Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightപെരുന്തച്ചൻ പണ്ടേ...

പെരുന്തച്ചൻ പണ്ടേ പറഞ്ഞു...

text_fields
bookmark_border
പെരുന്തച്ചൻ പണ്ടേ പറഞ്ഞു...
cancel

സ്റ്റിസ് ഹേമ കമ്മിഷൻ ഇന്നു കണ്ടെത്തിയ പല കാര്യങ്ങളെക്കുറിച്ചും വർഷങ്ങൾക്കു മുമ്പു തന്നെ സൂചനകൾ നൽകിയ അഭിനയ ചക്രവർത്തി തിലകൻ ഓർമയായിട്ട് നാളെ 12 വർഷം തികയുന്നു. മലയാള സിനിമാ നിർമാണ മേഖലയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നും, ആരു സിനിമ നിർമിക്കണമെന്നും, സംവിധാനം ചെയ്യണമെന്നും, അഭിനയിക്കണമെന്നും, പിന്നണിയിൽ ആരെല്ലാം വേണമെന്നുമെല്ലാം തീരുമാനിക്കുന്നത് ഈ ശക്തികേന്ദ്രമാണെന്നും മറ്റും എടുത്തു പറയുന്ന ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് പുറത്തു വന്നതിനു 35 വർഷം മുമ്പു ഇപ്പറഞ്ഞതെല്ലാം തിലകൻ ചേട്ടൻ ചൂണ്ടിക്കാട്ടിയിരുന്നു! മലയാള സിനിമയുടെ പെരുന്തച്ചൻ്റെ ശബ്ദം അന്ന് ഒറ്റപ്പെട്ടതായിരുന്നുവെങ്കിൽ, 233 പേജുകളിൽ ജസ്റ്റിസ് ഹേമ എഴുതിയിട്ടുള്ള സകല അപ്രിയ സത്യങ്ങളും ഇന്നു പൊതുവിജ്ഞാനത്തിൻ്റെ ഭാഗമാണ്.


അരങ്ങത്തേയും അഭ്രപാളിയിലേയും അത്ഭുതങ്ങൾക്കായി ജീവിതം സമർപ്പിച്ച സമുന്നതനായൊരു കലാകാരൻ, താര സംഘടനയിൽ നിന്നും വെള്ളിത്തിരയിൽ നിന്നും പുറത്താക്കപ്പെട്ടു, ജീവിക്കാനായി നിത്യക്കൂലിയ്ക്കു സീരിയലുകളിൽ അഭിനയിക്കാൻ പോകേണ്ട സാഹചര്യമുണ്ടായത്, സിനിമാ ലോകത്ത് പതിവായി കാണുന്ന വിലകുറഞ്ഞ കാര്യങ്ങളിൽ പങ്കുണ്ടായതുകൊണ്ടല്ല, നട്ടെല്ലു വളക്കാൻ അദ്ദേഹത്തിനു താൽപര്യമില്ലാത്തതുകൊണ്ടു മാത്രമായിരുന്നു. ഒമ്പതു സംസ്ഥാനതല അംഗീകാരങ്ങൾക്കൊപ്പം, 'ഋതുഭേദ'ത്തിനും, 'ഏകാന്ത'ത്തിനും, 'ഉസ്താദ് ഹോട്ടലി'നും ദേശീയ പുരസ്കാരങ്ങൾ കൂടി നേടിയൊരു കലാകാരന്, ഒരു പത്മശ്രീ ജേതാവിന്, തൻ്റെ ജീവിത സായാഹ്നത്തിലുണ്ടായ ദുരവസ്ഥ, നേരിനെ നെഞ്ചിലേറ്റുന്നവർക്ക് ഏറെ ദുസ്സഹമായിരുന്നു. കപ്പിനും ചുണ്ടിനുമിടയ്ക്ക് തിലകൻ ചേട്ടനു പലതും നഷ്ടപ്പെട്ടു. എംടി രചിച്ച 'പെരുന്തച്ച'നിലെ അഭിനയത്തിന് മികച്ച ദേശീയ നടനുള്ള ഭരത് അവാർഡ് അദ്ദേഹത്തിനു നഷ്ടപ്പെട്ടത്, ജൂറി ചെയർമാനായിരുന്ന അശോക് കുമാറിൻ്റെ വോട്ട് അമിതാഭ് ബച്ചനു ലഭിച്ചതുകൊണ്ടായിരുന്നു. അതിനു കാരണം, മലയാളം തനിയ്ക്കു മനസ്സിലാകാത്തുകൊണ്ടാണെന്ന് 'ദാദ മുനി' തന്നെ ഈ ലേഖകൻ്റെ ഒരു ചോദ്യത്തിന് ഉത്തരമായി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു! 1990-ൽ അങ്ങനെ, 'അഗ്നിപഥ്'ലെ ബച്ചൻ്റെ ശരാശരി അഭിനയം പെരുന്തച്ചൻ്റെ കറയറ്റ നാട്യ വൈഭവത്തെ അപ്രാമാണ്യമായി ഭജ്ഞിച്ചു.

