കുറസോവയും റാഷമോൺ എഫക്റ്റും
text_fieldsഒരുകാലത്ത് ജാപ്പനീസ് സിനിമാലോകം അടക്കിവാണിരുന്ന, ഇപ്പോഴും ഓരോ സിനിമാപ്രേമിയുടെയും ഇഷ്ട സംവിധായക ലിസ്റ്റിൽ ഇടംപിടിക്കുന്ന അകിര കുറസോവയുടെ ജന്മദിനമാണ് ഇന്ന്, മാർച്ച് 23.
ആരാണ് അകിര കുറസോവ?
ഇസാമു കുറസോവയുടെയും ഷിമാ കുറസോവയുടെയും എട്ടു മക്കളിൽ ഏറ്റവും ഇളയവൻ -അകിര കുറസോവ.1910 മാർച്ച് 23ന് ടോകിയോയിലെ ഒമോരി ജില്ലയിൽ ഓയ്-ചോ എന്ന സ്ഥലത്ത് ജനനം. സിനിമയോട് ഇഴുകി ചേർന്ന കുട്ടിക്കാലം ആയിരുന്നു കുറസോവയുടേത്. സിനിമയിൽ തല്പരരായിരുന്ന പിതാവിനോടും സഹോദരനോടുമൊത്ത് അമേരിക്കയിൽനിന്നും ഇറക്കുമതി ചെയ്യപ്പെട്ട നിശബ്ദ സിനിമകൾ അകിരയും കാണാറുണ്ടായിരുന്നു.
പഠനകാലത്ത് ഒരുപാട് അബ്സ്ട്രാക്റ്റ് ചിത്രങ്ങൾ വരച്ച കുറസോവ ഹൈസ്കൂൾ പഠനത്തിനുശേഷം ഒരു ചിത്രകാരനാകുവാൻ മോഹിച്ചെങ്കിലും പ്രവേശന പരീക്ഷ ജയിക്കാനാവാത്തതുമൂലം പെയിന്റിങ് സ്കൂളിൽ പ്രവേശനം ലഭിച്ചില്ല. നിശബ്ദ സിനിമകൾക്ക് വിവരണങ്ങൾ നൽകുന്ന ബെൻഷി യായിരുന്ന ജ്യേഷ്ഠൻ ഹെയ്ഗോയുടെ സാന്നിദ്ധ്യമാണ് അകിരയുടെ സിനിമാകമ്പത്തെ വളർത്തിയെടുത്തത്.
സിനിമകൾ വിടാതെ കണ്ടും അവയെ തന്റെ പെയിന്റിങ്ങുകളുമായി താരതമ്യം ചെയ്തും അകിര തന്റെ സിനിമാ ജീവിതത്തിലേക്ക് ചുവടുകൾ വെച്ചു. ഒരു ചിത്രകാരനെന്ന നിലയിൽ ശോഭിക്കപ്പെട്ടില്ലെങ്കിലും ജാപ്പനീസ് സിനിമ ലോകത്തിന് അയാൾ ഒരു മുതൽക്കൂട്ടാകാൻ ഒരുങ്ങുകയായിരുന്നു.
കുറസോവയും ജാപ്പനീസ് സിനിമാലോകവും
വിദേശ സിനിമകളെക്കുറിച്ചും ജാപ്പനീസ് സിനിമകളെക്കുറിച്ചും ആഴത്തിൽ അറിവുണ്ടായിരുന്ന കുറസോവ 1935-ൽ ഫോട്ടോ കെമിക്കൽ അസിസ്റ്റന്റ് ഡയറക്ടർമാരുടെ പട്ടികയിലേക്ക് എത്തപ്പെട്ടതാണ് അദ്ദേഹത്തിന്റെ സിനിമാ വഴികൾ കൂടുതൽ വിശാലമാക്കിയത്. സംവിധാന സഹായികളുടെ മേൽനോട്ടക്കാരനായിരുന്ന ഡയറക്റ്റിങ് സൂപ്പർവൈസർ യമാമോട്ടോ കോജിറോയുമായി കുറസോവ പരിചയത്തിലാകുന്നതും ഈ കാലത്തായിരുന്നു. ഒരു സംവിധായകനെന്ന നിലയിൽ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ കാര്യങ്ങൾ പോലും കൈകാര്യം ചെയ്യേണ്ടത് കുറസോവയുടെ ഉത്തരവാദിത്തമായിരുന്നു. അതിൽ ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട്.
കുറസോവയും ജാപ്പനീസ് സിനിമാലോകവും തമ്മിലുള്ള അഭേദ്യമായ ബന്ധം തുടങ്ങുന്നത് 1930 കാലഘട്ടത്തിലാണ്. 1930 കളുടെ അവസാനവും 40 കളുടെ പകുതി വരെയും ജപ്പാൻ എന്ന രാഷ്ട്രത്തെ പോലെ കുറസോവക്കും നിർണായകമായിരുന്നു. 1936-ലാണ് കുറസോവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളില്‍ ജോലിചെയ്ത അദ്ദേഹം രണ്ടാം ലോകയുദ്ധകാലത്ത് ജനപ്രിയ ചിത്രമായ 'സന്‍ഷിരോ സുഗാട്ട'യിലൂടെയാണ് സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1880കളിലെ ജൂഡോ ഗുരുക്കന്മാരെ കുറിച്ചുള്ള ആ ചിത്രം വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രീതി നേടിയത്. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന കാലം ജപ്പാനും കുറസോവ സിനിമകൾക്കും നവോത്ഥാനത്തിന്റെ കാലമായിരുന്നു.
