'കെ.ജി.ജോർജ്'; മലയാള സിനിമയിൽ നവതരംഗത്തിന് വഴിതെളിയിച്ച സംവിധായകൻ
text_fieldsമലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട പേരുകളിലൊന്ന് കെ.ജി ജോർജിന്റേതായിരിക്കും. 1976ൽ റിലീസ് ചെയ്ത സ്വപ്നാടനം മുതൽ അവസാനമെത്തിയ ഇളവങ്കോട് ദേശം വരെയുള്ള സിനിമകൾ ഓരോന്നും കെ.ജി ജോർജെന്ന സംവിധായകന്റെ ക്രാഫ്റ്റ്മാൻഷിപ്പ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. കലാമൂല്യവും വാണിജ്യവുമെന്ന പേരിൽ സിനിമക്കകത്തെ അതിർ വരമ്പുകളെ ലംഘിക്കുന്നതായിരുന്നു ജോർജിന്റെ സിനിമകൾ. കലാമൂല്യമുള്ള ചിത്രങ്ങളായി നിലനിൽക്കുമ്പോൾ തന്നെ കൊട്ടകകളിൽ ആളെക്കൂട്ടാനും കെ.ജി ജോർജിന്റെ സിനിമകൾക്ക് കഴിഞ്ഞു.
പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം പൂർത്തിയാക്കി കോടാമ്പാക്കത്ത് രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി നിൽക്കുമ്പോഴാണ് ജോർജ് ആദ്യചിത്രം സിനിമയെന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നത്. 1975ലാണ് രാമു കാര്യാട്ടിന്റെ അമ്മുവിന്റെ ആട്ടിൻകുട്ടിയെന്ന അവസാന ചിത്രം പുറത്തിറങ്ങുന്നത്. ആ വർഷം തന്നെയാണ് തന്റെ ആദ്യ സിനിമയുടെ ആലോചനകൾ ജോർജ് നടത്തുന്നത്. ജോർജിന്റെ ശ്രമം സ്വപ്നാടനമെന്ന പേരിൽ 1976 മാർച്ചിൽ തിയറ്ററുകളിലെത്തി.
സൈക്കോഡ്രാമ വിഭാഗത്തില്‍പ്പെടുത്താവുന്ന സ്വപ്നാടനം സങ്കീര്‍ണമായ സ്ത്രീ-പുരുഷ ബന്ധത്തെയാണ് അടയാളപ്പെടുത്തിയത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ മറ്റൊരു യുവതിയെ വിവാഹംകഴിക്കേണ്ടിവരുന്ന ഗോപി എന്ന യുവാവ് വിവാഹപൂര്‍വ പ്രണയത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട് മനോരോഗിയാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വാണിജ്യ സിനിമക്ക് വേണ്ടിയിരുന്ന പതിവ് ചേരുവകൾ ഇല്ലാതിരുന്നിട്ടും സ്വപ്നാടനം തിയറ്ററിൽ വിജയമായത് ജോർജിന്റെ സംവിധാനത്തിലെ മാന്ത്രികത കൊണ്ട് മാത്രമായിരുന്നു.
പിന്നീടെത്തിയ വ്യാമോഹവും ഇനി അവർ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും അത്രകണ്ട് ശ്രദ്ധേയമായില്ലെങ്കിലും 70കളിൽ യുവാക്കളിൽ ഉണ്ടായിരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും മാനസിക പ്രശ്നങ്ങളും ചർച്ചയാക്കിയ രാപ്പാടികളുടെ ഗാഥ കെ.ജി ജോർജിലെ സംവിധായക മികവിനെ വീണ്ടും അടയാളപ്പെടുത്തിയ ചിത്രമായിരുന്നു.
പിന്നീട് കെ.ജി ജോർജിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയിലെ മികച്ചതെല്ലാം അദ്ദേഹം സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തു. മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ‘ഉൾക്കടൽ’, ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ സിനിമയായ ‘പഞ്ചവടിപ്പാലം’,മലയാള സിനിമയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ ‘യവനിക’,മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ‘ഇരകൾ’, മലയാള സിനിമയിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ ‘ആദാമിന്‍റെ വാരിയെല്ല്’ എന്നിവയെല്ലാം പുറത്തിറങ്ങിയത് കെ.ജി ജോർജിന്റെ സംവിധാനത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.