അജയന് നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'പെരുന്തച്ചൻ', മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഒരു ക്ലാസിക് ക്രിയേഷനാണ്! കമല ഹാസൻ ബ്ലോക്ബസ്റ്റർ, 'നായകൻ' മത്സരത്തിന് ഉണ്ടായിരുന്നതുകൊണ്ടാണ്, 1987-ൽ, തിലകൻ ചേട്ടൻ്റെ 'ഋതുഭേദ'ത്തിലെ അഭിനയം ദേശീയ തലത്തിൽ ഒന്നാമതാവാതെ പോയത്. എന്നാൽ, രാജ്യത്തെ വ൯താരങ്ങൾക്കുപോലും തിലകൻ ചേട്ടനോട് മത്സരിച്ചുവേണമായിരുന്നു ശ്രേഷ്ഠ പദവിയിലെത്താൻ എന്ന യാഥാർത്ഥ്യമായിരുന്നു അദ്ദേഹത്തെ ശരിക്കുമൊരു ബഹുമുഖ പ്രതിഭയാക്കിയത്. അവഗണനകൾക്ക് അപ്രസക്തമാക്കാൻ കഴിയാത്തതായിരുന്നു ആ സ്വത്വം!

ലേഖകൻ തിലകനൊപ്പം

തിലകൻ ചേട്ടൻ ഒരു നടനേ ആയിരുന്നില്ല എന്നതാണു ശരി. അദ്ദേഹം പകരക്കാരനില്ലാത്തൊരു പ്രതിഭയായിരുന്നു. അഭിനയിക്കാറേയില്ല, എല്ലാം ജീവിച്ചു കാണിച്ചു കൊടുക്കുകയായിരുന്നു! എന്നാൽ, നയതന്ത്രത്തിനു നാട്യമെന്ന ഒരു പര്യായവുമുണ്ടെങ്കിൽ, ശരിയാണ്, തിലകൻ ചേട്ടൻ ഒരു വൻ പരാജയമായിരുന്നു! മികവുറ്റ വ്യക്തിത്വ വിശേഷങ്ങൾ പരാമർശിക്കുമ്പോൾ, വിദേശ ആനുകാലികങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള 'brutally frank' എന്ന ആംഗലേയ ഉപവാക്യത്തിൻ്റെ അർത്ഥം 'മൃഗീയമായ വെട്ടിത്തുറന്നു പറയൽ' എന്നാണെങ്കിൽ, തിലകൻ ചേട്ടൻ അങ്ങനെയായിരുന്നുവെന്ന് ഇവിടെ എഴുതട്ടെ! ഈ സ്വാഭാവവിശേഷം കാപട്യം ഒട്ടുമില്ലാത്തവരുടെ പ്രകൃതമാണ്. എന്നാൽ, ഇതു കൊണ്ടുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെകുറിച്ച് അവർ ഒരിക്കലും ചിന്തിക്കാറേയില്ലെന്നുള്ളതാണ് കാവ്യനീതിയുടെ മറുപുറം. നിർഭീതമായ അഭിപ്രായ പ്രകടനം പാശ്ചാത്യലോകത്ത് തികഞ്ഞൊരു യോഗ്യതയാണെങ്കിൽ, നമ്മുടെ നാട്ടിൽ ഇതൊരു അപകടകരമായ അയോഗ്യതയാണ്. ഒരു പക്ഷേ, കേരളത്തിൽ ഈ 'ദുസ്വഭാവത്തിൻ്റെ' ഏറ്റവും വലിയ ഇര തിലകൻ ചേട്ടൻ തന്നെ ആയിരുന്നിരിക്കണം. മരണം വരെ ഈ മഹാപ്രതിഭയെ അലട്ടിക്കൊണ്ടിരുന്നത് മറ്റൊന്നുമായിരുന്നില്ല എന്നത് ചരിത്രത്തിൻ്റെ ഭാഗം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thilakan
News Summary - Actor Thilakan Death Anniversary
Next Story