നിത്യഹരിത നായകൻ പ്രേംനസീർ വിടപറഞ്ഞിട്ട് ഇന്നേക്ക് 35 വർഷം
text_fieldsമലയാളത്തിന്റെ നിത്യഹരിത നായകൻ അബ്ദുൽ ഖാദർ എന്ന പ്രേംനസീർ വിടപറഞ്ഞിട്ട് ഇന്നേക്ക് 35 വർഷം. നാലു പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ 781 സിനിമകളിൽ നായകനായി ലോക റെക്കോഡ്. എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ച് തുടങ്ങിയത്. 1952ലെ 'മരുമകൾ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടെയും നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ കഥാപാത്രങ്ങൾ.
1952ലെ ‘വിശപ്പിന്റെ വിളി’ താരപ്പകിട്ടിലേക്കുയർത്തിയ ചിത്രമായിരുന്നു. വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയും ചേർന്നാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്ന് പുനർനാമകരണം ചെയ്തത്. വളരെ പെട്ടന്നായിരുന്നു ജനകീയ നായകനിലേക്ക് നസീർ വളർന്നത്. 'പൊന്നാപുരം കോട്ട'യിലൂടെ നസീർ പ്രേം നസീറായി.
672 മലയാളചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു.130 സിനിമകളിൽ ഒരേ നായിക(ഷീല)യോടൊത്ത് അഭിനയിച്ചതിന് ഗിന്നസ് റെക്കോഡും കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രത്തിലും (തച്ചോളി അമ്പു) ആദ്യ 70 എം.എം ചിത്രത്തിലും(പടയോട്ടം) നായകൻ എന്ന റെക്കോർഡും പ്രേംനസീറിന് സ്വന്തം.
അദ്ദേഹത്തിന്റെ ഓർമക്കായി 1992ലാണ് പ്രേംനസീർ പുരസ്കാരമേർപ്പെടുത്തിയത്. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 1990 ൽ പുറത്തിറങ്ങിയ 'കടത്തനാടൻ അമ്പാടി' ആണ് നസീറിന്റെ ഒടുവിലിറങ്ങിയ പടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.