മിശ്രലിംഗരായ കുട്ടികൾക്കുള്ള താരാട്ടുപാട്ട് തമിഴിലേക്കും
text_fieldsതൃശൂർ: ഇന്‍റർസെക്സ് വിഭാഗത്തിലെ മിശ്രലിംഗക്കാരായ കുഞ്ഞുങ്ങൾക്കായി ട്രാൻസ്ജെൻഡർ കവി വിജയരാജ മല്ലിക എഴുതിയ താരാട്ടുപാട്ട് തമിഴിലേക്കും. സാമൂഹ്യ മാധ്യമങ്ങളിൽ വൻ ഹിറ്റായ, ഷിനി അവന്തികയും നിലമ്പൂർ സുനിൽകുമാറും സംഗീതം പകർന്ന് പാടുകയും ഡോ.ഇ. സന്ധ്യ നൃത്തശിൽപ്പം ഒരുക്കുകയും ചെയ്ത താരാട്ടുപാട്ടാണ് തമിഴിലേക്ക് മൊഴിമാറ്റിയത്.
തമിഴ് പതിപ്പ് യുട്യൂബിലൂടെ ഇന്നാണ് പ്രകാശനം ചെയ്തത്. വിജയരാജ മല്ലിക എഴുതിയ വരികളുടെ ഭംഗി ഒട്ടും ചോരാതെ കന്യാകുമാരി പദ്മനാഭപുരം സ്വദേശിയും എഴുത്തുകാരനുമായ പദ്മകുമാർ പരമേശ്വരനാണ് തമിഴിലേക്ക് മാറ്റിയത്. കരിമ്പുഴ രാധ സംഗീതം പകർന്ന് പാടിയ താരാട്ടുപാട്ട് തമിഴിലും മിശ്രലിംഗരായ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇതുവരെ എഴുതപ്പെട്ട ആദ്യ താരാട്ടുപാട്ടാണ്.
ലോക്ഡൗൺ സമയമായതിനാൽ നിലമ്പൂർ ഷാജിയുടെ പിന്നണി സംഗീതം ഫോണിലൂടെ റെക്കോർഡ് ചെയ്ത് വാട്സാപ്പിലൂടെ വാങ്ങി ഉപയോഗിക്കുകയായിരുന്നുവെന്ന് മല്ലിക പറഞ്ഞു. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ജാഷിമിന്‍റെ സാങ്കേതിക സഹായവുമുണ്ടായി.
54 വർഷങ്ങൾക്ക് ശേഷം ചലച്ചിത്ര പിന്നണി ഗായിക കരിമ്പുഴ രാധ പാടുന്നുവെന്ന പ്രത്യേകയും ഈ പാട്ടിനുണ്ട്. ഇന്‍റർസെക്സ് കുഞ്ഞുങ്ങളുടെ പിറവിയിലെ തന്നെയുള്ള ലിംഗമാറ്റ ശസ്ത്രക്രിയകൾ ഹൈകോടതി വിധിമൂലം നിരോധിച്ചിരിക്കുന്ന തമിഴ്നാട്ടിൽ ഈ താരാട്ട് പാട്ടിന് ഏറെ സാമൂഹ്യ പ്രസക്തിയുണ്ടെന്ന് കരുതുന്നതായി വിജയരാജ മല്ലിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.