വൈദ്യര് പുരസ്കാരം റംലാബീഗത്തിന് സമ്മാനിച്ചു
text_fieldsകൊണ്ടോട്ടി: കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ച ഈ വര്‍ഷത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര് മഹോത്സവത്തിന് കൊണ്ടോട്ടി വൈദ്യര് അക്കാദമിയില്‍ പരിസമാപ്തിയായി. മാപ്പിളകല സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി മൂന്നു വര്‍ഷത്തിലൊരിക്കല്‍ വൈദ്യര് അക്കാദമി നല്കുന്ന വൈദ്യര് പുരസ്കാരം സമാപന ദിവസം പ്രശസ്ത കാഥിക എച്ച്. റംലാബീഗത്തിന് സമ്മാനിച്ചു.
50,000 രൂപയും ഉപഹാരവും അടങ്ങുന്ന പുരസ്കാരം പള്ളിക്കല്‍ യു.കെ.സിയിലെ വീട്ടിലെത്തി അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി കൈമാറി. പ്രശംസാപത്രം വൈസ് ചെയര്മാന് പുലിക്കോട്ടില്‍ ഹൈദരാലി സമ്മാനിച്ചു. സെക്രട്ടറി റസാഖ് പയമ്പ്രോട്ട് അധ്യക്ഷത വഹിച്ചു. കെ.എ. ജബ്ബാര്‍, രാഘവന് മാടമ്പത്ത് എന്നിവര്‍ സംസാരിച്ചു. കഥാപ്രസംഗത്തിനും മാപ്പിളപ്പാട്ടിനും ഒരുപോലെ പ്രാധാന്യം നല്കി സംഗീത രംഗത്തു നിലയുറപ്പിച്ച അപൂർവം കലാകാരികളില്‍ ഒരാളാണ് റംല ബീഗം.
അറബി മലയാളത്തിലെഴുതിയ ആദ്യത്തെ പ്രണയകാവ്യം 'ഹുസുനുല്‍ ജമാല്‍ ബദറുല്‍ മുനീര്‍' ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപ്രസംഗം. കെ.പി. കേശവദേവിന്റെ ഓടയില്‍നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി, ദുരവസ്ഥ തുടങ്ങി നിരവധി സാഹിത്യ കൃതികളും കഥാപ്രസംഗങ്ങളായി നിരവധി വേദികളില്‍ അവതരിപ്പിച്ച കാഥികക്ക് അര്‍ഹിച്ച പുരസ്കാരമാണ് വൈദ്യര് അക്കാദമി കൈമാറിയത്.
ജനുവരി 28ന് പുസ്തകമേളയോടെ ആരംഭിച്ച വൈദ്യര് മഹോത്സവം വ്യത്യസ്തമായ പരിപാടികളോടെയാണ് സമാപിച്ചത്. സമാപന ദിവസം വനിത കലാകാരികള്‍ മാത്രം അവതരിപ്പിച്ച വി.എം. കുട്ടി സ്മൃതി സംഗീത പരിപാടി ശ്രദ്ധേയമായി. ഗാനങ്ങള്‍ അവതരിപ്പിച്ചതും ഉപകരണങ്ങള്‍ കൈകാര്യം ചെയ്തതും വനിതകളായിരുന്നു. 'വൈദ്യര് രാവ്' റിയാലിറ്റി ഷോയോടുകൂടി മഹോത്സവത്തിനു പരിസമാപ്തിയായി. കോവിഡ് നിയന്ത്രണം നിലനിന്നിരുന്നതിനാല്‍ ഓണ്‍ലൈനായാണ് പരിപാടി പ്രേക്ഷകരിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.