അഗ്നി പടർത്തി സംഗീത വിഡിയോ; വെറുപ്പിന്‍റെ പ്രത്യയശാസ്ത്രത്തിന് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് കലാകാരൻമാർ
text_fieldsകൊൽക്കത്ത: 'നിങ്ങളുടെ എല്ലാ വിശദീകരണങ്ങളും തുടങ്ങുന്നതും ഒടുങ്ങുന്നതും പാകിസ്താനിൽ' -രാജ്യത്ത് പടരുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് രേഖെപ്പടുത്തണമെന്ന ആഹ്വാനവുമായി ബംഗാളിലെ ഒരു കൂട്ടം കലാകാരൻമാർ. ഏഴുവർഷമായി രാജ്യത്ത് വിതക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നാണ് ആഹ്വാനം. യുവകലാകാരൻമാരും നടൻമാരും മുതിർന്ന താരങ്ങളും അണിനിരക്കുന്ന വിഡിയോയിൽ ജനങ്ങൾ വെറുപ്പ് രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കരിക്കേണ്ടതിന്‍റെ ആവശ്യകതയും വിവരിക്കുന്നു.
സുഹൃത്തുക്കളും യുവ നടൻമാരുമായ മൂന്നുപേരുടെ മനസിൽ ഉരുത്തിരിഞ്ഞ ആശയമാണ് സംഗീത ആൽബമായി പരിണമിച്ചത്. എതിർത്ത് സംസാരിച്ചാൽ തങ്ങളുടെ ഇമേജിനും ഭാവിക്കും കോട്ടം തട്ടുമെന്ന് ഭയക്കുന്നവർക്കിടയിൽനിന്നുമാണ് ഇത്തരമൊരു വിഡിയോ ഉയർന്നുവന്നതെന്നതാണ് ശ്രദ്ധേയം.
മുതിർന്ന നടൻമാരായ പരമ്പ്രത ചാത്തോപാധ്യായ്, അനിർബെൻ ഭട്ടാചാര്യ, റിദ്ദി സെൻ, ഗായകരായ അനുപം റോയ്, രൂപാങ്കർ ബാഗ്ചി എന്നിവരും വിഡിയോയിൽ സാന്നിധ്യം അറിയിക്കുന്നു.'ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി സഖ്യമില്ല. എന്നാൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളെ എതിർക്കുന്നു. ആ പ്രത്യയ ശാസ്ത്രം രാജ്യത്ത് അടിച്ചേൽപ്പിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് വരുന്ന തെരഞ്ഞെടുപ്പിലൂടെ അതിന് ശ്രമിക്കുന്നു. ഈ പ്രത്യയ ശാസ്ത്രത്തെ എതിർക്കണമെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർഥിക്കുകയാണ്' പരമ്പ്രത ചാത്തോപാധ്യായ ടെലഗ്രാഫിനോട് പറഞ്ഞു.
ഇത്തരമൊരു സംഗീത ആൽബം ചെയ്യുന്നതിന്‍റെ വരും വരായ്കകൾ അറിയാം. എങ്കിലും വൈകുന്നതിന് മുമ്പ് അത് ഏറ്റെടുക്കണമായിരുന്നുവെന്ന് അഭിനേതാക്കൾ പറഞ്ഞു. ഒരു പ്രത്യയ ശാസ്ത്രത്തെ അംഗീകരിക്കാത്തതിന്‍റെ പേരിൽ എനിക്ക് ജോലി നിഷേധിക്കുന്ന ഒരു സമയം വന്നാൽ അതിനെ നേരിടാൻ തയാറാണെന്ന് പാട്ടിന്‍റെ വരികളിൽ പറയുന്നു. അനിർബനാണ് പാട്ടിന്‍റെ വരികളെഴുതിയത്.
പ്രതികാരത്തിന്‍റെ പേരിൽ എനിക്ക് അവാർഡുകൾ നിരസിച്ചാൽ എനിക്ക് പ്രശ്നമില്ല. എന്നാൽ എന്‍റെ മനസാക്ഷിയോട് കൂറുപുലർത്താൻ ആഗ്രഹിക്കുന്നു. സമാധാനമായി ഉറങ്ങാനും -അനുപം പറഞ്ഞു. നടൻ റിതോബ്രോതോ മുഖർജിയും റിദ്ദിയുമാണ് വിഡിയോ സംവിധാനം ചെയ്തത്.
രാജ്യത്ത് കഴിഞ്ഞ ആറുവർഷത്തിനിടെ നടന്ന പല സംഭവങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്. ഡൽഹി കലാപവും, കർഷക പ്രക്ഷോഭവും, ആൾക്കൂട്ട ആക്രമണവുമെല്ലാം വിഡിയോയിൽ ചർച്ച ചെയ്യുന്നു. ആർ.എസ്.എസ് ഗാന്ധി ഘാതകനായ ഗോഡ്സെയെ ആരാധിക്കുന്നതും കശ്മീരിലെ ഇന്‍റർനെറ്റ് റദാക്കിയതും ദലിതർക്കെതിരായ അതിക്രമവും ബി.ജെ.പി നേതാക്കളുടെ വർഗീയ പ്രസംഗത്തിന്‍റെയുമെല്ലാം പത്രവാർത്തകളും വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ദേശവിരുദ്ധർ, പാകിസ്താനിലേക്ക് പോകൂ, അർബൻ നക്സൽ, അച്ചേ ദിൻ, പശുമൂത്രം കാൻസറിനെ ഭേദമാക്കും തുടങ്ങിയ വലതുപക്ഷ മുദ്രാവാക്യങ്ങൾക്കെതിരെയും വിഡിയോ ശബ്ദമുയർത്തുന്നുണ്ട്. 'ഞാൻ മറ്റെവിടേക്കും പോകില്ല... എന്‍റെ രാജ്യമായ ഇന്ത്യയിൽ തന്നെ ജീവിക്കും' എന്ന വാക്കുകൾ നടൻമാർ ആവർത്തിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.