ഓവറാനും ആനപ്പാറ അച്ചാമ്മയും
text_fieldsമലയാളത്തിന്റെ പ്രിയ സംവിധായകൻ സിദ്ദീഖുമായുള്ള ഓർമകൾ പങ്കുവെക്കുകയാണ് പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ലേഖകൻ.
സീൻ 1
പകൽ/ അകം
കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടൽ ഹാൾ
അഭിനയമോഹികളായ പല പ്രായക്കാരും തരക്കാരും തിങ്ങിനിറഞ്ഞിരിക്കുന്നു. മലയാള സിനിമയിലെ ചിരിയുടെ ഗോഡ്ഫാദറും സംവിധായകനുമായ സിദ്ദീഖ് നേതൃത്വംനൽകുന്ന നിർമാണക്കമ്പനിയായ മീഡിയ യൂനിവേഴ്സും എമിറേറ്റ്സ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ‘പൊറാട്ടുനാടകം’ എന്ന സിനിമയുടെ ഓഡിഷൻ. ഓഡിഷനെത്തിയവരുടെ കഥാപാത്രങ്ങളായുള്ള പ്രകടനം പകർത്തുന്ന ചെറുസംഘം. ഹാളിനുപിന്നിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് മോണിറ്ററിൽ ഓഡിഷനു വന്നവരുടെ പ്രകടനം വിലയിരുത്തുന്ന സിദ്ദീഖ് സാർ. കൂടെ സാറിന്റെ ശിഷ്യനും ‘പൊറാട്ടുനാടക’ത്തിന്റെ സംവിധായകനുമായ നൗഷാദ് സാഫ്രോണും തിരക്കഥാകൃത്തായ ഞാനുംചീഫ് അസോസിയറ്റ്സായ കുഞ്ഞേട്ടനും രാജേഷും. ഓരോരുത്തരുടെയും പ്രകടനമികവ് നോക്കി കഥാപാത്രത്തിന് അനുയോജ്യരായവരെ തിരഞ്ഞെടുക്കുന്നതിനിടയിൽ ഒരാളുടെ ‘ഓവർ’ പ്രകടനം കണ്ട് സിദ്ദീഖ് സാർ ചോദിച്ചു: ‘‘ഇയാളെന്താ ഇത്ര ഓവറാക്കുന്നത്?’’
അസിസ്റ്റന്റ് ഡയറക്ടറായ സുമേഷ് പറഞ്ഞു: ‘‘സാറിനെ കാണിക്കാനാ... മാത്രമല്ല, ഇവിടെയുള്ള എല്ലാവർക്കും കാണാനായിട്ടാ പുള്ളി അഭിനയിക്കുന്നതെന്നും പറഞ്ഞാ ഇത്രയും ഓവറാക്കി ചെയ്യുന്നത്’’.
ഇത് കേട്ടിരുന്ന സിദ്ദീഖ് സാറിന്റെ കൗണ്ടർ ഉടൻ വന്നു... ‘‘ഇവിടുള്ളവർക്ക് മാത്രം കാണാൻ ഇയാൾ ഇത്ര ഓവറാക്കിയെങ്കിൽ, കേരളത്തിലുള്ളവർക്ക് മുഴുവൻ കാണാൻ എന്തോരം ഓവറാക്കും..?’’
ഗൗരവത്തോടെ സാറിത് പറഞ്ഞതുകേട്ട് ചുറ്റും നിന്നിരുന്ന ഞങ്ങൾ ഫ്രണ്ട്സിലെ പെയിന്റു പണിക്കാരെപ്പോലെ ഓവറായി ചിരിച്ചുമറിഞ്ഞു. ചിരി തീർന്നപ്പോൾ ‘ഓവറാനെ’ നോക്കി സിദ്ദീഖ് സാർ പറഞ്ഞു: ‘‘അയാളെ പറഞ്ഞുവിടണ്ട, നല്ല നടനാണ്; അയാളോടിനി അഭിനയിക്കണ്ട, കഥാപാത്രമായി ബിഹേവ് ചെയ്താൽമതിയെന്ന് പറയൂ, അയാൾ ഓക്കെയായിക്കോളും’’.
