പാട്ടിന്റെ ഹർഷാരവം
text_fieldsയു.എ.ഇയിലെ സംഗീത സായാഹ്നങ്ങളിൽ വേറിട്ട ശബ്ദവുമായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗായികയാണ് ഹർഷ. ഇമാറാത്തിലെ സംഗീത വേദികളിൽ ഹർഷയുടെ പാട്ട് ഒരിക്കലെങ്കിലും കേൾക്കാത്തവർ ചുരുക്കമായിരിക്കും. വാരാന്ത്യങ്ങളിൽ മലയാളികൾ ഒത്തു ചേരുന്നിടത്തെല്ലാം പാട്ടിന്റെ ഹർഷാരവം മുഴക്കാൻ ഈ ഗായികയുമുണ്ടാകും. വേദികളിൽനിന്നും വേദികളിലേക്ക് പ്രശസ്തരായ ഗായകന്മാരോടൊപ്പം പാട്ടുമായി…
കഴിഞ്ഞ പതിനൊന്ന് വർഷങ്ങളും തന്റെ പാഷനായ സംഗീതത്തിൽ തന്നെ തുടരുകയാണിവർ. നാലാം വയസ്സിലാണ് സംഗീതപഠനം ആരംഭിച്ചത്. എം.എ മ്യൂസിക് വരെ എത്തി ആ താൽപര്യം. സ്കൂൾ തലം മുതൽ കോളജ് തലത്തിലും സംസ്ഥാനതലം വരെ നിരവധി മത്സരങ്ങളിൽ സമ്മാനം നേടി.
ലളിത ഗാനവും കർണ്ണാടിക് സംഗീതവും മാപ്പിളപ്പാട്ടും കവിത പാരായണവും തിരുവാതിരയും ഒപ്പനയുമെല്ലാം ഇഷ്ടപ്പെട്ട മത്സരയിനങ്ങളായിരുന്നു. ഏഷ്യാനെറ്റ് അവതരിപ്പിച്ച കുട്ടികളുടെ സംഗീത റിയാലിറ്റി ഷോ പരിപാടിയായ 'മഗരിസ' യിൽ മത്സരിച്ച് റണ്ണറപ്പായി. ഏഷ്യാനെറ്റിന്റെ തന്നെ ഐഡിയ സ്റ്റാർ സിംഗർ, സപ്ത സ്വരങ്ങൾ, സ്റ്റാർ ഉത്സവ്, ദൂരദർശനിലെ സല്ലാപം, സൂര്യ ടി.വി അവതരിപ്പിച്ച രാഗലയം, കൈരളിയിലെ ഗന്ധർവ്വ സംഗീതം, അമൃത ടി.വിയിലെ സൂപ്പർ സ്റ്റാർ എന്നീ റിയാലിറ്റി ഷോകളിൽ നിറഞ്ഞു പാടി. ഗാന ഗന്ധർവ്വൻ യേശുദാസ്, പി.ജയചന്ദ്രൻ, ഉണ്ണിമേനോൻ, വേണുഗോപാൽ, കെ.എസ് ചിത്ര, വിധു പ്രതാപ്, അഫ്സൽ തുടങ്ങീ എല്ലാ തലമുറയിലുമുള്ള ഗായകരോടൊപ്പം യു.എ.യിലെ വേദി പങ്കിട്ടിട്ടുണ്ട്. മൂസ എരഞ്ഞോളി, കണ്ണൂർ ശരീഫ്, രഹ്ന, തുടങ്ങീ നിരവധി മാപ്പിളപ്പാട്ട് ഗായകരോടൊപ്പവും എണ്ണമറ്റ വേദിയിലും പാടിയിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറിൽ എമിറേറ്റ്സ് പാലസിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുന്നിൽ പാടാനുള്ള അവസരം ലഭിച്ചത്. ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി. നിരവധി അറബ് കലാകാരൻമാരോടൊപ്പം ഹർഷയെ കൂടാതെ ഇന്ത്യക്കാരായി ഉണ്ടായിരുന്നത് മൂന്നുപേരായിരുന്നു. വയലിനുമായി സലീൽ മലപ്പുറം, തബല വായിക്കാൻ മനോജ് തിരൂർ, വീണയുമായി മലിസ്മ എന്നിവർ. ജനിച്ച നാടിന്റെയും ജീവിതം തരുന്ന നാടിന്റെയും ആദരണിയരായ ഭരണാധികാരികളുടെ മുന്നിൽ പാടുന്നത് സ്വപ്നമാണോ എന്ന് പോലും കുറച്ച് നേരത്തേക്ക് തിരിച്ചറിയാനാവാത്ത നിമിഷങ്ങളായിരുന്നു അതെന്ന് ഹർഷ പറഞ്ഞു.
പരിപാടി കഴിഞ്ഞ് രണ്ടു പേരും അഭിനന്ദിച്ചു. ‘നിങ്ങളാണ് ഇന്നത്തെ പരിപാടിയിലെ താരം” എന്നായിരുന്നു യു.എ.ഇ പ്രസിഡന്റിന്റെ അനുമോദനം. മനോഹരമായ ശബ്ദമാണെന്നായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത്. രണ്ടു പേരുടെയും അനുമോദന വാക്കുകൾ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി കാണുന്നു ഇ കലാകാരി. വിവാഹിതയായതിന് ശേഷം 2012 ലാണ് കണ്ണൂരിലെ തലശ്ശേരി സ്വദേശി ഹർഷ യു.എ.ഇ യിൽ എത്തുന്നത്. ഹർഷയുടെ ഭർത്താവ് ജയൻ യു.എ.ഇ യിൽ ഡിനാറ്റയിൽ ജോലി ചെയ്യുന്നു. മക്കൾ: അനിർവേദ്, അന്നപൂർണ്ണ സ്കൂൾ വിദ്യാർഥികളാണ്. പിതാവ് ചന്ദ്രൻ, മാതാവ് അജിത. ഏക സഹോദരി ഗായികയായ ശ്രീഷ ചന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.