഞ്ഞപ്പോള്‍ വെള്ള മതി എന്ന തീരുമാനത്തിലെത്തി. 52 വര്‍ഷമായി വെള്ള വസ്ത്രമാണ് ഞാനുപയോഗിക്കുന്നത്. അത് ആരെയും അനുകരിക്കുന്നതല്ല. എന്റെ മനസ്സിന്റെ തൃപ്തിയാണ്. വെള്ളയല്ലാതെ മറ്റു വസ്ത്രം ധരിച്ച് കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് എന്നെ തന്നെ പിടിക്കാറില്ല.
പുള്ളിക്കാരന് അതിനെക്കുറിച്ച് ‘മനോരമ‘യില്‍ ഏതോ അഭിമുഖത്തില്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. പിന്നെ അതു പലരീതിയില്‍ വന്നപ്പോള്‍ മാനസികമായി ചെറിയൊരു അകല്‍ച്ചയുണ്ടായി. അല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. 2019ല്‍ അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ എന്തെങ്കിലും ഉണ്ടോ എന്നറിയില്ല. എന്റെ മനസ്സില്‍ അന്നും ഇന്നും അദ്ദേഹം ഗുരുസ്ഥാനീയനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.