'ഞങ്ങൾ മുജ്ജന്മത്തിലെ സഹോദരന്മാർ' എസ്.പി.ബിയുടെ ഓർമയിൽ വിങ്ങി യേശുദാസ്
text_fieldsകൊച്ചി: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്ന് ഡോ. കെ.ജെ. യേശുദാസ്. സഹോദരനെയാണ് തനിക്ക് നഷ്ടമായത്. "അണ്ണാ' എന്ന വിളി ഇനി കേൾക്കാനാവില്ലല്ലോ എന്നോർക്കുമ്പോൾ അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും യേശുദാസ് പറഞ്ഞു.
ഞങ്ങൾ തമ്മിൽ മുജ്ജന്മത്തിലേ സഹോദരബന്ധമുണ്ടെന്ന് തോന്നിയിട്ടുണ്ട്. പിന്നണിഗാനരംഗത്ത് ബാലു അദ്ഭുതം തന്നെയായിരുന്നു. സിനിമക്ക് വേണ്ടിയായാലും വേദികളിലായാലും ബാലുവിനൊപ്പം പാടുമ്പോൾ പ്രത്യേക എനർജിയാണ്. ബാലു കച്ചേരി പാടികേൾക്കുക എന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു.
ബാലു എന്നെ സംഗീതഗുരുവായി കണ്ടു എന്നത് എനിക്കുള്ള ആദരമാണ്. സിനിമയിൽ പാടിയതിന്റെ 50-ാം വാർഷികത്തിന്‍റെ അന്ന് വാർഷികത്തിന്റെ ഭാഗമായി പാദപൂജ ചെയ്യണമെന്നു ബാലു പറഞ്ഞപ്പോൾ സ്വീകരിക്കേണ്ടി വന്നതും ആ സ്നേഹം കൊണ്ടാണ്. കഴിഞ്ഞ വർഷം സിംഗപ്പൂരിലും പിന്നാലെ ഹൈദരാബാദിലുമാണ് ഞങ്ങൾ അവസാനമായി ഒരുമിച്ചു ഗാനമേള അവതരിപ്പിച്ചത്.
യു.എസിൽ നിന്നു പ്രായമേറിയവർക്ക് യാത്രാനുമതിയില്ല. ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാനായില്ല എന്ന വിഷമമുണ്ട്. പക്ഷേ ഒരർഥത്തിൽ ചലനമറ്റ ബാലുവിനെ കാണാതിരിക്കുന്നതാണ് നല്ലത്. വേദിയിൽ അരികെ നല്ല കൂട്ടായെന്ന പോലെ മനസ്സിന്‍റെ ഒരറ്റത്ത് ചിരിച്ചുകൊണ്ട് ബാലു ഇപ്പോഴും എപ്പോഴും എന്നോടൊപ്പമുണ്ട്. അതുമതി- യേശുദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.