ഫഹദിന് ഞാൻ പറഞ്ഞുകൊടുത്ത ദിലീപ് കുമാർ എന്ന പാഠപുസ്തകം
text_fieldsഅവരുടെ താൽപര്യം സിനിമയാണ്, അഭിനയമാണ് എന്നറിഞ്ഞ നിമിഷം മുതൽ ഫഹദിനോടും ഫർഹാനോടും ഞാൻ പറഞ്ഞിട്ടുണ്ട്, ദിലീപ് കുമാർ ചിത്രങ്ങൾ കാണാൻ. കിട്ടിയ സന്ദർഭങ്ങളിലൊക്കെ, ഡി.വി.ഡിയിൽ ആ മഹാനടെൻറ അഭിനയത്തിലെ സൂക്ഷ്മമായ ചില ചലനങ്ങളും നോട്ടവും ഭാവവുമൊക്കെ പ്രത്യേകമെടുത്ത് കാട്ടിക്കൊടുത്തിട്ടുമുണ്ട്. ആ അഭിനയമല്ല, അതിന്‍റെ പിന്നാമ്പുറങ്ങളാണ് കൂടുതൽ അറിയേണ്ടതെന്ന് പറയുകയും ചെയ്തു. എൻെ ഭാര്യ ദിലീപ് കുമാർ ചിത്രങ്ങൾ കണ്ടിട്ടേയില്ല. കുറച്ചുകാലം മുമ്പ് ടി.വിക്ക് മുന്നിൽ നിർബന്ധമായി പിടിച്ചിരുത്തി, 'മധുമതി' എന്ന സിനിമ കാണിച്ചുകൊടുത്തു. ചിത്രത്തിൽ മുഴുകിപ്പോയ അവൾ, ദിലീപ് കുമാർ അങ്ങനെ അഭിനയിച്ചുപോകുമ്പോൾ ടി.വിയിലേക്ക് കൈനീട്ടി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു, ദേ ഷാറൂഖ് ഖാൻ... ദേ ഷാറൂഖ് ഖാൻ! 'മധുമതി' റിലീസായത് 1958ൽ. അപ്പോൾ, അമ്പത്തിയാറ് വർഷങ്ങൾക്കു മുമ്പ് ദിലീപ് കുമാർ കാഴ്ചവെച്ച അഭിനയത്തിലെ പഴമക്ക് ഇന്നത്തെ സൂപ്പർസ്റ്റാർ ഷാറൂഖ് ഖാന്‍റെ അഭിനയത്തിലെ പുതുമ! അതെങ്ങനെ?
1980ൽ റിലീസായ എന്‍റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിൽ ശങ്കറിനും മോഹൻലാലിനും ബെൽബോട്ടം പാൻറ്സായിരുന്നു. കാതുകൾ മറച്ചുവെച്ച് ചീകിയ ഹെയർസ്റ്റൈലും. അന്നത് ഫാഷനായിരുന്നു. അക്കാലത്തെ ആ ഫാഷൻ പിൽക്കാലത്ത് കാണുമ്പോഴൊക്കെ എനിക്ക് 'അയ്യേ' എന്ന് തോന്നിയിട്ടുണ്ട്. ഇന്ന് ടി.വിയിൽ ചില പഴയകാല സൂപ്പർതാരങ്ങളുടെ വിഗ്ഗും അഭിനയവും പാൻറ്സിന്‍റെ ബെൽറ്റും ഷർട്ടിന്‍റെ കോളറും കാണുമ്പോൾ ആ അയ്യേ പലവട്ടം ഉയർന്നുവന്നിട്ടുമുണ്ട്. പക്ഷേ, ആദ്യ സിനിമതൊട്ട് അവസാനം അഭിനയിച്ച ചിത്രംവരെ ദിലീപ് കുമാറിന്‍റെ ഒന്നിലും ഒരിടത്തും എനിക്ക് ഒരു അയ്യേ തോന്നിയിട്ടേയില്ല. താളക്കൊഴുപ്പ് ഒന്നുമില്ലാതെ വലിഞ്ഞിഴഞ്ഞുപോകുന്ന അന്നത്തെ സംഗീതസംവിധാനത്തിലും വലിയ അയ്യേ ഒന്നുമില്ല. ദിലീപ് കുമാറിന്‍റെ ഹെയർസ്റ്റൈൽ, അറുപത് വർഷംമുമ്പ് അപ് ടു ഡേറ്റ് ആയിരുന്നു. ഇന്നും അത് അപ് ടു ഡേറ്റാണ്. അഭിനയം അക്കാലത്തുള്ളവർക്കും ഫ്രഷ്, ഇക്കാലത്തുള്ളവർക്കും ഫ്രഷ്! പാൻറ്സിന്‍റെയും ഷർട്ടിന്‍റെയും സ്റ്റിച്ചിങ്ങിൽ, ക്ഷണനേരത്തേക്ക് വന്നുപോകുന്ന ഫാഷനുകളെ മനഃപൂർവം ഒഴിവാക്കിനിർത്തി.
