Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightഇന്ത്യൻ റേഡിയോ,...

ഇന്ത്യൻ റേഡിയോ, ടെലിവിഷൻ രംഗത്തെ ഇതിഹാസം

text_fields
bookmark_border
krishnamoorthy
cancel
camera_alt

പി.വി. കൃഷ്ണമൂർത്തി 

കോഴിക്കോട് ആകാശവാണിയിൽ അക്കിത്തം, കക്കാട്, കെ.എ. കൊടുങ്ങല്ലൂർ തുടങ്ങിയ എഴുത്തുകാരെയും കെ.പി. ഉദയഭാനു, ഗുരുവായൂർ എസ്. ശ്രീകൃഷ്ണൻ തുടങ്ങിയ കലാകാരന്മാരെയും കണ്ടെത്തി നിയമിച്ച ആദ്യകാല സാരഥിയും ദൂരദർശന്റെ ആദ്യ ഡയറക്ടർ ജനറലുമായ പി.വി. കൃഷ്ണമൂർത്തിയുടെ നാലാം ചരമവാർഷികദിനമാണ് ഒക്ടോബർ 16ന് കടന്നുപോയത്. ഒരു കാലം മുഴുവൻ അടയാളപ്പെടുത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം

വർഷം 1956. തൃശൂരിൽ ആകാശവാണി കോഴിക്കോട് നിലയത്തിന്റെ കവിസമ്മേളനം നടക്കുകയാണ്. അക്കാലത്തെ വലിയ കവികളെല്ലാമുണ്ട്. അതിൽ ഏറ്റവും പ്രായം കുറഞ്ഞയാളുടെ ഊഴമെത്തി. വിരഹദുഃഖമനുഭവിക്കുന്ന ഭാര്യമാരുടെ കഥയാണ് പ്രമേയം. പശ്ചാത്തലം കന്യാകുമാരി. ആ യുവാവ് ഒരു കവിത ചൊല്ലാനാരംഭിച്ചു- മഹിഷാസുരമർദിനി. ഏതാനും വരികൾ ആലപിച്ചപ്പോഴേക്കും സദസ്സിന്റെ ഒരു ഭാഗത്തുനിന്ന് കൈയടിയുയർന്നു. അത് പിന്നെ എല്ലായിടത്തേക്കും പടർന്നു. കവിത തീർന്നയുടൻ സദസ്സിന്റെ മുൻനിരയിൽ നിന്നൊരാൾ എണീറ്റുവന്ന്, അഭിനന്ദിച്ച് കെട്ടിപ്പുണർന്നു.

‘‘ഞാൻ പി.വി. കൃഷ്ണമൂർത്തി’’, കോഴിക്കോട് നിലയത്തിന്റെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ. ആ യുവകവി അദ്ദേഹത്തിന്റെ മനസ്സിൽ ഇടംതേടി. ആകാശവാണിയിലേക്ക് പ്രതിഭാധനരായ എഴുത്തുകാരെയും സംഗീതജ്ഞരെയും ക്ഷണിച്ചുവരുത്തി നിയമിക്കുന്ന സമയമായിരുന്നു അത്.

‘മഹിഷാസുരമർദിനി’ എൻ.വിക്കും വൈലോപ്പിള്ളിക്കുമൊക്കെ ഇഷ്ടപ്പെട്ടു. എൻ.വി അത് പ്രസിദ്ധീകരിക്കാനായി വാങ്ങിക്കൊണ്ടുപോയി. ആ കവിത എഴുതിയ അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഏതാനും ആഴ്ചകൾക്കകം കോഴിക്കോട് ആകാശവാണിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു -കൃഷ്ണമൂർത്തിയെ ചെന്നുകാണാൻ. രാത്രി ഒരു നാടകത്തിൽ ശബ്ദം നൽകാൻ അദ്ദേഹം അക്കിത്തത്തോട് ആവശ്യപ്പെട്ടു. 1956 ജൂലൈ ഒന്നിന് ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്ററായി അക്കിത്തം ജോലിയിൽ പ്രവേശിച്ചു.

