മന്ദാകിനി മുതൽ മമത കുൽക്കർണി വരെ; ബോളിവുഡിലെ ആ നായികമാർ ഇന്നെവിടെയാണ്?
text_fieldsഒരു സിനിമ കൊണ്ടോ മനസ്സിലുറച്ചുപോയ ഒരു കഥാപാത്രം വഴിയോ ബോളിവുഡിെൻറ മുഴുവൻ ശ്രദ്ധയുമാവാഹിച്ച ഒരുപാട് നായികമാരുണ്ട്. ഹിറ്റ് സിനിമകളിലെ സാന്നിധ്യമായി, നേരമിരുട്ടി വെളുക്കുേമ്പാഴേക്ക് താരത്തിളക്കത്തിെൻറ ഉത്തുംഗതയിൽ വിരാജിച്ചവർ. പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ അത്രമേലിഷ്ടത്തോടെ താരശോഭയിൽ പരിലസിച്ച ചില നടിമാർ പക്ഷേ, പിന്നീട് ആ പകിട്ടിനൊപ്പം നിലയുറപ്പിക്കാനാവാതെ വീണുപോയവരാണ്. പ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കെ വിട്ടുപോയവരുമുണ്ട് അക്കൂട്ടത്തിൽ. ഒറ്റപ്പെട്ട ചിലർ വിവാദങ്ങൾക്കൊപ്പം മറഞ്ഞുപോയിട്ടുമുണ്ട്. സിനിമാ സ്വപ്നങ്ങളുടെ ഈ മോഹനഭൂമികയിൽ ഓരോ വർഷവും അവതരിക്കുന്ന താരങ്ങളിൽ ദശാബ്ദങ്ങളോളം കത്തിനിൽക്കുന്നവരുമുണ്ട്. മന്ദാകിനിയും മമതാ കുൽക്കർണിയും മുതൽ അയേഷ ജുൽക്കയും അനു അഗർവാളും വരെ, ഏറെ പ്രതീക്ഷ നൽകിയ താരോദയങ്ങൾക്കുശേഷം പൊടുന്നനെ അസ്തമിച്ചുപോയ ചില ബോളിവുഡ് നടിമാരെ ഓർമിക്കുകയാണിവിടെ...
മമത കുൽക്കർണി
നാനാ പടേക്കർ നായകനായ തിരംഗയിലൂടെ 1992ലാണ് മമത കുൽക്കർണി ബോളിവുഡിലെത്തുന്നത്. പിന്നീട് ആഷിഖ് ആവാരാ, വഖ്ത് ഹമാരാ ഹേ, ക്രാന്തിവീർ, കരൺ അർജുൻ, സബ്സേ ബഡാ ഖിലാഡി, ബാസി തുടങ്ങിയ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന മമത ഹിന്ദി ചലച്ചിത്ര ലോകത്തെ മുൻനിര നടിമാരിലൊരാളായി. എന്നാൽ, പൊടുന്നനെയെന്നോണം അഭ്രപാളികളിൽനിന്ന് അപ്രത്യക്ഷയായ അവരുടെ പേര് മയക്കുമരുന്ന് രാജാവ് വിക്കി ഗോസ്വാമിയോടൊപ്പം ചേർത്താണ് വാർത്തകളിൽ നിറഞ്ഞത്. താനെ പൊലീസ് രജിസ്റ്റർ ചെയ്ത കോടികളുടെ മയക്കുമരുന്ന് ഇടപാട് കേസിൽ കുറ്റാരോപിതയായി മമതയുടെ പേരും ചേർക്കപ്പെട്ടു. ഇന്ത്യയിൽ പ്രവേശിച്ചാൽ പൊലീസ് പിടിയിലാകുമെന്നതിനാൽ അവർ കെനിയയിൽ താമസമാക്കിയെന്നും ആത്മീവ വഴികളിേലക്ക് തിരിഞ്ഞുവെന്നുമാണ് റിപ്പോർട്ട്.
മീനാക്ഷി ശേഷാദ്രി
1983ൽ ജാക്കി ഷ്റോഫിെൻറ നായികയായി ഹീറോയിൽ അരങ്ങേറിയ മീനാക്ഷിക്ക് പിന്നീട് ബോളിവുഡിൽ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മേരീ ജങ്, ദാമിനി, പായൽ, ഘർ ഹോ തോ ഐസാ തുടങ്ങിയ ചിത്രങ്ങളിലുടെ അവർ സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 1996ൽ 'ഘാതകി'ൽ അഭിനയിച്ചശേഷം േബാളിവുഡിൽനിന്ന് മീനാക്ഷി പൊടുന്നനെ അപ്രത്യക്ഷയായി. ഇപ്പോൾ യുനൈറ്റഡ് സ്റ്റേറ്റ്സിലാണ് താമസം.
അനു അഗർവാൾ
സൂപ്പർഹിറ്റ് ചിത്രമായ ആഷിഖിയിലൂടെ താരപദവിയിലേക്ക് ഉദിച്ചുയരുകയായിരുന്നു അനു അഗർവാൾ. കിങ് അങ്കിൾ, ഖൽ നായിക തുടങ്ങിയ ചിത്രങ്ങളും അനുവിെൻറ ഗ്രാഫുയർത്തി. എന്നാൽ, 1999ൽ മരണത്തെ മുഖാമുഖം കണ്ട ഒരു അപകടത്തിലൂടെ അവരുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഒരു മാസത്തോളം അബോധാവസ്ഥയിലായിരുന്ന ശേഷമാണ് അവർ ജീവിതത്തിൽ തിരിച്ചെത്തിയത്. പിന്നീട് പക്ഷാഘാതവും അവരെ തളർത്തി. 'മരണത്തിൽനിന്ന് തിരിച്ചുവന്ന ഒരു പെൺകുട്ടിയുടെ ഓർമക്കുറിപ്പുകൾ' എന്ന പേരിൽ അനു ആത്മകഥ എഴുതി.