അഭിനയിക്കുന്നവർ ശരീരവും ശബ്ദവും ഭാവവും നോട്ടവും ആംഗ്യവിക്ഷേപങ്ങളുമൊക്കെ സൂക്ഷ്മതയോടെ ചേരേണ്ടുംവിധം ചേർത്തുവെക്കാൻ മാത്രം പഠിച്ചാൽ മതിയോ? പോരല്ലോ... കാമറക്ക് മുന്നിൽ എന്തു നടക്കുന്നു, പിന്നിലാരൊക്കെ, വെളിച്ചം ഏതൊക്കെ ദിശയിലേക്ക്, സഹനടീനടന്മാരുടെ ഭാവവും ചലനവുമൊക്കെ എങ്ങനെ എന്നിവയെക്കുറിച്ചുള്ള അസാമാന്യബോധവും വേണം. ഒപ്പം ഭാവിതലമുറ, ഇതിനെ എങ്ങനെ വിലയിരുത്തും എന്ന് മനസ്സിലാക്കാനുള്ള ഷാർപ്പായ സെൻസുംവേണം. ആ സെൻസാണ് ദിലീപിനെ കാലത്തിന് മുകളിൽ പിടിച്ചുനിർത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം അരനൂറ്റാണ്ട് മുമ്പുതന്നെ, ദേ, ഷാറൂഖ് ഖാൻ, ദേ ഷാറൂഖ് ഖാനായത്. ആൾക്കാർ അകംനിറഞ്ഞ് ഉറക്കെ വിളിക്കട്ടെ- സെൻസിബ്ൾ ആക്ടർ... ആക്ടർ വിത്ത് എ െബ്രയ്ൻ... ലെജൻഡ്... തെസ്പിയൻ എന്നൊക്കെ.
'മുഗൾ–ഇ–അസം' എന്ന ചിത്രത്തിൽ സലീം രാജകുമാരൻ എന്ന കാമുകനോട് നൂറുശതമാനം ഒട്ടിനിന്നു ദിലീപ് കുമാർ. സലീം എന്ന നിഷേധിയോടും അതേ അളവിൽതന്നെ നിന്നു. ആ ചിത്രത്തിലുടനീളം ദിലീപ് കുമാർ കണ്ണുകൊണ്ടാണ് ചിരിച്ചിരുന്നത്. സലീം എന്ന കഥാപാത്രത്തെ രൂപപ്പെടുത്താൻ അഭിനയത്തിന്‍റെ ചേരുവകൾ തിരഞ്ഞെടുത്തപ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യംകൊടുത്തത് ശരീരം എന്ന ചേരുവക്കായിരുന്നു. ശരീരം എന്ന ഭാഷക്ക്! അമിതാഭ് ബച്ചന്‍റെ ആദ്യകാല ചിത്രങ്ങളിലെ പ്രകടനങ്ങൾ കണ്ടുകൊണ്ടിരുന്നപ്പോൾ വലിയ സ്ക്രീനിലേക്ക് കൈനീട്ടി ഞാൻ പലവട്ടം പറഞ്ഞുപോയിട്ടുണ്ട്.ദേ, മുഗൾ–ഇ–അസമിലെ ദിലീപ് കുമാർ, ദിലീപ് കുമാർ എന്ന്... ദിലീപ് കുമാറിന്‍റെ അഭിനയചേരുവകൾ സ്വന്തം അഭിനയത്തിൽ അങ്ങിങ്ങ് കലർന്നിരുന്നുവെന്ന് ഷാറൂഖിന് അറിയുമോ എന്തോ! പക്ഷേ, ദിലീപ് കുമാർ ആയിരുന്നു അമിതാഭ് ബച്ചന്‍റെ പ്രചോദനം എന്ന് ആരെങ്കിലും പറഞ്ഞാൽ അതൊരു കോംപ്ലിമെൻറായി എടുക്കും എന്ന് അമിതാഭ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