കെ.എ. കൊടുങ്ങല്ലൂരും കക്കാടും അക്കിത്തവും

കോഴിക്കോട് മിഠായിത്തെരുവിലൂടെ പതിവ് സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു അദ്ദേഹം. കോതിയൊതുക്കാത്ത, പാറിപ്പറക്കുന്ന മുടി. തീക്ഷ്ണമായ കണ്ണുകൾ. മുഴുക്കൈയൻ ഷർട്ടിന്റെ കൈകൾ ക്രമരഹിതമായി മടക്കിവെച്ചിട്ടുണ്ട്. പരുക്കൻ മുണ്ട്. കക്ഷത്തിൽ മാസികകൾ. മലയാളം ആനുകാലികങ്ങൾക്കൊപ്പം, ‘ധർമയുഗ്’ എന്ന ഹിന്ദി പ്രസിദ്ധീകരണവുമുണ്ട്. അപ്പോഴുണ്ട്, ഒട്ടും പരിചയമില്ലാത്ത ഒരാൾ അടുത്തേക്ക് വിളിക്കുന്നു. തമിഴ് കലർന്ന മലയാളത്തിൽ അദ്ദേഹം സ്വയം പരിചയപ്പെടുത്തി: ‘‘ഞാൻ പി.വി. കൃഷ്ണമൂർത്തി. ആകാശവാണി നിലയം മേധാവിയാണ്.

എഴുത്തുകാരനാണെന്നറിഞ്ഞതിൽ സന്തോഷം. നാളെ നിലയത്തിലേക്ക് വരുമോ?’’ -കറുകപ്പാടത്ത് അബ്ദുല്ല എന്ന കെ.എ. കൊടുങ്ങല്ലൂർ അടുത്ത ദിവസങ്ങളിൽ ആകാശവാണിയിൽ ചേർന്നു. പാരലൽ കോളജ് അധ്യാപകനായി കോഴിക്കോട്ട് എത്തിയ, മലബാർ ബോർഡിലേക്ക് കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിച്ച ചരിത്രമുള്ള എൻ.എൻ. കക്കാടിനുപിന്നാലെ കെ.എ. കൊടുങ്ങല്ലൂരും കമ്യൂണിസ്റ്റുകാരനായ അക്കിത്തവും ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്റർമാരായി നിയമിക്കപ്പെട്ടു.

പി.വി. കൃഷ്ണമൂർത്തി, 1953ലാണ് ഡൽഹി ആകാശവാണിയിലെ വിദേശകാര്യ സർവിസിൽനിന്ന് അസിസ്റ്റന്റ് ഡയറക്ടറായി കോഴിക്കോട് നിലയത്തിലെത്തിയത്. സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയിൽ മാത്രം സ്വതന്ത്രനിലയം മതി, അവിടെ നിന്നുള്ള പരിപാടികൾ മറ്റുള്ളവർ റിലേ ചെയ്യേണ്ട ആവശ്യമേയുള്ളൂ എന്ന നിലപാടായിരുന്നു കേന്ദ്ര അധികൃതർക്ക്: ‘നിലയം പൂട്ടാൻ തീരുമാനിച്ചുകഴിഞ്ഞു. നിങ്ങൾക്ക് കൂടുതലൊന്നും ചെയ്യാനില്ല’, എന്ന് ചിലർ മുന്നറിയിപ്പു നൽകിയ സമയം. കോഴിക്കോട്ടേക്കയച്ച കൃഷ്ണമൂർത്തി, ദൃഢനിശ്ചയങ്ങളുമായാണെത്തിയത്.

