Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightഭരതസ്പർശമില്ലാത്ത 26...

ഭരതസ്പർശമില്ലാത്ത 26 വർഷം

text_fields
bookmark_border
Bharathan
cancel

'സിനിമയുടെ ഓരോ ഫ്രെയിമും ഓരോ പെയിന്റിങ്ങാണ്'-ഭരതൻ

കാല്പനിക ഭാവനകൊണ്ട് അഭ്രപാളിയിൽ വിസ്മയം തീർത്ത ചിത്രകാരൻ, ചലച്ചിത്രകാരൻ. മലയാള സിനിമയില്‍ വിസ്‌മയ സൃഷ്‌ടികളൊരുക്കിയ മഹാപ്രതിഭ. മറ്റ് അനവധി വിശേഷണങ്ങളിലും ഭ്രമിക്കാത്ത കലാകാരൻ, ഭരതൻ. ഭരതസ്പർശം ഇല്ലാതായിട്ട് ഇന്നേക്ക് 26 വർഷം. സംവിധായകന്‍, തിരക്കഥാകൃത്ത്, ചിത്രസംയോജകന്‍, ഗാന രചയിതാവ്, കലാസംവിധായകൻ തുടങ്ങി പല നിലകളില്‍ മികവുതെളിയിച്ച ഭരതന്റെ ചിത്രങ്ങൾ ഒരു വാഗ്മയ ചിത്രം പോലെ ഇന്നും പ്രേക്ഷക മനസിലുണ്ട്.

കാല്‍നൂറ്റാണ്ട് കാലത്തെ ചലച്ചിത്ര സപര്യയില്‍ 40 ചിത്രങ്ങൾ. ഭരതൻ സിനിമയോടടുത്തത് വരകളുടെയും വർണങ്ങളുടെയും ലോകത്തുനിന്നാണ്. മനസിലെ കഥ ഭാവനകളെല്ലാം നിറങ്ങളായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. പച്ചയായ ജീവിത ആവിഷ്ക്കാരമായിരുന്നു അദ്ദേഹത്തിന്‍റെ സിനിമകള്‍. പ്രണയവും, പകയും, രതിയും, ഗൃഹാതുരതയും, വൈകാരിക വിക്ഷോഭങ്ങളുമെല്ലാം സിനിമയിലൂടെ സന്നിവേശിപ്പിക്കാൻ ഭരതൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. അത് പ്രേക്ഷകരെ സിനിമയുടെ കാല്പനിക ലോകത്തേക്ക് എത്തിക്കാൻ ഉതകുന്നവയായിരുന്നു. അതുതന്നെയാണ് സിനിമകളിലെ 'ഭരതൻ ടച്ച്'.

1946 നവംബര്‍ 14ന്‌ പാലിശ്ശേരി പരമേശ്വര മേനോന്‍റെയും കാർത്ത്യായനി അമ്മയുടെയും മകനായി ജനനം. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയാണ് ജന്മസ്ഥലം. അമ്മാവനും സംവിധായകനുമായ പി.എന്‍ മേനോൻ വഴി സിനിമയിലേക്ക്‌. വിന്‍സെന്റ് സംവിധാനം ചെയ്ത 'ഗന്ധര്‍വ ക്ഷേത്ര'ത്തിലാണ് ആദ്യമായി പ്രവര്‍ത്തിച്ചത്. പ്രവർത്തിച്ച മേഖലകളിലെല്ലാം ഭരതൻ സ്പർശം പ്രകടമായിരുന്നു. കലാസംവിധായകനിൽനിന്ന് സംവിധായകനായി വളർന്നപ്പോൾ മലയാള സിനിമ അന്നേവരെ പിന്തുടർന്നവയെല്ലാം പൊളിച്ചെഴുതപ്പെട്ടു.