ദിലീപ് കുമാർ ആരെയെങ്കിലും അനുകരിച്ചിട്ടുണ്ടോ? അറിയില്ല. അഥവാ ഉണ്ടെങ്കിൽ ഒരുപക്ഷേ, അത് മർലിൻ ബ്രാണ്ടോയെ ആയിരിക്കണം. അഭിനയകലയിൽ തല ഉയർത്തിനിൽക്കുന്ന ഒരു മഹാപ്രസ്ഥാനമാണ് ബ്രാണ്ടോ. 'ഗോഡ്ദഫാദറി'ലെ അദ്ദേഹത്തിന്‍റെ അഭിനയം പൂർണമായി വിരിഞ്ഞുനിൽക്കുന്ന വലിയ ഒരു പുഷ്പംപോലെയാണ്. ഓരോ ഇതളും അടർത്തിയെടുത്ത് അളന്നളന്ന് അഭിനയകലയെ കുറിച്ച് ചർച്ചചെയ്യാം, പഠിക്കാം, വർഷങ്ങളോളം! പിന്നീട് ഞാനറിഞ്ഞു ഈ ബ്രാണ്ടോ മറ്റൊരു നടനെ ആദരിച്ചിരുന്നുവെന്ന്. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം ചെയ്ത്, അകാലത്തിൽ പൊലിഞ്ഞുപോയ മോണ്ട് ഗോമറി ക്ലിഫ്റ്റ് എന്ന നടനെ. 1948ൽ ഇറങ്ങിയ 'റെഡ് റിവർ' എന്ന ചിത്രം കണ്ടുനോക്കൂ. അദ്ദേഹം അഭിനയിക്കുമ്പോൾ പാദം മുതൽ തലമുടിനാരിഴ വരെയുള്ള ഓരോ രോമകൂപവും ആ അഭിനയത്തെ അകമ്പടിസേവിച്ച് അലിഞ്ഞുചേർന്ന് കൂടെ വരും. അത് ഒരു സിദ്ധിയാണ്. ആ സിദ്ധിതന്നെ ആയിരുന്നു ദിലീപ് കുമാറിനും. പക്ഷേ, അത് ഒരു ചിത്രത്തിൽ മാത്രമായി ഒതുങ്ങിയില്ല; പലപല ചിത്രങ്ങളിലായി പടർന്നുനിന്നു.
യോഗികൾ മനസ്സിനെ വരുതിക്ക് നിർത്തുന്നതുപോലെ അഭിനേതാവും മനസ്സിനെ വരുതിക്ക് നിർത്താൻ പഠിക്കണം. സ്വന്തം മനസ്സിനെ കഥാപാത്രത്തിെൻറ മനസ്സാക്കിമാറ്റാൻ കഴിഞ്ഞാൽ, പിന്നെ മുഖത്തെ പേശികൾക്കും കണ്ണിനും കൺപുരികങ്ങൾക്കും അഭിനയഗോഷ്ടികൾ കാണിക്കേണ്ടിവരില്ല. വെറുതെ നിന്നുകൊടുത്താൽ മാത്രം മതി. കഥാപാത്രം സ്ക്രീനിൽനിന്ന് നമ്മളിലേക്ക് ഒഴുകിയിറങ്ങിവരും. പക്ഷേ, അങ്ങോട്ടുപോടാ എന്ന് പറഞ്ഞാൽ പോകുന്നവനാണോ ഈ മനസ്സ്? അല്ല... ഈ സങ്കീർണ യാത്രക്കാരനെ ഭവ്യമായി ഒക്കത്തെടുത്ത് വ്യത്യസ്തമായ സ്റ്റേഷനുകളിലൂടെ കൂട്ടിക്കൊണ്ടുപോയി അവൻപോലും അറിയാതെ അവനെ ലക്ഷ്യത്തിലെത്തിക്കണം. അതിന് ഹോംവർക്കുകൾ വേണം. ദിലീപ് കുമാർ അത് ധാരാളം ചെയ്തിരുന്നു. മനസ്സിന് സിനിമ മടുക്കുമ്പോൾ അവനെ വ്യായാമത്തിന്‍റെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകും.