കോഴിക്കോട് ആകാശവാണിയിൽ കക്കാട്, എസ്.കെ. പൊറ്റെക്കാട്ട്

കെ.പി. ഉദയഭാനുവും ആകാശവാണിയും

അച്ഛന്റെ കൈപിടിച്ച്, കുട്ടികളുടെ പരിപാടികളിൽ പുല്ലാങ്കുഴൽ വായിക്കാനെത്തുന്ന ഒരു കൗമാരക്കാരൻ ഒരു ദിവസം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ‘‘1954 ഡിസംബറിലായിരുന്നു അത്. പരിപാടി കഴിഞ്ഞ് കാണണമെന്ന് ഡയറക്ടർ ആവശ്യപ്പെടുകയായിരുന്നു. 18 വയസ്സ് തികഞ്ഞപ്പോൾതന്നെ എന്നെ അവിടെ ആർട്ടിസ്റ്റായി നിയമിച്ചു’’, വിശ്രുത പുല്ലാങ്കുഴൽ വാദകനായി വളർന്ന ഗുരുവായൂർ എസ്. ശ്രീകൃഷ്ണന്റെ ആകാശവാണി ജീവിതത്തിന്റെ ആരംഭം ഇങ്ങനെ യാദൃച്ഛികത നിറഞ്ഞതാണ്. അവിടെ അനൗൺസറായി നിയമിക്കപ്പെട്ട ഗായിക ഗായത്രി ശ്രീകൃഷ്ണൻ അദ്ദേഹത്തിന്റെ ജീവിതസഖിയായി.

കെ.പി. കേശവമേനോനെ തന്റെ ഒരു അനന്തരവൻ സമീപിച്ചു. പാലക്കാട്ടെ ത്യാഗരാജ സംഗീത വിദ്യാലയത്തിൽ ശാസ്ത്രീയ സംഗീതാഭ്യസനം നടത്തിയിട്ടുണ്ട്. പാട്ടുകാരനാണ്. കേശവമേനാൻ ആകാശവാണി നിലയം മേധാവിക്ക് ഏതാണ്ട് ഇപ്രകാരം ഒരു കത്ത് എഴുതിനൽകി: ഈ കത്തുമായി വരുന്ന എന്റെ നാട്ടുകാരനായ ഈ ചെറുപ്പക്കാരൻ ഒരു ഗായകനാണത്രേ! ആകാശവാണിക്ക് ഇയാളെ ഉപയോഗപ്പെടുത്താവുന്നതാണ്. -പി.വി. കൃഷ്ണമൂർത്തി ശബ്ദപരിശോധന നടത്തി, അദ്ദേഹത്തെ ആകാശവാണിയിൽ അനൗൺസറായി നിയമിച്ചു. ശമ്പളം 75 രൂപ. കെ.പി. ഉദയഭാനുവായിരുന്നു അത്.

കോഴിക്കോട് ആകാശവാണി

സംഗീതജ്ഞരായ ചേർത്തല ഗോപാലൻ നായർ, പഴയന്നൂർ പരശുരാമൻ, പാപ്പ വെങ്കിട്ടരാമയ്യർ, ആർച്ചിബാൾ ഹട്ടൻ, നാടക-സിനിമ അഭിനേതാക്കളായിമാറിയ ലക്ഷ്മീദേവി, രാജം കെ.നായർ.... ഇങ്ങനെ, എഴുത്തുകാരുടെയും സംഗീതജ്ഞരുടെയും അഭിനേതാക്കളുടെയും നിര സ്റ്റാഫ് അംഗങ്ങളായി. അങ്ങനെ, മലയാള സാഹിത്യത്തിന്റെ, സിനിമയുടെ, സംഗീതത്തിന്റെ , മഹാക്ഷേത്രമായി മാറി, കോഴിക്കോട് ആകാശവാണി നിലയം. ഭാര്യയുടെ അപ്രതീക്ഷിത വേർപാട് സൃഷ്ടിച്ച പ്രയാസങ്ങൾ കാരണം ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനായ തിക്കോടിയനെ സാന്ത്വനിപ്പിച്ച്, ആകാശവാണിയിൽ പിടിച്ചുനിർത്തിയതും അദ്ദേഹമായിരുന്നു. കോഴിക്കോട് വെറും മൂന്നുവർഷം മാത്രം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ തന്റേതായ ഒരു യുഗംതന്നെ തുറന്ന ക്രാന്തദർശിയായിരുന്നു പി.വി. കൃഷ്ണമൂർത്തി.