ഇഷ്ടപ്പെട്ട പാട്ടുകൾ ആവർത്തിച്ച് പാടിയിരുന്ന ഭരതന് അസാമാന്യമായ താളബോധവും സംഗീതജ്ഞാനവും ഉണ്ടായിരുന്നു. സ്വന്തം സിനിമയിലെ സംഗീതത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. ഗാനസന്ദർഭവും കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങളുമടക്കം കഥാപരിസരം വരെ ഗാനരചയിതാക്കൾക്ക് ഭരതൻ പറഞ്ഞു കൊടുക്കുമായിരുന്നു.

ഭരതന്‍റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ് 'കേളി'യിലെ 'താരം വാൽക്കണ്ണാടി നോക്കി' എന്ന ഗാനം. കൈതപ്രത്തിന്‍റെ ഗാന രചനയില്‍ ഭരതൻ സംഗീതം ചെയ്ത ചിത്രത്തിൽ കെ.എസ് ചിത്രയാണ് പാടിയത്. കേളിയിലെ തന്നെ ഓലേലം പാടി, 'ഈണം' സിനിമയിലെ 'മാലേയ ലേപനം, അമ്പാടിക്കുട്ടാ' എന്നീ ഗാനങ്ങളും ഭരതന്റെ തൂലികയിൽ വിരിഞ്ഞതാണ്. 'കാതോട് കാതോരം' എന്ന സിനിമക്ക് വേണ്ടി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റെ കൂടെയും അദ്ദേഹം പ്രവര്‍ത്തിച്ചു. 1975ല്‍ ഇറങ്ങിയ 'പ്രയാണം' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പത്മരാജന്‍റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

ഒഴുകി പരക്കുന്ന കഥകൾ

എല്ലാവരോടും അദ്ദേഹം കഥകൾ പറയുമായിരുന്നു. ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയാലോ എന്ന് ചോദിച്ചാൽ നമ്മുടെ കഥ നമ്മുടെ കഥ തന്നെയാണല്ലോ അതാര് മോഷ്ടിക്കാൻ എന്ന് ചോദിക്കും. പറന്നുപോകുന്ന കാക്കയോട് വരെ ഭരതൻ സമ്മതം ചോദിക്കുമായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. വടക്കാഞ്ചേരി കഥകൾ ഭരതന് എന്നും പ്രിയപ്പെട്ടതായിരുന്നു. സ്വന്തം നാടിനെ കുറിച്ച്, നാട്ടുകാരെക്കുറിച്ച് അത്രയേറെ വാതോരാതെ സംസാരിക്കുമായിരുന്നു. ഓരോ സംസാരത്തിലും കഥകൾ കണ്ടെത്തുന്ന ഭരതൻ കഥകൾക്കപ്പുറമുള്ള കഥയെ ഭാവനയിൽ കാണും.

സിനിമയായിരുന്നു മനസ് മുഴുവൻ. ഓരോ കഥയും സിനിമയാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഓരോ കഥക്കും കഥാപാത്രത്തിനും അതിലെ നിറങ്ങൾക്കും ഭരതന്റെ മനസിൽ കൃത്യമായ സ്ഥാനം ഉണ്ടായിരുന്നു. അതിങ്ങനെ ഓരോ നിമിഷവും രാകി മൂർച്ച കൂട്ടിക്കൊണ്ടേയിരുന്നു.

ജീവിതം പറഞ്ഞ കഥയും കാമറയും

ഭരതൻ ഒരു തുറന്ന പുസ്തകമാണ്. അതിലെ ഓരോ താളും പലർക്കും സുപരിചിതമാണ്. എന്നാൽ കഥാപാത്ര നിർമിതിയിൽ വേറിട്ട് നിൽക്കുന്ന ഭാവങ്ങളാണ് ഭരതന്. 'അമര'വും 'പാഥേയ'വും അച്ഛൻ-മകൾ ബന്ധത്തിന്റെ തീവ്രത കാട്ടിത്തരുന്നവയാണ്.അച്ഛന്റെ വേദനകൾ ഉള്ളിലേക്ക് തറഞ്ഞു കയറും. കണ്ടിരിക്കുന്നവരെ കൂടി കരയിപ്പിക്കുന്ന ഭരതൻ മാജിക്. 'മിന്നാമിനുമിന്റെ നുറുങ്ങുവെട്ട'ത്തിൽ ഭരതൻ വാത്സല്യമാകുന്നു. 'രതിനിർവേദ'വും 'തകര'യും 'പറങ്കിമല'യും 'പ്രയാണ'വും അതുവരെ ഉണ്ടായിരുന്ന സ്റ്റീരിയോ ടൈപ്പ് ചിന്തകളെ തച്ചുടക്കുന്നു. അവിടെ ഭരതന് പ്രണയത്തിന്റെ, രതിയുടെ മുഖമാണ്.

