പിന്നണി ഗായിക ജഗ്ജിത് കൗർ അന്തരിച്ചു
text_fieldsമുംബൈ: പിന്നണി ഗായിക ജഗ്ജിത് കൗർ അന്തരിച്ചു. 93 വയസായിരുന്നു. അന്തരിച്ച സംഗീത സംവിധായകൻ മഹ്മൂദ് സഹുർ ഖയ്യാമിന്റെ ഭാര്യയാണ്. ഞായറാഴ്ച രാവിലെ ആറുമണിക്ക് മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജുഹു ശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചതായി വക്താവ് പ്രീതം ശർമ വാർത്ത ഏജൻസിയോട് പറഞ്ഞു.
ഹിന്ദി, ഉറുദു ഭാഷകളിലായിരുന്നു പ്രധാനമായും പാടിയത്. തും അപ്ന രാഞ്ചോ ഖം, അപ്നി പരേഷാനി മുജേ ദേ ദോ (ഷാഗൂൻ-1964), ഖാമോഷ് സിന്ദഗി കോ, അഫ്സാന മിൽ ഗയ (ദിൽ ഇ നാദാൻ-1953), പെഹലേ തോ ആങ്ക് മിലാന (ഷോല ഓർ ഷബ്നം-1961), സദാ ചിഡിയ ദാ ചമ്പ വേ (കഭി കഭി-1976), കഹേ കോ ബ്യാഹി ബൈഡ്സ് (ഉമരേ ജാൻ-1981) എന്നിവയാണ് ശ്രദ്ധേയ ഗാനങ്ങൾ.
പ്രിയ ഗായികയുടെ നിര്യാണത്തിൽ നിരവധിയാളുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. ദേശീയ പുരസ്കാര ജേതാവ് കുടിയായിരുന്ന കൗറിന്റെ ഭർത്താവ് ഖയ്യാം 2019ൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഇരുവരുടെയും മകൻ പ്രദീപ് ഖയ്യാമും 2012ൽ ഹൃദയാഘാതം മൂലമായിരുന്നു മരിച്ചത്.
2016ൽ ദമ്പതികൾ ഖയ്യാം ജഗ്ജിത് ചാരിറ്റബിൾ കെ.പി.ജി ട്രസ്റ്റ് രൂപീകരിച്ച് തങ്ങളുടെ മൊത്തം സമ്പാദ്യമായ 10 കോടിയിലധികം രൂപ അവശ കലാകാരൻമാരെ സഹായിക്കാനായി നീക്കിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.