‘നിങ്ങളെ ഈ പണിക്ക് കൊള്ളില്ല’

1944ൽ ഡൽഹി ബ്രോഡ്കാസ്റ്റിങ് ഹൗസിൽ, വിദേശകാര്യ വിഭാഗത്തിൽ തമിഴ് വാർത്താപ്രക്ഷേപണത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ‘െഗറ്റൗട്ട് ’ആക്രോശത്തോടെയായിരുന്നു കൃഷ്ണമൂർത്തിയുടെ മാധ്യമ ജീവിതത്തിന്റെ ഔദ്യോഗികാരംഭം. ‘നിങ്ങളെ ഈ പണിക്ക് കൊള്ളില്ല’ എന്നുപറഞ്ഞ മേലുദ്യോഗസ്ഥനെക്കൊണ്ട്, ആ അഭിപ്രായം മാറ്റിച്ച്, നല്ല വാർത്താ വായനക്കാരനും അനൗൺസറുമായിമാറി, കൃഷ്ണമൂർത്തി. പിന്നെ, അവിടെത്തന്നെ പ്രോഗ്രാം അസിസ്റ്റന്റും പ്രോഗ്രാം എക്സിക്യൂട്ടിവുമായി. റംഗൂൺ റേഡിയോ നിലയത്തിലെ ചില പരിപാടികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

മൂത്ത സഹോദരി രാജേശ്വരിയും ‘സുബുദ്ധു’ എന്ന തൂലികാ നാമത്തിൽ സംഗീത-നൃത്ത വിമർശനങ്ങളെഴുതിയിരുന്ന പി.വി. സുബ്രഹ്മണ്യം എന്ന സഹോദരനും കൃഷ്ണമൂർത്തിയെ കർണാടകസംഗീതം പഠിപ്പിച്ചിരുന്നു. 1942ൽ റംഗൂണിൽ ജപ്പാൻ സൈന്യം ബോംബ് വർഷിച്ചപ്പോൾ, അവിടെ നിന്ന് പലായനം ചെയ്ത് തമിഴ്നാട്ടിലെത്തി, കുടുംബം. അച്ഛൻ അവിടെ ‘കലാക്ഷേത്ര’യുടെ മാനേജരായി.

1956ൽ കോഴിക്കോട് നിലയത്തിൽനിന്ന് പി.വി. കൃഷ്ണമൂർത്തിയെ സ്ഥലംമാറ്റിയപ്പോൾ, അതിനെതിരെ കെ.പി. കേശവമേനോൻ മുഖപ്രസംഗം എഴുതിയത് മറ്റൊരു ചരിത്രം. അദ്ദേഹത്തെ നിയമിച്ചത് ഒറീസയിലെ കട്ടക്കിൽ. അവിടെ വിദ്യാർഥി പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. കാമ്പസുകൾ സന്ദർശിച്ച്, കുറേ നേതാക്കളെ അദ്ദേഹം റേഡിയോ നിലയത്തിലേക്ക് ക്ഷണിച്ചു. അവർക്ക് പറയാനുള്ളത് പ്രക്ഷേപണം ചെയ്തു. തുടർന്നും അവർ റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു. അവരിലൊരാൾ പിന്നീട് ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി - നന്ദിനി സത്പതി.

കോഴിക്കോട് ആകാശവാണിയിൽ ഉറൂബ്,അക്കിത്തം

ഹരിപ്രസാദ് ചൗരസ്യ, സ്മിത പാട്ടീൽ...

കട്ടക്ക് നിലയത്തിൽ വാദ്യസംഗീത കലാകാരന്മാരുണ്ടായിരുന്നില്ല. ആർക്കെങ്കിലും അവിടേക്ക് വരാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച് അദ്ദേഹം മറ്റ് നിലയങ്ങൾക്ക് കത്തയച്ചു. കുട്ടികളുടെ പരിപാടിയിൽ പുല്ലാങ്കുഴൽ വായിക്കുന്ന ബി-ഗ്രേഡുള്ള ഒരാൾക്ക് താൽപര്യമുണ്ടെന്ന് കാണിച്ച് അലഹബാദ് നിലയത്തിൽ നിന്ന് മറുപടി വന്നു. തന്നെ വന്നു കാണാൻ അയാൾക്ക് കൃഷ്ണമൂർത്തി എഴുതി.‘‘പുലർച്ചെ അഞ്ചു മണിക്ക് അയാളെത്തി, 9 ന് ഞാൻ വരും വരെ കാത്തിരുന്നു.’’-ലൈബ്രറിക്കടുത്ത ഒരു മുറിയിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. ലൈബ്രറിയിൽ നിന്ന് റെക്കാഡുകൾ കേട്ട്, സ്റ്റുഡിയോയിൽ ഒഴിവുള്ള സമയം പ്രാക്ടിസ് ചെയ്യാനും അനുമതി നൽകി. ഏതാനും ദിവസത്തിനകം അയാളെ സ്റ്റാഫ് ആർട്ടിസ്റ്റായി അവിടെ നിയമിച്ചു - പുല്ലാങ്കുഴലിൽ ഇതിഹാസമായി മാറിയ ഹരിപ്രസാദ് ചൗരസ്യയായിരുന്നു അത്.

