തെരുവിന് എ.ആർ. റഹ്മാന്റെ പേര് നൽകി കാനഡ: 'റഹ്മാൻ എന്റെ പേരല്ല, കരുണാമയനായ ദൈവത്തിന്റെത്, അവന്റെ ദാസനാകാൻ മാത്രമേ കഴിയൂ'
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ സംഗീത സംവിധായകൻ എ.ആർ റഹ്‌മാന് ആദരവുമായി കാനഡ. മാർഖാം നഗരത്തിലെ തെരുവിന് എ.ആർ റഹ്മാന്റെ പേര് നൽകിയാണ് രാജ്യം ആദരിച്ചത്. ഇതിന് ട്വിറ്ററിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയ റഹ്മാൻ, 'എന്റെ ജീവിതത്തിൽ ഒരിക്കലും സങ്കൽപിക്കാത്ത അംഗീകാരമാണിതെന്നും കാനഡക്കും മാർഖാം നഗരത്തിനും നന്ദിപറയുന്നു'വെന്നും കുറിച്ചു.
"ഇത് എന്റെ ജീവിതത്തിൽ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. മർഖാം മേയർ ഫ്രാങ്ക് സ്കാർപിറ്റി, കൗൺസിലർമാർ, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരോടും കാനഡയിലെ മുഴുവൻ ജനങ്ങളോടും ഞാൻ വളരെ നന്ദിയുള്ളവനാണ്'' -റഹ്മാൻ വ്യക്തമാക്കി.
റഹ്മാൻ എന്നത് പേര് തന്റേല്ലെന്നും കാരുണ്യവാനായ ദൈവത്തിന്റേതാണെന്നും അദ്ദേഹം ട്വീറ്റിൽ ഓർമിപ്പിച്ചു. ''എ.ആർ റഹ്മാൻ എന്ന പേര് എന്റേതല്ല. അതിനർഥം കരുണയുള്ളവൻ എന്നാണ്. കരുണയുള്ളവൻ എന്നത് നമ്മുടെയെല്ലാം ദൈവത്തിന്റെ ഗുണമാണ്. ഒരാൾക്ക് കരുണാമയന്റെ ദാസനാകാൻ മാത്രമേ കഴിയൂ. അതിനാൽ ആ പേര് കാനഡയിൽ വസിക്കുന്ന എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ആരോഗ്യവും നൽകട്ടെ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഈ സ്നേഹത്തിന് ഞാൻ ഇന്ത്യയിലെ എന്റെ സഹോദരീസഹോദരന്മാർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്റെ ഉയർച്ചക്കും സിനിമയുടെ നൂറാം വർഷം ആഘോഷിക്കാനും പ്രചോദനം നൽകിയ ഇതിഹാസതുല്യരായ പ്രതിഭകൾക്കും എന്നോടൊപ്പം പ്രവർത്തിച്ച എല്ലാ ക്രിയേറ്റീവായ മനുഷ്യർക്കും നന്ദി പറയുന്നു. ഞാൻ ഈ സമുദ്രത്തിലെ വളരെ ചെറിയ ഒരു തുള്ളി മാത്രമാണ്' -റഹ്മാൻ പറഞ്ഞു.
"ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള വലിയ ഉത്തരവാദിത്തവും പ്രചോദനവുമാണ് ഈ അംഗീകാരം എനിക്ക് നൽകുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരിക്കലും തളരരുതെന്നും വിരമിക്കരുതെന്നും ഇത് ഓർമിപ്പിക്കുന്നു. ഞാൻ തളരുമ്പോഴൊക്കെ കൂടുതൽ കൂടുതൽ ചെയ്യാനുണ്ടെന്ന് ഞാൻ ഓർക്കും. കൂടുതൽ ആളുകളുമായി ബന്ധിപ്പെടാനും കൂടുതൽ ദുരം താണ്ടാനുമുണ്ടെന്ന്...' റഹ്മാൻ തന്റെ കുറിപ്പിൽ പറഞ്ഞു.
1992-ൽ മണിരത്നം സംവിധാനം ചെയ്ത 'റോജാ' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് റഹ്മാൻ സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. സ്ലംഡോഗ് മില്ല്യണയർ എന്ന സിനിമയിലെ സംഗീതസംവിധാനത്തിന് 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു.
ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ രണ്ട് അക്കാദമി അവാർഡുകൾ, ഒരു ബാഫ്റ്റ അവാർഡ്, രണ്ട് ഗ്രാമി അവാർഡുകൾ, ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു ഗോൾഡൻ ഗ്ലോബ്, 15 ഫിലിംഫെയർ അവാർഡുകൾ എന്നിവ റഹ്മാനെ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.