റാഷമോൺ
അകിര കുറോസോവയുടെ മാസ്റ്റർ പീസായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് റാഷമോൺ. 1950ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ കഥയും ആഖ്യാനരീതിയും 65 വർഷങ്ങൾക്കിപ്പുറവും ചർച്ചയാവുന്നു.
'റാഷമോൺ' എന്ന ജാപ്പനീസ് പദത്തിനു പ്രധാന 'നഗരകവാടം' എന്നാണർത്ഥം. കോരിച്ചൊരിയുന്ന മഴയിൽ നിന്നു രക്ഷപെടുന്നതിനായി ഗോപുരത്തിന്റെ ചുവട്ടിൽ അഭയം തേടിയ മരം വെട്ടുകാരനും പുരോഹിതനും അവർക്കിടയിലേക്ക് എത്തുന്ന ഭിക്ഷക്കാരനും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് റാഷമോൺ നീങ്ങുന്നത്.
ടോഷിരോ മിഫുന്‍ അഭിനയിച്ച് 1950-ല്‍ ടോകിയോയില്‍ പ്രദര്‍ശിപ്പിച്ച റാഷമോണ്‍ അപ്രതീക്ഷിതമായാണ് 1951-ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ ഗോൾഡൻ ലയൺ പുരസ്‌കാരം നേടുന്നത്. അവിടെ തുടങ്ങുന്നു കുറസോവയുടെ പ്രശസ്തി. എന്നാൽ ജപ്പാനിൽ റാഷമോൺ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും 'റാഷമോൺ എഫക്ട്' പടർന്നു കഴിഞ്ഞിരുന്നു. യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കിയ ചിത്രം നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വാണിജ്യപരമായും വൻ വിജയമായിരുന്നു. ലോകസിനിമ അതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഒരു കഥ പറച്ചില്‍ രീതിക്കും സിനിമ കാഴ്ചക്കുമാണ് റാഷമോണ്‍ തുടക്കം കുറിച്ചത്.
റാഷമോൺ എഫക്റ്റ്
കുറസോവയുടെ റാഷമോണിലൂടെ (1950) തന്നെയാണ് 'റാഷമോൺ എഫക്റ്റ്' ഉണ്ടായത്. സിനിമ, ശാസ്ത്രം, നിയമം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന അപൂർവമായ ഒരു കഥപറച്ചിൽ പദമാണ് റാഷമോൺ എഫക്റ്റ്.
ഒരൊറ്റ സംഭവം. ഒന്നിലധികം സാക്ഷികളുടെ കാഴ്ചപ്പാടിൽ, വിവിധ രീതികളിൽ അവതരിപ്പിക്കപ്പെടുന്നു. ഒടുവിൽ സംഭവത്തിന്റെ യഥാർത്ഥ വസ്തുത കൊണ്ടുവരുന്നതിനെയാണ് റാഷമോൺ എഫക്റ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സിനിമയും റാഷമോൺ എഫക്‌റ്റും ചരിത്രത്തിലുടനീളം എണ്ണമറ്റ സിനിമകളെ സ്വാധീനിച്ചിട്ടുണ്ട്.
റാഷമോൺ മുതൽ റാൻ വരെ
റാഷമോണിന് ശേഷം കുറസോവയുടെ ശ്രദ്ധിക്കപ്പെട്ട, ക്ലാസിക് സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), സെവന്‍ സമുറായിസ് (1954), യോജിമ്പോ (1961), റാൻ (1985) തുടങ്ങിയവയും വലിയതോതിലാണ് ജനപ്രീതി നേടിയത്. സോവിയറ്റ് യൂനിയനിൽ അദ്ദേഹം ചിത്രീകരിച്ച ദെർസു ഉസാല (1975) മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ വരെ കരസ്ഥമാക്കിയിട്ടുണ്ട്.
ചെറുപ്പം മുതലേയുള്ള പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം കുറസോവ സിനിമകളിലും പ്രകടമായിരുന്നു. ഷേക്സ്പിയറും അമേരിക്കൻ പൾപ്പ് നോവലുകളും ഹോളിവുഡ് ആഖ്യാന ശൈലികളും ചലച്ചിത്ര നിർമ്മാണ സാങ്കേതികതകളും തന്റെ സിനിമകളിൽ കൊണ്ടുവരാൻ കുറസോവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഹോളിവുഡിലും മറ്റും സിനിമകൾ റീമേക്ക് ചെയ്ത ആദ്യത്തെ ജാപ്പനീസ് സംവിധായകനാണ് കുറസോവ. ഇന്ന് ഉപയോഗിക്കുന്ന ഛായാഗ്രഹണ സാങ്കേതിക വിദ്യകളുടെ സൃഷ്ടാവ് അകിരയായിരുന്നുവെന്ന് നിസംശയം പറയാൻ സാധിക്കും. അതിന് ഉദാഹരണമാണ് സെവൻ സമുറായിലെ യുദ്ധരംഗങ്ങൾ. രണ്ടോ മൂന്നോ ക്യാമറകൾ ഉപയോഗിച്ചായിരുന്നു സിനിമ ചിത്രീകരിച്ചത്.
'ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരനാണ് കുറസോവ' എന്ന ഗബ്രിയേൽ ഗാർസ്യ മാർകസിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാണ്. ജാപ്പനീസ് സിനിമ ഇന്ന് ഇത്രത്തോളം വളർന്നിട്ടുണ്ടെങ്കിൽ അതിന് പ്രധാന പങ്ക് വഹിച്ചതിൽ കുറസോവ എന്നും മുൻപന്തിയിലായിരിക്കും. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ ഇന്നും കുറസോവ നിറഞ്ഞ് നിൽക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.