ഭരതനിലെ ചിത്രകാരനെ കോറിയിട്ട ചിത്രമാണ് 'വൈശാലി'. സിനിമയിലെ എല്ലാ സീനുകളും കഥാപാത്രങ്ങളും ഭരതൻ നേരത്തെ വരച്ചു വെച്ചിരുന്നു. അതിന് നിറം കൊടുത്തപ്പോൾ ഒരു ക്ലാസിക് സിനിമയാണ് അവിടെ പിറന്നത്. 'ചുരത്തിലെ' ഫ്രെയിമിന്, വസ്ത്രത്തിന് ഭരതൻ കൊടുത്തത് മണ്ണിന്റെ നിറമായിരുന്നു. അവിടെ കാല്പനിക ചിത്രകാരനായി ഭരതൻ മാറുകയായിരുന്നു. 'താഴ്‌വാര'ത്തിൽ ഭരതൻ പകയുടെ പ്രതിരൂപമാണ്. 'ദേവരാഗം' പറഞ്ഞുതീരാത്ത പ്രണയത്തിന്റെ ബാക്കിപത്രമാണെങ്കിൽ 'കാറ്റത്തെ കിളിക്കൂടി'ൽ പ്രണയം പകയായി. 'തേവർ മകനി'ൽ കരുത്തനാണെങ്കിൽ 'മാളൂട്ടി'യിൽ ഭരതൻ നോവായി.

എൺപതുകളുടെ തുടക്കത്തിൽ ‘ചാമരം, മർമ്മരം, പാളങ്ങൾ, എന്റെ ഉപാസന' എന്നീ യുഗ്മ ചലച്ചിത്രങ്ങൾ നിർമ്മിച്ചു. മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നിരവധി തവണ ഭരതന്‍ ചിത്രങ്ങൾ സ്വന്തമാക്കി. ദിവ്യ ഉണ്ണി, മനോജ് കെ. ജയന്‍ എന്നിവരെ നായികാനായകന്മാരാക്കി സംവിധാനം ചെയ്ത ചുരം ആയിരുന്നു ഭരതന്‍റെ അവസാന ചിത്രം. ശിവാജി ഗണേശനും കമല്‍ ഹാസനും ഒന്നിച്ചഭിനയിച്ച 'തേവര്‍മകന്‍' എന്ന തമിഴ് ചിത്രം പല ഭാഷകളിലും പുനര്‍നിര്‍മിക്കപ്പെട്ട,ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഈ സിനിമ പ്രിയദര്‍ശന്‍ 'വിരാസത്' എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്‌തിരുന്നു.

പത്മരാജന്‍-ഭരതന്‍ കൂട്ടുകെട്ട് മലയാള സിനിമയിലെ സുവർണ്ണ കാലഘട്ടം തന്നെയായിരുന്നു. ആ കൂട്ടിൽ നിരവധി സിനിമകള്‍ പിറന്നു. ഭരതൻ - ജോൺ പോൾ - ലോഹിതദാസ് കൂട്ടുകെട്ടിൽ അമരം, മാളൂട്ടി, കേളി, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പാഥേയം, പാമരം, ചമയം എന്നിങ്ങനെയുള്ള എവർഗ്രീൻ ക്ലാസിക്കുകളും.

