പട്ടിക്കും പൂച്ചക്കും കേൾക്കാൻ പാട്ടുണ്ടാക്കി; യൂട്യൂബിൽ അമൻ അഹ്മദ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ
text_fieldsവാഷിങ്ടൺ ഡി.സി: വളർത്തുപട്ടികൾക്കും പൂച്ചകൾക്കും കേൾക്കാൻ പാട്ടുണ്ടാക്കി അമേരിക്കക്കാരനായ അമൻ അഹ്മദ് എന്ന യുവാവ് യൂട്യൂബിൽ നിന്ന് നേടുന്നത് വൻ വരുമാനം. കോവിഡിന് ശേഷം യൂട്യൂബിൽ പരീക്ഷണമെന്ന നിലയിൽ നടത്തിയ നീക്കമാണ് 32കാരനായ അമന്‍റെ ചാനലിന് ലക്ഷക്കണക്കിന് വ്യൂ നേടിക്കൊടുത്തത്. റിലാക്സ് മൈ ഡോഗ്, റിലാക്സ് മൈ കാറ്റ് എന്നീ രണ്ട് ചാനലുകളാണ് അമനുള്ളത്. യഥാക്രമം 20 ലക്ഷം, 8.7 ലക്ഷം സബ്സ്ക്രൈബേഴ്സാണ് ചാനലുകൾക്കുള്ളത്. 100 കോടിയിലേറെ വ്യൂസ് വിഡിയോകൾ നേടിക്കഴിഞ്ഞു. അഞ്ച് വർഷം മുമ്പ് സ്ഥാപിച്ച മ്യൂസിക് കമ്പനിയെ വലിയ തുകക്ക് യു.എസിലെ മറ്റൊരു കമ്പനി ഏറ്റെടുത്തിരിക്കുകയാണ്.
യഥാർഥത്തിൽ പട്ടിക്കും പൂച്ചക്കും വേണ്ടിയായിരുന്നില്ല അമൻ സംഗീതമുണ്ടാക്കിത്തുടങ്ങിയത്. ഇൻസോംനിയ-ഉറക്കം ലഭിക്കാത്ത അവസ്ഥ അനുഭവിക്കുന്ന ആളുകൾക്കായി സംഗീതം ഉണ്ടാക്കുകയാണ് ആദ്യം ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു സുഹൃത്തിന്‍റെ തമാശയാണ് അമനെ പുതിയ വഴിയിലേക്കെത്തിച്ചത്. 'നിന്‍റെ പാട്ട് ഞാൻ വീട്ടിലെ പട്ടിയെ ഒന്നു കേൾപ്പിച്ചുനോക്കട്ടെ' എന്നായിരുന്നു സുഹൃത്തിന്‍റെ തമാശ കമന്‍റ്.
ഇതോടെയാണ് വളർത്തുമൃഗങ്ങളെ റിലാക്സ് ചെയ്യിക്കാൻ സംഗീതത്തിന് കഴിയുമല്ലോ എന്ന ചിന്ത അമന് വന്നത്. കോവിഡ് കഴിഞ്ഞുള്ള സവിശേഷ സാഹചര്യമായിരുന്നു അക്കാലത്ത് അമേരിക്കയിൽ. കോവിഡ് വന്നപ്പോൾ ആളുകളെല്ലാം വീട്ടിലിരുന്നായിരുന്നു ജോലി. അതോടെ വീട്ടിലെ വളർത്തുമൃഗങ്ങളും വീട്ടുകാരും എല്ലാ സമയത്തും ഒന്നിച്ചായി. വളർത്തുമൃഗങ്ങൾക്ക് വീട്ടുകാരെ പിരിഞ്ഞിരിക്കാൻ പറ്റാത്ത സാഹചര്യമായി.
കോവിഡ് തരംഗം പിന്നിട്ടതോടെ ആളുകൾ ഓഫിസിലേക്ക് പോയിത്തുടങ്ങിയത് വളർത്തുമൃഗങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. വീട്ടുകാരെ പിരിഞ്ഞിരിക്കേണ്ടിവരുന്ന പട്ടികളും പൂച്ചകളും ഹാംസ്റ്ററുകളും പല അസ്വഭാവികതയും കാണിച്ചുതുടങ്ങി. ചിലത് വിഷാദാവസ്ഥയിലായപ്പോൾ മറ്റ് ചിലത് അക്രമസ്വഭാവം കാട്ടിത്തുടങ്ങി. ഈ സമയത്താണ് വളർത്തുമൃഗങ്ങളെ ശാന്തരാക്കാനുള്ള മ്യൂസിക്കുമായി അമൻ അഹ്മദ് യൂട്യൂബിലൂടെയെത്തുന്നത്.
അതൊരു പരീക്ഷണമായിരുന്നെന്ന് അമൻ പറയുന്നു. തുടക്കകാലത്ത് ഈ മേഖലയിൽ അധികം ഗവേഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ നിർമിച്ച ചില ട്രാക്കുകൾ പ്രയോജനപ്പെട്ടു, ചിലത് കൊണ്ട് ഒരു കാര്യവുമുണ്ടായില്ല. എന്നാൽ, അടിസ്ഥാനപരമായി ഒരു ഐഡിയ ഇക്കാര്യത്തിൽ ലഭിച്ചു. വിവിധ ഫ്രീക്വൻസികളിൽ വിവിധ തരത്തിലുള്ള സംഗീതം ഞങ്ങൾ നിർമിച്ചു. വളർത്തുമൃഗങ്ങളുടെ ഉടമകളെ കണ്ട് അവരുമായി സംസാരിച്ചു. മൃഗങ്ങളുടെ സംഗീതാസ്വാദനത്തെ കുറിച്ച് പഠിച്ചു -അമൻ പറയുന്നു.
മ്യൂസിക് ഫോർ പെറ്റ്സ് എന്ന കമ്പനി തന്നെ അമൻ സ്ഥാപിച്ചു. ഇന്ന് അമൻ അഹ്മദിന്‍റെ കമ്പനിയെയും യൂട്യൂബ് ചാനലുകളെയും ആശ്രയിക്കുന്നത് നൂറുകണക്കിന് വളർത്തുമൃഗ ഉടമകളാണ്. മാസം അഞ്ച് ഡോളർ നിരക്കിലാണ് സബ്സ്ക്രിപ്ഷൻ. തനിക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധി സന്ദേശങ്ങളാണ് ദിവസവും ലഭിക്കുന്നതെന്ന് അമൻ പറയുന്നു. ഈയടുത്ത് ചത്തുപോയ ഒരു വളർത്തുനായയുടെ ഉടമ അമനെ വിളിച്ചിരുന്നു. നായ പതിവായി കേട്ടിരുന്ന അമന്‍റെ മ്യൂസിക് അതിന്‍റെ ഓർമക്കായി എന്നും കേൾക്കാറുണ്ടെന്നു പറഞ്ഞത് മറക്കാനാവാത്ത കാര്യമാണെന്ന് അമൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.