ബോംബെ ടെലിവിഷൻ കേന്ദ്രം ഡയറക്ടറായിരിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരി കരഞ്ഞുകൊണ്ട് അദ്ദേഹത്തെ കാണാനെത്തി. അടുത്തിടെ നടത്തിയ ന്യൂസ് റീഡർ ഓഡിഷനിൽ പങ്കെടുത്ത തന്നെ അന്യായമായി തോൽപിച്ചു എന്നായിരുന്നു അവരുടെ പരാതി. വീണ്ടും ഓഡിഷൻ നടത്തിയപ്പോൾ അവർ പാസായി. അങ്ങനെ ടെലിവിഷൻ വാർത്താ അവതാരകയും അനൗൺസറുമായി, ആ യുവതി. 1975ൽ അവരെ ശ്യാം ബെനഗൽ തന്റെ സിനിമയിലവതരിപ്പിച്ചു സ്മിതാ പാട്ടീൽ.

ദൂരദർശന്റെ ആദ്യ സാരഥി

കട്ടക്ക് നിലയത്തിൽനിന്ന് ഡൽഹി ആകാശവാണിയിലേക്കാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. പുതിയ പരീക്ഷണം ആരംഭിക്കുന്നതിന്റെ ചുമതലക്കാരനായ സ്പെഷൽ ഓഫിസർ. അത് ടെലിവിഷൻ പ്രക്ഷേപണത്തിന്റെ തുടക്കം. 1959 സെപ്റ്റംബർ 15ന് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ചു. ഇന്ത്യയുടെ ടെലിവിഷൻ ചരിത്രത്തിലെ വലിയ സംഭവമായിരുന്നു ഉപഗ്രഹമുപയോഗിച്ച് ഗ്രാമങ്ങളിൽ വിദ്യാഭ്യാസ - കാർഷിക വിജ്ഞാനമെത്തിച്ചെ‘സൈറ്റ്’, അഥവാ സാറ്റലൈറ്റ് ഇൻസ്ട്രക്ഷനൽ ടെലിവിഷൻ എക്സ്പിരിമെന്റ്(SITE). ലോക ഇലക്ട്രോണിക് മാധ്യമ രംഗത്തെതന്നെ ഏറെ തിളക്കമുള്ള ഒരധ്യായമായി മാറിയ ഈ ടെലിവിഷൻ പരിപാടിയുടെ നേതൃത്വം, അന്ന് അഡീഷനൽ ഡയറക്ടർ ജനറലായിരുന്ന പി.വി. കൃഷ്ണമൂർത്തിക്കായിരുന്നു.

പി.വി. കൃഷ്ണമൂർത്തി 1940കളിൽ തമിഴ് വാർത്ത അവതാരകനായി ഡൽഹി ആകാശവാണി സ്റ്റുഡിയോയിൽ

1976 ഏപ്രിൽ ഒന്നിന് ദൂരദർശന്റെ ആദ്യ ഡയറക്ടർ ജനറലായി പി.വി. കൃഷ്ണമൂർത്തി നിയമിക്കപ്പെട്ടു. 2006 ആഗസ്റ്റിൽ കോഴിക്കോട് നിലയം മഹാനായ ഈ പ്രക്ഷേപകനെ ആദരിച്ചിരുന്നു. ഇന്ത്യയിലെ റേഡിയോ - ടെലിവിഷൻ രംഗത്തെ ഇതിഹാസമെന്ന വിശേഷണത്തിന് തികച്ചും അർഹനായ പി.വി. കൃഷ്ണമൂർത്തി തന്റെ 94ാം വയസ്സിൽ 2019 ഒക്ടോബർ 16നാണ് അന്തരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Radio and TelevisionDoordarshan's first director generalP.V. Krishnamurthy
News Summary - A legend in the field of Indian Radio and Television
Next Story