യേശുദാസ് വി.എം. കുട്ടിയോട് പറഞ്ഞു- 'മാഷേ, അവനെ മെരുക്കിയിട്ടാ ഞാൻ ഉറങ്ങിയത്'
text_fields'പ്രണാമം'-വി.എം. കുട്ടിയുടെ മരണമറിഞ്ഞ് ഫേസ്ബുക്കിൽ ഈ ത്രയാക്ഷരം കൊണ്ട് ആദരാഞ്ജലി അർപ്പിക്കുേമ്പാൾ ഗാനഗന്ധർവൻ യേശുദാസിന്‍റെ മനസ്സിൽ ഉറപ്പായും ഓർമയുടെ ഇശൽ മഴ പെയ്തിട്ടുണ്ടാകും. തന്‍റെ സംഗീതവഴിയിൽ മാപ്പിളപ്പാട്ടിന്‍റെ മൈലാഞ്ചിമൊഞ്ച് സമ്മാനിച്ച പ്രിയപ്പെട്ട മാഷിന്‍റെ ഓർമകൾ. കാലമേറെ കഴിഞ്ഞിട്ടും മലയാളികളെ ഇന്നും ഇളക്കി മറിക്കുന്ന 'സംകൃതപമഗരി' അടക്കമുള്ള ഗാനങ്ങൾ ദാസിനെ പഠിപ്പിച്ചത് വി.എം. കുട്ടിയാണ്. 1983ൽ ദാസിന്‍റെ തരംഗിണി പുറത്തിറക്കിയ 'മൈലാഞ്ചി പാട്ടുകൾ വോള്യം–ഒന്നി'ൽ ആയിരുന്നു ഇതടക്കമുള്ള ഹിറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നത്. വരികളുടെ മനോഹാരിതയും സംഗീതത്തിന്‍റെ ചടുലതയും കൊണ്ട് വി.എം. കുട്ടി സംഗീതം പകർന്ന 'മൈലാഞ്ചി പാട്ടുകൾ' കേരളത്തിലും ഗൾഫിലും അക്കാലത്ത് വമ്പൻ ഹിറ്റായി.
മാപ്പിളപ്പാട്ട് കാസറ്റ് ഇറക്കണമെന്ന് തോന്നിയപ്പോൾ ദാസിന്‍റെ മനസിലേക്ക് ആദ്യമോടിയെത്തിയത് വി.എം. കുട്ടിയുടെ പേരാണ്. ഈ ആവശ്യം കുട്ടിയെ അറിയിക്കാൻ സുഹൃത്തായ ഇമ്പിച്ചിക്കോയ തങ്ങളെയാണ് ദാസ് നിയോഗിച്ചത്. മാപ്പിളപ്പാട്ട് ശാഖയെ കുറിച്ചും അറബി സാഹിത്യത്തെ കുറിച്ചും സാധ്യമാകുന്ന ഗവേഷണങ്ങളൊക്കെ നടത്തി തെരഞ്ഞെടുത്ത 12 ഗാനങ്ങളുമായി കുട്ടി തിരുവനന്തപുരത്തേക്ക് വണ്ടി കയറി ആലപ്പി രംഗനാഥന്‍റെ നേതൃത്വത്തിൽ ഓർക്കസ്ട്രേഷൻ നടക്കുേമ്പാളൊക്കെ വളരെ ആവേശത്തിലായിരുന്നു കുട്ടി. എന്നാൽ, പാട്ട് കേൾക്കാൻ ദാസ് എത്തിയപ്പോൾ കഥ മാറി. ട്രാക്ക് സിസ്റ്റം ഇല്ലാത്തതിനാൽ പാട്ട് പഠിച്ചു നേരിട്ട് പാടുകയാണ് അന്ന്. 'യേശുദാസിനെ പാട്ട് പഠിപ്പിക്കാൻ താൻ വളർന്നോ' എന്ന ചിന്ത കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിച്ചു. 'എനിക്ക് മാപ്പിളപ്പാട്ട് അറിയില്ല. അത് നിങ്ങൾ എന്നെ പഠിപ്പിക്കണം മാഷേ' എന്ന ദാസിന്‍റെ വാക്കുകളാണ് ധൈര്യം പകർന്നത്.
'സംകൃതപമഗരി'യാണ് ആദ്യം പഠിപ്പിച്ചത്. 'മാഷ്' പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ദാസ് അതു പഠിച്ചെടുത്ത് പാടുകയും ചെയ്തു. 1962ൽ എച്ച്.എം.വിയുടെ ആൽബത്തിനുവേണ്ടി കുട്ടി പാടിയ പാട്ടാണ് ഇത്. വാഴപ്പുള്ളി മുഹമ്മദ് രചിച്ച ഈ പാട്ട് അമ്മായി ഫാത്തിമക്കുട്ടിയിൽനിന്നാണു കുട്ടി ആദ്യം കേൾക്കുന്നത്. പിന്നീട് സുഹൃത്ത് പി.എൻ. മൂസ എഴുതിക്കൊടുത്ത വരികൾക്ക് സംഗീതം നൽകി കുട്ടി ഇന്നു നാം കേൾക്കുന്ന 'സംകൃതപമഗരി'യാക്കി. ദാസിന്‍റെ മാസ്മരികത അതിനെ വേറിട്ട തലത്തിലെത്തിക്കുകയും ലോകമെങ്ങുമുള്ള മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു.
'മൈലാഞ്ചിപാട്ടുകളി'ലെ 'പതിപലതിലും തുതിയേറും...' എന്ന പാട്ടാണ് ദാസിനെ അൽപം കുഴപ്പിച്ചത്. പല തവണ പഠിപ്പിച്ചിട്ടും ഉച്ചാരണം വഴങ്ങിയില്ല. എട്ടോ പത്തോ തവണ പാടി കേട്ടിട്ടും കുട്ടിക്ക് തൃപ്തിയായില്ല. പക്ഷേ, ദാസിനോട് പറയാനും മടി. ഒടുവിൽ രംഗനാഥ് വഴി ഇക്കാര്യം ദാസിനെ അറിയിച്ചപ്പോൾ 'പാടിയത് ശരിയായില്ലെങ്കിൽ അത് നേരിട്ട് എന്നോട് പറയാനുള്ള അവകാശം മാഷിനുണ്ട്. ഇത് ശരിയാക്കിയിട്ട് മതി ബാക്കി റെക്കോഡിങ്' എന്നായിരുന്നു മറുപടി. അദ്ദേഹം കുട്ടിയെ കൊണ്ട് ആ പാട്ട് പാടിച്ച് ഒരു കാസെറ്റിൽ റെക്കോഡ് ചെയ്തു. ആ കാസറ്റുമായി പോയത് കടപ്പുറത്തേക്കാണ്. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് കുട്ടിക്ക് ഫോൺകോളെത്തി. ദാസ് പറഞ്ഞത് ഇതാണ്-'മാഷേ, അവൻ എന്‍റെ പിടിയിൽ ഒതുങ്ങി. അവനെ മെരുക്കിയിട്ടാണ് ഇന്നലെ രാത്രി ഞാൻ ഉറങ്ങിയത്. രാവിലെ എട്ടിന് ഞാനെത്തും. നമുക്ക് ഇത് റെക്കോഡ് ചെയ്തേക്കാം.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.