അല്ലെങ്കിൽ വായനയുടെ, ഷട്ടിൽകളിയുടെ, ദീർഘയാത്രകളുടെ, ചിത്രരചനയുടെ വിവിധ സ്റ്റേഷനുകളിലേക്ക്. പിന്നെ ഒരു പുത്തൻ ഉണർവോടെ തിരികെ കൊണ്ടുവന്ന്, കഥ–തിരക്കഥാ ചർച്ചകളിലേക്ക് വീണ്ടും ഇറക്കി, സിനിമയുടെ ഓരോ ഘട്ടങ്ങളിലൂടെ കടത്തി ഒടുവിൽ ആക്ഷൻ എന്ന കമാൻഡ് കേൾക്കാനായി അവനെ ഉത്തേജിപ്പിച്ചുനിർത്തും. വഴക്കാളി കുട്ടികളെ മിഠായി കൊടുത്ത് മയക്കുംപോലെ ചിലപ്പോൾ അവനെ മയക്കിയെടുക്കേണ്ടിവരും. അല്ലെങ്കിൽ, കർക്കശമായി വടിയെടുത്ത് നായയെയും നാട്ടാനയെയും മെരുക്കുംപോലെ മെരുക്കി എടുക്കണം. ഒരിക്കൽ മനസ്സ് ലേശം മടിച്ചുനിൽക്കുന്നതായി ദിലീപിന് തോന്നി. അപ്പോൾ, സ്റ്റുഡിയോയുടെ ഏക്കറുകൾ പരന്നുകിടക്കുന്ന കോമ്പൗണ്ടിലൂടെ മണിക്കൂറുകൾ ഓടിയോടി തളർന്ന് അവശനാകേണ്ടിവന്നു ദിലീപിന് അവനെയൊന്ന് മെരുക്കിയെടുക്കാൻ. എന്നിട്ടാണ് ആ സീൻ അഭിനയിച്ചത്. 'ഗംഗാജംന'യിലെ മരണത്തിന് തൊട്ടുമുമ്പുള്ള ക്ലൈമാക്സ് സീൻ ആയിരുന്നു അത്. ഈ ഹോംവർക്കുകളാണ് ഞാൻ മുമ്പേ പറഞ്ഞ ദിലീപ് കുമാറിന്‍റെ പിന്നാമ്പുറങ്ങൾ...
അത്യുജ്ജ്വലം എന്ന് വിശേഷിപ്പിക്കേണ്ട അഭിനയപ്രതിഭകൾ മലയാള സിനിമയിലുമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഇന്ത്യയിലെ ഇതര ഭാഷകളിലും ഉണ്ട് പേരെടുത്ത നടിമാരും നടന്മാരും. പക്ഷേ, അഭിനയറേഞ്ചും 'സംഗതി'കളുംകൊണ്ട് പരസ്പരം മത്സരിക്കുന്ന പ്രതിഭകളുടെ സംഗമം മലയാളത്തിൽ ഉള്ളതുപോലെ വേറെങ്ങുമില്ല. അവരൊക്കെ ചെയ്തുവെച്ചിരിക്കുന്നതിൽനിന്നുതന്നെ, ധാരാളം അറിയാനും പഠിക്കാനുമുണ്ട് നമ്മുടെ യുവതലമുറക്ക്. എന്നാലും സിനിമയെ ഒരു തപസ്യയായി, അർപ്പണമായി ആശ്ലേഷിക്കാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ, തലമുറകളിലൂടെ ഇനി വരാനിരിക്കുന്ന ബച്ചന്മാരുടെയും ഖാന്മാരുടെയും മുന്നിൽ എന്നും മലർക്കെ തുറന്നുവെക്കേണ്ട അഭിനയത്തെയും അഭിനയത്തിന്‍റെ പിന്നാമ്പുറങ്ങളെയും കുറിച്ചുള്ള ഒരു ഉപരിപഠന പാഠപുസ്തകമാണ് ദിലീപ് കുമാർ.