മന്ദാകിനി
1985ൽ രാജീവ് കപൂറിെൻറ നായികയായി 'രാം തേരി ഗംഗാ മെയിലി'യിൽ അഭിനയിച്ചേതാടെ ചലച്ചിത്ര പ്രേമികൾക്കിടയിൽ മന്ദാകിനി സുപരിചിതയായി. വമ്പൻ ഹിറ്റായ ആ സിനിമക്കുപിന്നാലെ ഡാൻസ് ഡാൻസ്, കഹാ ഹേ കാനൂൻ തുടങ്ങിയ ചിത്രങ്ങളുമെത്തിയെങ്കിലും അവ ബോക്സോഫിസിൽ പരാജയമായി. 1996ൽ സോർദാറിൽ അഭിനയിച്ചശേഷം മന്ദാകിനി ബോളിവുഡിൽനിന്ന് പിൻവലിയുകയായിരുന്നു.
കിമി കട്കർ
തകർപ്പൻ വിജയമായ 'ഹം' എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലെ 'ജുമ്മാ ചുമ്മാ ദേ ദേ' എന്ന സൂപ്പർ ഹിറ്റ് ഗാനരംഗത്തിലൂടെ ഓർമിക്കപ്പെടുന്ന നടിയാണ് കിമി കട്കർ. ജൈസി കർനി വൈസി ഭർനി, അഡ്വെഞ്ചേഴ്സ് ഓഫ് ടാർസൻ, മേരാ ലാഹൂ, ഖൂൻ കാ കർസ് തുടങ്ങി 1985നും 92നുമിടക്ക് അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് പരസ്യചിത്ര നിർമാതാവ് ശാന്തനു ഷിയോറെയെ വിവാഹം കഴിച്ച് ഇപ്പോൾ ആസ്ട്രേലിയയിൽ മെൽബണിൽ താമസം.
ഫാറ
നടി താബുവിെൻറ മൂത്ത സഹോദരിയാണ് ഫാറ. യഷ്രാജ് ഫിലിംസിെൻറ ഫാസ്ലേയിലൂടെ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിക്കാനായെങ്കിലും അഭിനയിച്ച ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി മാറാതിരുന്നത് കരിയറിൽ തിരിച്ചടിയായി. നസീബ് അപ്നാ അപ്നാ, ഇമാൻദാർ, ഘർ ഘർ കി കഹാനി, യതീം തുടങ്ങിയ ചിത്രങ്ങളിലായി ഋഷി കപൂർ, ഗോവിന്ദ, സഞ്ജയ് ദത്ത്, സണ്ണി ഡിയോൾ അടക്കമുള്ളവരുടെ നായികയായി അഭിനയിച്ചു. 2005ൽ ഷാഹിദ് കപൂറിനൊപ്പം അഭിനയിച്ച ശിക്കാർ ആണ് അവസാന ചിത്രം.
അയേഷ ജുൽക്ക
1990കളിൽ ഹിന്ദി ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന താരമായിരുന്നു അയേഷ ജുൽക്ക. ആമിർ ഖാെൻറ നായികയായി അഭിനയിച്ച ജോ ജീത്താ വഹി സിക്കന്ദർ അടക്കം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. വഖ്ത് ഹമാരാ ഹേ, മാസൂം, ഖിലാഡി, ദലാൽ, ബാൽമാ, സംഗ്രാം തുടങ്ങിയ ചിത്രങ്ങളിൽ അവർ തെൻറ നടന ൈവഭവം പ്രകടമാക്കി. 2006ൽ ജനനിയിൽ അഭിനയിച്ചശേഷം ബോളിവുഡിൽ അയേഷ ജുൽകയുടെ സാന്നിധ്യമുണ്ടായത് 2018ൽ ജീനിയസ് എന്ന ചിത്രത്തിലെ അമ്മവേഷത്തിലാണ്.
ഗ്രേസി സിങ്
അനിൽ കപൂറും കജോളും മുഖ്യവേഷത്തിലഭിനയിച്ച 'ഹം ആപ്കേ ദിൽ മേം രഹ്തേ ഹേ' എന്ന ചിത്രത്തിലാണ് ഗ്രേസി സിങ്ങിെൻറ ബോളിവുഡ് അരങ്ങേറ്റം. എന്നാൽ, 2001ൽ പുറത്തിറങ്ങിയ ലഗാൻ എന്ന സിനിമയിൽ ആമിർ ഖാെൻറ നായികാവേഷമാണ് േഗ്രസിക്ക് താരപരിവേഷം നേടിക്കൊടുത്തത്. അർമാൻ, ഗംഗാജൽ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. സഞ്ജയ് ദത്ത് നായകനായ മുന്നാ ഭായി എം.ബി.ബി.എസ് ആയിരുന്നു ഗ്രേസിയുടെ അവസാനത്തെ ബിഗ് റിലീസ്. തെലുഗ്, പഞ്ചാബി, കന്നഡ, മറാത്തി, ഗുജറാത്തി, ബംഗാളി സിനിമകളിലും അഭിനയിച്ച ഗ്രേസി സിങ് മലയാളത്തിൽ മമ്മൂട്ടി നായകനായ ലൗഡ് സ്പീക്കറിലും അഭിനയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.