ഇന്ന് ലോക സംഗീതദിനം: ഹരിപ്പാട് കെ.പി.എൻ. പിള്ളക്ക് സംഗീതമേ ജീവിതം
text_fieldsബാലുശ്ശേരി: ഹരിപ്പാട് കെ.പി.എൻ. പിള്ള എന്ന പേര് കേൾക്കുമ്പോൾ തന്നെ പഴയ കാലത്തെ റേഡിയോ ശ്രോതാക്കളുടെ കാതുകളിലേക്ക് ശാസ്ത്രീയ സംഗീതത്തിെൻറ ബാലപാഠങ്ങൾ ഒഴുകിയെത്താതിരിക്കില്ല. എഴുപതുകളിലും എൺപതുകളിലുമൊക്കെ മലയാളികളുടെ ദിനചര്യയുടെ ഭാഗം തന്നെയായിരുന്നു റേഡിയോ സംഗീതം.
പ്രാദേശികവാർത്തകളോടൊപ്പം തന്നെ ചലച്ചിത്രഗാനങ്ങളും ലളിത ഗാനങ്ങളും സിനിമ ശബ്ദരേഖയുമെല്ലാം കേട്ടുവളർന്ന അക്കാലത്തെയാളുകൾക്ക് പ്രഭാതത്തിലെ ശാസ്ത്രീയ സംഗീതപാഠവും ഹൃദിസ്ഥമായിരുന്നു. ഹരിപ്പാട് കെ.പി. നാരായണ പിള്ളയെന്ന സംഗീതജ്ഞെൻറ ലോകം ഒരുകാലത്ത് കോഴിക്കോട്ടെ ആകാശവാണിയും അവിടുത്തെ സംഗീതസാമ്രാജ്യവുമായിരുന്നു.
1997ൽ കോഴിക്കോട് ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം കെ.പി.എൻ. പിള്ള ബാലുശ്ശേരിയിൽ തുടങ്ങിയ ഭവാനി സംഗീത കോളജ് ഇന്ന് ബാലുശ്ശേരിക്കാരുടെ കലാസാംസ്കാരിക കേന്ദ്രം കൂടിയാണ്. വയസ്സ് 78 ആയെങ്കിലും ശുദ്ധസംഗീതത്തിെൻറ ബാലപാഠങ്ങൾ പുതുതലമുറക്ക് പകർന്നുനൽകുന്നതിൽ പിള്ള മാഷിെൻറ ആവേശത്തിന് ഇന്നും ഒട്ടും കുറവ് വന്നിട്ടില്ല. നാല് പതിറ്റാണ്ടുകാലമായി ബാലുശ്ശേരി കേന്ദ്രീകരിച്ച് പിള്ള മാഷ് നടത്തുന്ന സംഗീത കോളജിലേക്ക് ഇന്നും കൊച്ചു കുട്ടികളടക്കമുള്ള സംഗീതപ്രേമികളുടെ തിരക്കുതന്നെയാണ്.
കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതോടെ വിദ്യാർഥികളുടെ കൂട്ടായ്മ ഇല്ലെങ്കിലും ഓരോ വിദ്യാർഥിക്കും പ്രത്യേകമായി തന്നെ സംഗീതപാഠങ്ങൾ നൽകിവരുന്നുണ്ട്. കേരളത്തിലങ്ങോളമിങ്ങോളമായി ഒട്ടനവധി ശിഷ്യന്മാരും സംഗീതലോകത്തായി പിള്ള മാഷ്ക്കുണ്ട്. ടി.വി ചാനലുകളിലെ സംഗീതമത്സരങ്ങളിലും പിള്ളയുടെ ശിഷ്യന്മാർ മാറ്റുരക്കുന്നുണ്ട്. ആകാശവാണിക്കും ദൂരദർശനുംവേണ്ടി അയ്യായിരത്തിലധികം ലളിതഗാനങ്ങളാണ് ഇദ്ദേഹം ട്യൂൺ ചെയ്തിട്ടുള്ളത്. യൂനിവേഴ്സിറ്റിതല ലളിതഗാന മത്സരങ്ങളിൽ ഒരു കാലത്ത് മുഴങ്ങിക്കേട്ടത് പിള്ള മാഷ് ട്യൂൺ ചെയ്ത ഗാനങ്ങൾ തന്നെയായിരുന്നു.
സിനിമയിലും പിള്ള മാഷിെൻറ സംഗീതം എന്നും സ്മരിക്കപ്പെടുന്നതുതന്നെ. ഉയരും ഞാൻ നാടാകെ എന്ന സിനിമയിലൂടെ വി.ടി. മുരളിയെന്ന ഗായകനെയും അദ്ദേഹം പരിചയപ്പെടുത്തി. ആ സിനിമയിലെ 'മാദക തേനുണ്ണാൻ പാടി പറന്നുവന്ന മാണിക്യ കുയിലാളെ' എന്ന ഗാനം ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണെന്ന് പറയേണ്ടതില്ല. പി.സി. 369, അഗ്രഹാരം, കാക്കേ കാക്കേ കൂടെവിടെ എന്നീ സിനിമകൾക്കും അദ്ദേഹം സംഗീതസംവിധാനം നൽകിയിട്ടുണ്ട്.
1961ൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ സംഗീത പഠന വിദ്യാർഥിയായിരിക്കെ യേശുദാസ് പിള്ള മാഷിെൻറ സഹപാഠിയായിരുന്നു. '67 മുതൽ '97വരെ ആകാശവാണിയിലെ മ്യൂസിക് കേമ്പാസറായി ജോലിചെയ്ത് പിള്ള വിരമിക്കുമ്പോൾ സീനിയർ എ ഗ്രേഡ് മ്യൂസിക് കമ്പോസറായിരുന്നു. കേരള സംഗീതനാടക അക്കാദമി പുരസ്കാരമടക്കം നിരവധി അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ബാലുശ്ശേരിയിൽ സ്വാതി തിരുനാൾ സംഗീതസഭക്ക് രൂപംകൊടുത്ത് ഓരോ വർഷവും സംഗീതപരിപാടികളും നാട്ടുകാരെ പങ്കെടുപ്പിച്ച് നടത്തിവരാറുണ്ട്.
സംഗീതാചാര്യൻ ദക്ഷിണാമൂർത്തി, മാവേലിക്കര സുബ്രഹ്മണ്യം, കാവാലം ശ്രീകുമാർ, വിദ്യാധരൻ മാസ്റ്റർ, വി.ടി. മുരളി, അരുന്ധതി, ഭവാനി, ഗംഗ തുടങ്ങിയ ഒട്ടനവധി സംഗീത പ്രഗത്ഭർ പിള്ള മാഷിെൻറ ക്ഷണം സ്വീകരിച്ച് ബാലുശ്ശേരിയിലെ സംഗീത സഭയിലെത്തിയിട്ടുണ്ട്. റിട്ട. അധ്യാപിക സരോജിനി അമ്മയാണ് ഭാര്യ. മകൾ ബിന്ദു വീണവായനയിലും മകൻ ബിജു മൃദംഗത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.