കുറച്ചുകാലം മുമ്പ് ദിലീപ് കുമാറിന് അൽഷൈമേഴ്സ് എന്ന രോഗം പിടിപെട്ടു. പരവശയായ സൈറാബാനു രോഗപരിഹാരത്തിനായി പലവഴിയെയും പരക്കംപാഞ്ഞു. കൂട്ടത്തിൽ അൽഷൈമേഴ്സിനെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ 'തന്മാത്ര' എന്ന ചിത്രം വരുത്തി കാണുകയും ചെയ്തു. എല്ലാം കഴിഞ്ഞ് ചൈനയിൽ കൊണ്ടുപോയി അക്യുപങ്ചറിലൂടെയാണ് ആ രോഗം ഭേദമാക്കിയത്. കേട്ടറിഞ്ഞതാണ്. ശരിയാകട്ടെ, തെറ്റാകട്ടെ പറഞ്ഞുവരുന്നത് സൈറാബാനുവിനെക്കുറിച്ചാണ്.
നാൽപത്തിനാലാം വയസ്സിലാണ് ദിലീപ് കുമാർ വെള്ളിത്തിരയിൽ വെട്ടിത്തിളങ്ങിനിന്ന ഇരുപത്തിരണ്ടുകാരിയായ ഈ മനോഹര കാവ്യത്തെ വിവാഹം കഴിക്കുന്നത്. ദിലീപ് കുമാർ അങ്ങനെയാണ്. കവിത എവിടെ കണ്ടാലും അതിനുപിന്നാലെ പോകും. വസ്ത്രധാരണത്തിൽ, പെരുമാറ്റത്തിൽ, പ്രസംഗത്തിൽ, കുട്ടികളോടുള്ള വാത്സല്യത്തിൽ, സഹോദരങ്ങളോടുള്ള സ്നേഹത്തിലൊക്കെ കവിത കണ്ടു. അത്തരക്കാർക്ക് സംഭവിക്കാറുള്ളത് ദിലീപിനും സംഭവിച്ചു. സ്രഷ്ടാവ് ഒന്നേയുള്ളൂ. അതുകൊണ്ടുതന്നെ കൊച്ചുകൊച്ച് സ്രഷ്ടാക്കളായ കലാകാരന്മാരും സാഹിത്യകാരന്മാരും ജനിക്കുമ്പോൾതന്നെ പ്രകൃതി അവർക്കുനേരെ അമ്പുകൾ എയ്യാറുണ്ട്. പലരെയും അകാലത്തിൽ ദഹിപ്പിച്ചുകളയുന്ന നെഗറ്റിവ് ഫോഴ്സുകൾ എന്ന കൂരമ്പുകൾ... ലോകമുണ്ടായ കാലംമുതൽ നടക്കുന്ന പ്രതിഭാസമാണത്. സിനിമയിൽ എനിക്കു മുമ്പേ പോയ തലമുറകളിൽ പലരും ആ അമ്പുകളിൽനിന്ന് രക്ഷപ്പെടാൻ കണ്ട ചളിക്കുണ്ടുകളിലൊക്കെ ചാടി ഇല്ലാതായിട്ടുണ്ട്. അത് മനസ്സിലാക്കിയ എന്‍റെ തലമുറ കരുതലോടെ നിന്നു. ഇനി വരുന്ന തലമുറക്കാരോ? ചങ്ങമ്പുഴയും വയലാറും പി. കുഞ്ഞിരാമൻ നായരുമൊക്കെയുണ്ട് ആ അമ്പുകളേറ്റ് മരിച്ചവരുടെയും മുറിവേറ്റവരുടെയും കൂട്ടത്തിൽ.
ദിലീപ് കുമാറിന് നേരെയും എറിയപ്പെട്ടു ചാട്ടുളികൾ. ആ ചാട്ടുളികൾ കവിതകളായിരുന്നു. കവിതകൾക്ക് സ്ത്രീരൂപങ്ങളായിരുന്നു. സ്ത്രീകൾ കുളിർതെന്നലായി, കൊടുങ്കാറ്റായി, അവജ്ഞയായി, അനുഭൂതിയായി, ഈർഷ്യയായി, സാന്ത്വനമായി അദ്ദേഹത്തിലൂടെ കയറിയിറങ്ങിപ്പോയിട്ടുണ്ട്. നിരവധി തവണ വിവാഹത്തിന് മുമ്പും ഒരുതവണ വിവാഹത്തിന് പിമ്പും. എന്നിട്ടും, എന്നിട്ടും സൈറ ഒരു തോഴിയായി, ദാസിയായി, അമ്മയായി, മകളായി, കാവൽമാലാഖയായി അദ്ദേഹത്തെ ഉള്ളങ്കൈയിൽ കൊണ്ടുനടന്നു. നീണ്ട അമ്പതിലധികം വർഷങ്ങൾ...