ഭരതന്‍റെ സ്ത്രീ കഥാപാത്രങ്ങൾ

പച്ചയായ ആവിഷ്കാരമാണ് ഭരതൻ സിനിമകളെല്ലാം. അതുകൊണ്ടുതന്നെ ഭരതന്റെ സ്ത്രീകഥാപാത്രങ്ങളെല്ലാം സ്വതന്ത്രരാണ്. സ്ത്രീ സൗന്ദര്യത്തിന്റെ വിവിധ തലങ്ങളെ ഒപ്പിയെടുത്തുള്ള ചിത്രീകരണമാണത്. അവരുടെ എല്ലാ വികാരവിചാരങ്ങളും ഭാവങ്ങളും തുറന്ന് കാണിക്കുകയും ചെയ്യും.

വലിയ ചുവന്ന പൊട്ട് തൊട്ട് വരുന്ന നായികമാർ ഭരതൻ സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ്. അവിടെ പ്രണയത്തിന്റെ, രതിയുടെ, സദാചാരബോധത്തിന്റെ, സ്നേഹത്തിന്റെ, സഹനത്തിന്റെ, വിരഹത്തിന്റെ ഉള്ളറകൾ ദേദിച്ച് നായികമാർ ആടിത്തിമർക്കുന്നു. കൃത്യമായ നിറങ്ങൾ ആണെങ്കിലും ചില പരീക്ഷണങ്ങൾ കൂടിച്ചേരുമ്പോൾ ആ ഫ്രെയിമിന് കൂടുതൽ ഭംഗി വരുന്നു. ചാമരത്തിൽ സെറീന വഹാബ് പച്ച ബാഗ്രൗണ്ടിൽ പച്ച സാരിയുടുത്ത് വരുന്ന ഒരു പാട്ട് രംഗമുണ്ട്. ആരും ഇപ്പോഴും പരീക്ഷിക്കാൻ ശ്രമിക്കാത്ത ഒരു ഫ്രെയിം. പക്ഷേ വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു ആ ഗാനത്തിന്, ആ നായികക്ക്.

നായികക്ക് മാത്രമല്ല ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം വ്യക്തത നൽകാൻ അദ്ദേഹം ശ്രമിച്ചിരുന്നു. വെങ്കലത്തിലെ കുഞ്ഞിപെണ്ണും വൈശാലിയിലെ മാലിനിയും അതിൽ ചിലത് മാത്രം. ഇവർ രണ്ടുപേരും സമൂഹത്തിലെ സദാചാര ചിന്തകൾക്കെതിരെ ചോദ്യമുയർത്തിയവരാണ്. വന്നുപോകുന്ന ഓരോ കഥാപാത്രത്തിന് കൃത്യമായ നിർവചനമുണ്ടായിരുന്നു. അത് കൃത്യമായി പ്രതിഫലിപ്പിക്കാനും ഭരതന് കഴിയുമായിരുന്നു.

1998 ജൂലൈ 30നാണ് അദ്ദേഹം അന്തരിച്ചത്. ദേഹം വിട്ടൊഴിഞ്ഞാലും ദേഹി ബാക്കിയാവുന്നു എന്ന് പറയുന്നപോലെ 40 ചിത്രങ്ങളുടെ ആയുസ്സിൽ മുഴുമിപ്പിക്കാത്തൊരു ക്യാൻവാസ് പോലെ ഇന്നും മലയാളിയുടെയുള്ളിൽ മായാതെയുണ്ട് ആ ഭരതൻ എഫക്ട്. പ്രണയവും, രതിയും അശ്ലീലമല്ലാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള ഭരതന്റെ കഴിവ് വളരെയധികം പ്രസിദ്ധി നേടിയതാണ്. വിട പറഞ്ഞിട്ട് 26 വർഷം പിന്നീടുമ്പോഴും ഭരതൻ ചിത്രങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നതിന്‍റെ തെളിവാണ് വർത്തമാനകാലത്തിൽ റീമേക്കുകളായി പുനർജനിക്കുന്ന പല ചിത്രങ്ങളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BharathanMalayalam filmsIndian film-maker
News Summary - Bharathan Indian film-maker
Next Story