മിശ്ര ലിംഗക്കാരായ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു താരാട്ടുപാട്ട്
text_fieldsതൃശൂർ: ''മകനല്ല മകളല്ല മാരിവില്ലേ, മാറോട് ചേർക്കുന്നു ഞാൻ നിന്നെ, നൽകുന്നു നിറുകയിലൊരുമ്മ, ജന്മസാഫല്യത്തിന് നൂറുമ്മ'' മിശ്ര ലിംഗക്കാരായ കുഞ്ഞുങ്ങൾക്ക് വേണ്ടി മലയാളഭാഷയിൽ ആദ്യമായി ഒരു താരാട്ടുപാട്ട്. പ്രമുഖ ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലികയാണ് ഈ ഗാനത്തിെൻറ രചന നിർവഹിച്ചത്. ഗായകരും എഴുത്തുകാരുമായ കരിമ്പുഴ രാധ, ഷിനി അവന്തിക, നിലമ്പൂർ സുനിൽകുമാർ എന്നിവർ സംഗീതം നൽകി.
''ദ്വന്ദ്വ ബോധങ്ങളുടെ പിടിയിൽനിന്നും ഇതുവരെ മുക്തമാകാത്ത സമൂഹം ശാപമായും പാപമായും ഈ കുഞ്ഞുങ്ങളെ നോക്കികാണുന്ന വ്യവസ്ഥിതിയിൽ മാറ്റം വരണം. ഈ കുഞ്ഞുങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ജനനത്തിൽ തന്നെ ശസ്ത്രക്രിയയിലൂടെ ആണോ പെണ്ണോ ആക്കി വളർത്തുന്ന കുടുംബം പിന്നീട് അവരിൽ കണ്ടുവരുന്ന വ്യത്യാസങ്ങളെ ഉൾകൊള്ളാൻ ആകാതെ തെരുവിലേക്ക് വലിച്ചെറിയുന്നു. ചിലർ ശാപമായും പാപമായും കാണുന്നെങ്കിലും വളരെ ചുരുക്കം മാതാപിതാക്കൾ ഈ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാറുണ്ട്. ആണോ പെണ്ണോ അല്ല സ്വാഭിമാനമുള്ള മനുഷ്യരായി ആ കുഞ്ഞുങ്ങൾ വളർന്നുവരേണ്ടതുണ്ട്. ആരൊക്കെ മാറ്റിനിർത്തിയാലും, ഒറ്റപ്പെടുത്തിയാലും, സ്വന്തം അമ്മക്ക് ചേർത്തുനിർത്താനുള്ള കെൽപുണ്ടെങ്കിൽ പിന്നെ എന്ത് പ്രശ്നം? ''-വിജയരാജ മല്ലിക ചോദിക്കുന്നു.
താരാട്ട് പാട്ടിെൻറ ഓൺലൈൻ പ്രകാശനം നർത്തകിയും സാഹിത്യകാരിയുമായ ഡോ. രാജശ്രീ വാര്യർ ഞായറാഴ്ച രാവിലെ 10മണിക്ക് നിർവഹിക്കും. സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗവും പ്രമുഖ ഇൻറർസെക്സ് ആക്ടിവിസ്റ്റുമായ ചിഞ്ചു അശ്വതി രാജപ്പൻ, കവിയത്രി സതി അങ്കമാലി എന്നിവർ സംസാരിക്കും. സോഫ്റ്റ്‌വെയർ എൻജിനീയറായ ജാസ് ജാഷിമിനെ വിവാഹം കഴിച്ച മല്ലിക തൃശൂരിൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.