ദിലീപ് കുമാർ അതുല്യനായ ഒരു നടനായിരുന്നു... തീർച്ച. പക്ഷേ, അതിനും വളരെ മുകളിൽ നിൽക്കുന്ന അതുല്യനായ ഒരു മനുഷ്യനെ സൈറാബാനു കണ്ടിട്ടുണ്ടാവണം. അതുമല്ലെങ്കിൽ എല്ലാ നെഗറ്റിവ് ഫോഴ്സുകളെയും അതിജീവിച്ച് തന്നിലേക്ക് മാത്രം വിലയംപ്രാപിച്ച് പൂർണതൃപ്തനായി മാറിയ ഒരു സാധുമനുഷ്യനോടുള്ള അനുകമ്പയും സ്നേഹവാത്സല്യങ്ങളും ആയിരിക്കണം, അവരുടേത്!
ഇടക്ക് ഞാൻ പറഞ്ഞുവല്ലോ, ദിലീപ് കുമാർ കണ്ണുകൊണ്ട് ചിരിക്കുന്നു, ശരീരംകൊണ്ട് അഭിനയിക്കുന്നു എന്നൊക്കെ. സൂക്ഷ്മമായി നിരീക്ഷിച്ചാൽ വേണേൽ നിങ്ങൾക്കും അതുകാണാം. യൂട്യൂബിൽ pyar kiya tho darna kya mughal–e – azam (colour version) എന്ന് വിരലുകൾ ഓടിച്ചാൽ മതി. ഇന്ത്യൻ സിനിമയിലെ തന്നെ ഏറെ പ്രശസ്തമായ ആ പാട്ട് സീൻ നിങ്ങൾക്കായി തുറക്കപ്പെടും. കോണ്ടസ്റ്റ് ഇതാണ്: മഹാനായ അക്ബർ ചക്രവർത്തിയെ വെറും കൊച്ചനാക്കി മാറ്റിയ സലീം–അനാർക്കലി പ്രണയം. നടനസഭയിൽ പ്രണയത്തെ നിഷേധിച്ച് പാടിയാടി എന്നെന്നേക്കുമായി അത് അവസാനിപ്പിക്കാൻ അനാർക്കലിയോട് കൽപിക്കപ്പെട്ടിരുന്നു. പക്ഷേ, അനാർക്കലി ചെയ്തത് ഞാനിനിയും പ്രണയിക്കും, എന്തിനുഭയക്കണം, അതൊരു മോഷണം ഒന്നുമല്ലല്ലോ എന്ന് പാടിയാടി ആ കൽപനയെ ധിക്കരിക്കലായിരുന്നു.
അത് കാണുമ്പോഴുള്ള അക്ബറിന്‍റെ കലി, സലീമിന്‍റെ ഉള്ളിലെവിടെയോ ഉണരുന്ന നിഗൂഢമായ ചിരി, അടുത്തുനിന്ന തോഴിയോട് ''മാറ്, അകന്ന് മാറി നിൽക്ക്'' എന്ന് സലീം ശരീരംകൊണ്ട് പറയുന്നതൊക്കെ അവിടെക്കാണാം; ഒപ്പം ഒരപൂർവ സമ്മേളനവും. സംവിധായകന്‍റെ, കലാസംവിധായകന്‍റെ, കാമറാമാന്‍റെ, മേക്കപ്പ്മാന്‍റെ, സൗണ്ട് എൻജിനീയറുടെ, കോസ്റ്റ്യൂം ഡിസൈനറുടെ, സംഗീതസംവിധായകന്‍റെ, പിന്നണിഗായികയുടെ, ഗാനരചയിതാവിന്‍റെ, അഭിനേതാക്കളുടെയൊക്കെ 1960ൽ നടന്ന പുത്തൻ പുതുമയുള്ള ഒരു അത്യപൂർവ മഹാസമ്മേളനം. അതും വെറും അഞ്ചാറുമിനിറ്റുകൾകൊണ്ട്. ട്രൈ ഇറ്റ്!
(2015 ജനുവരിയിൽ 'മാധ്യമം' ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.