ഉസ്താദ് സാക്കിർ ഹുസൈൻ പിറന്നുവീണത് തബലയുടെ താളം കേട്ട് ; പിതാവ് ഉസ്താദ് അല്ലാ രഖ ഖാന്റെ വഴിയെ നടന്ന മകൻ...
text_fieldsഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ തബലയുടെ ജീവതാളം നിലക്കുകയാണ്. അത്രമേൽ താളവുമായി ഇഴചേർന്ന ജീവിതമാണ് സാക്കിർ ഹുസൈന്റെത്. പിറന്ന് വീണ നാൾ മുതൽ സാക്കിര്‍ ഹുസൈന്റെ കാതുകളില്‍ നിറഞ്ഞു കേട്ടത് തബലയുടെ താളമാണ്.
പിതാവ് ഉസ്താദ് അല്ലാ രഖ ഖാന്റെ വഴിയെ സഞ്ചരിക്കാൻ മാത്രമെ സാക്കിർ ഹുസൈന് കഴിയുമായിരുന്നുള്ളൂ. അറിഞ്ഞതുമുഴുവൻ സംഗീതമാണ്. അതെ, ലോകം കണ്ടത് കുഞ്ഞുവിരലുകൾ കൊണ്ട് തബലയില്‍ തീര്‍ത്ത മാന്ത്രികതയാണ്. കാണാകാണെ അദ്ദേഹം സഗീത ലോകത്തിന്റെ ഉസ്താദായി. അഞ്ച് ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ അദ്ദേഹം ലോകത്തിനു മുൻപിൽ ഇന്ത്യന്‍ സംഗീതത്തിന്റെ മറുപേരായി.
1951 മാര്‍ച്ച് ഒൻപതിന് മുംബൈയിലെ സംഗീത കുടുംബത്തിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. പിതാവ് വിഖ്യാത തബലിസ്റ്റ് ഉസ്താദ് അല്ലാ രഖ ഖാന്‍ തബലയുടെ താളത്തിനൊപ്പം മകനെ വളർത്തി. ഏഴാം വയസില്‍ ആദ്യമായി ലോകം സാക്കിര്‍ ഹുസൈനെ കേട്ടു തുടങ്ങിയതാണീ ലോകം. അതും പിതാവിന്റെ പകരക്കാരനായി സാക്കിര്‍ ഹുസൈന്‍ ആദ്യമായി വേദിയിലെത്തി. 12ാം വയസ് മുതൽ സംഗീതത്തില്‍ ഒറ്റയാൻ യാത്ര ആരംഭിച്ചു. അതോടെ, സംഗീതലോകത്ത് പുതിയ താരോദയം ഈ നാട് അനുഭവിച്ചറിഞ്ഞു.
കുട്ടിക്കാലം മുതല്‍ പല പ്രമുഖര്‍ക്കൊപ്പവും അദ്ദേഹം തബല വായിച്ചു. 12ാം വയസിൽ മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം തബല വായിച്ചു. 18ാം വയസിലാണ് സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം കച്ചേരി അവതരിപ്പിച്ചു. കേരളത്തിലെ പെരുവനം കുട്ടന്‍ മാരാര്‍ക്കും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കുമൊപ്പം വേദി പങ്കിട്ട് മലയാള മണ്ണിൽ വിസ്മയമായി.
സംഗീതത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയ അദ്ദേഹം മുംബൈ സെൻറ് സേവ്യേഴ്‌സ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വാഷിങ്ടന്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19ാം വയസിൽ അസി.പ്രഫസര്‍ ആയി. മലയാളത്തിലെ ‘വാനപ്രസ്ഥം’ ഉൾപ്പെടെയുള്ള ചുരുക്കം സിനിമകള്‍ക്കു സംഗീതം നല്‍കി. 1988ല്‍ രാജ്യം പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും ലഭിച്ചു. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.
സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ വച്ചായിരുന്നു ലോകപ്രശസ്ത തബലമാന്ത്രികനായ സാക്കിര്‍ ഹുസൈന്റെ അന്ത്യം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സാക്കിര്‍ ഹുസൈന്‍ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ കുടുംബം തന്നെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.