വേടെൻറ മാപ്പപേക്ഷ തള്ളി ഇരകൾ; ക്ഷമാപണം വ്യാജമെന്നും സംഭവത്തെ വഴിതെറ്റിക്കാനെന്നും ആരോപണം
text_fieldsലൈംഗിക പീഡന ആരോപണത്തില്‍ മാപ്പ് പറഞ്ഞ മലയാളി റാപ്പര്‍ വേടനെ (ഹിരണ്‍ ദാസ് മുരളി) തള്ളി ഇരകൾ. വേടെൻറ മാപ്പ് പറച്ചിൽ ആത്മാർഥതയുള്ളതല്ലെന്നും ഉയർന്ന ആരോപണങ്ങളെ വഴിതെറ്റിക്കാനുള്ള വ്യാജമായ മാപ്പുപറച്ചിൽ ആണെന്നും ഇരകളായ പെൺകുട്ടികൾ 'ദി ന്യൂസ് മിനുട്ടി'നോട് പ്രതികരിച്ചു.
'വേടെൻറ നീണ്ട ക്ഷമാപണ പോസ്റ്റിന് മുമ്പ് രണ്ട് പോസ്റ്റുകൾ ഇട്ടിരുന്നു. അവ പിന്നീട് പിൻവലിച്ചു. അതിൽ ആദ്യത്തെ പോസ്റ്റ് ഒരുതരം വെല്ലുവിളിയായിരുന്നു. രണ്ടാമത്തെ പോസ്റ്റിൽ, തെൻറ തെറ്റുകൾ കൂടുതൽ സമ്മതിച്ചിരുന്നു. പക്ഷേ ഇക്കാലമത്രയായിട്ടും അയാൾ ഞങ്ങളെ വിളിച്ചിട്ടില്ല'-അതിജീവിച്ച പെൺകുട്ടികളിൽ ഒരാൾ പറയുന്നു. 'ഇൗ ക്ഷമാപണം ആത്മാർഥമാണെന്ന് ഞാൻ കരുതുന്നില്ല. താൻ ശരിയായ കാര്യമാണ് ചെയ്തതെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ് അയാൾ'-മറ്റൊരാൾ പറയുന്നു.
'വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ്'എന്ന ഫേസ്ബുക്ക് പേജിലാണ് റാപ്പർ വേടനെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഒന്നിലധികംപേർ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് ഇത് നിഷേധിച്ചുകൊണ്ട് വേടൻ ഇൻസ്റ്റഗ്രാമിൽ ചില പോസ്റ്റുകൾ ഇടുകയും ചെയ്തു. പിന്നീടാണ് സംവിധായകന്‍ മുഹ്‌സിന്‍ പരാരി തെൻറ ഇൻസ്റ്റഗ്രാമിലൂടെ ഇൗ സംഭവം ശരിവയ്ക്കുന്നതും വേടൻ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന ആല്‍ബത്തിെൻറ പ്രവര്‍ത്തനങ്ങൾ നിർത്തിവയ്ക്കുന്നതായും പ്രഖ്യാപിച്ചത്. വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിനാലാണ് മ്യൂസിക് വീഡിയോ പദ്ധതി നിർത്തിവയ്ക്കുന്നതെന്നും മുഹ്സിൻ പറഞ്ഞിരുന്നു.
'ദി റൈറ്റിങ് കമ്പനി'യുടെ ബാനറിൽ നിർമിക്കുന്ന മലയാളം ഹിപ്പ്ഹോപ്പ് ആൽബമാണ് ഫ്രം എ നേറ്റീവ് ഡോട്ടർ. ഇതിൽ പ്രധാന ഗായകനാണ് വേടൻ. വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുകയാണെന്നാണ് ആൽബം സംവിധായകൻകൂടിയായ മുഹ്സിൻ പരാരി പറഞ്ഞത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് ഖേദപ്രകടനവുമായി വേടൻ രംഗത്ത് എത്തിയത്.
സമൂഹമാധ്യമത്തിൽ പങ്കുവച്ച നീണ്ട കുറിപ്പിലാണ് വേടൻ ഖേദപ്രകടനം നടത്തിയത്. എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ടെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ കുറിപ്പ് ആത്മാഥതയില്ലാത്തതാണെന്നാണ് ഇരകളുടെ പ്രതികരണം. 'തന്നെക്കുറിച്ചുള്ള ആരോപണങ്ങൾ ദലിത് പുരുഷനായ തന്റെ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമാണെന്നാണ് വേടൻ പറഞ്ഞിരുന്നതെന്നും എന്നാൽ ഞാൻ ഒരു ദലിത് സ്ത്രീയാണെന്നും' ഇരകളിൽ ഒരാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.