സാറിന്റെ പ്രവചനംപോലെ തേഡ് ടേക്കിൽ അയാളും അതുകണ്ട ഞങ്ങളും ഓക്കെയായി. അയാളെ ഞങ്ങളുടെ സിനിമയിലെടുത്തു. എൽദോയെ സിനിമയിലെടുത്ത സന്തോഷത്തോടെ അയാൾ സിദ്ദീഖ് സാറിനൊപ്പം സെൽഫിയുമെടുത്തു. തിരഞ്ഞെടുപ്പിൽ സിദ്ദീഖ് സാർ നടത്തുന്ന സൂക്ഷ്മതയും പുതിയ ആളുകളെ പരീക്ഷിക്കാനും അവർക്ക് അവസരം നൽകാനുമുള്ള നല്ല മനസ്സും നേരിട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
സായികുമാർ, രേഖ, ഗീതാ വിജയൻ, ഹരിശ്രീ അശോകൻ, മച്ചാൻ വർഗീസ്, നിർമൽ പാലാഴി, സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ തുടങ്ങി സിദ്ദീഖ് സിനിമകളിലൂടെ വന്ന് വെള്ളിത്തിരയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരായ ഒരുപാടു പേർ ഓർമയിലെത്തി. നാലു ദിവസമായി നടന്ന ഓഡിഷനിലും അഭിനയ ക്യാമ്പിലും സജീവമായി പങ്കെടുത്ത സിദ്ദീഖ് സാറിന്റെ പെരുമാറ്റവും ഇടപെടലും തമാശ പറച്ചിലും വലുപ്പച്ചെറുപ്പമില്ലാതെ വീട്ടുകാര്യങ്ങൾ ചോദിച്ച് കുശലം പറയുന്നതുമെല്ലാം കണ്ടിട്ട് ക്യാമ്പിൽ പങ്കെടുത്തുകൊണ്ടിരുന്ന ചില സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഒന്നുരണ്ടു പേർ പറഞ്ഞു: ‘‘എന്തു സിംപ്ളാണീ മനുഷ്യൻ...!’’
അതായിരുന്നു സിദ്ദീഖ് സാർ. പരിചയപ്പെടലിന്റെ ആദ്യ നിമിഷം മുതൽ ഹൃദയത്തിലെ സ്നേഹത്തിന്റെ ഒരറയിലേക്ക് നേരിട്ട് നടന്നുകയറുന്ന സാധാരണക്കാരനായ അസാധാരണ മനുഷ്യൻ. മാന്നാർ മത്തായി, എൽദോ, ഗർവ്വാസീസാശാൻ, റാംജിറാവു, ഹംസക്കോയ, അഞ്ഞൂറാൻ, ആനപ്പാറ അച്ചാമ്മ, ഹിറ്റ്ലർ മാധവൻകുട്ടി, ലാസർ ഇളയപ്പൻ തുടങ്ങിയ എല്ലാവർക്കും സ്രഷ്ടാവിന്റെ ഈ ഗുണം ഉണ്ടായിരുന്നു എന്നുകാണാം.
സീൻ 2
പകൽ/ അകം
ചലച്ചിത്രം സ്റ്റുഡിയോ അനക്സ്, എറണാകുളം
‘പൊറാട്ടുനാടകം’ സിനിമയുടെ ഡബ്ബിങ് തിയറ്റർ. മുന്നിലെ ദൃശ്യങ്ങൾക്കനുസരിച്ച് കഥാപാത്രത്തിന് ശബ്ദംനൽകുന്ന നായകൻ സൈജു കുറുപ്പ്. അപ്രതീക്ഷിതമായി സ്റ്റുഡിയോയിലേക്ക് കയറിവരുന്ന സിദ്ദീഖ് സാർ. സൈജുവിന്റെ ഡബ്ബിങ് കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഡബ്ബിങ്ങിലെ കൃത്യതയെക്കുറിച്ചും ഒറിജിനാലിറ്റിയെപ്പറ്റിയും പുതിയകാലത്തെ സിങ്ക് സൗണ്ട് ഉൾപ്പെടെയുള്ള ശബ്ദകലയിലെ നവസങ്കേതങ്ങളെപ്പറ്റി ചർച്ചയായി.
ചർച്ചക്കിടയിൽ ഒരു ചെറിയ കഥ പറഞ്ഞു. ഇത്തരം കഥകൾ പല സന്ദർഭങ്ങളിലും പതിവായതിനാൽ ചിരിക്കാനായി ഞങ്ങൾ സാറിനു ചുറ്റും കൂടി. ‘‘ഞാനും ലാലും ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഫാസിൽ സാറിന്റെ ഒരു പടത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനിൽ വർക്ക് ചെയ്യുകയാണ്. സ്റ്റുഡിയോയിലെ മറ്റ് യൂനിറ്റുകളിൽ മറ്റു പല സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നുണ്ട്. രാവിലെ ചായ കുടിക്കാൻ പോയപ്പോൾ അതിലെ ഒരു ബൂത്തിൽനിന്ന് ക്രൗഡ് ഡബ്ബിങ് നടക്കുന്നത് പുറത്തു കേൾക്കാം. ക്രൗഡ് നല്ല ശബ്ദത്തിൽ ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കുകയാണ്.
ഉച്ചക്ക് ഊണ് കഴിക്കാൻ പോകുമ്പോഴും വൈകീട്ട് ചായ കുടിക്കാൻ പോയപ്പോഴും ഇതേ ഇൻക്വിലാബ് വിളിതന്നെ. ഒരു സിനിമയിൽ ഇത്രക്ക് ഇൻക്വിലാബോ? സംഗതി അറിയാൻതന്നെ ഞങ്ങൾ തീരുമാനിച്ചു. രാത്രി സ്റ്റുഡിയോ യൂനിറ്റിലെ സൗണ്ട് റെക്കോഡിസ്റ്റിനോട് കാര്യം തിരക്കി. അപ്പോഴദ്ദേഹം പറഞ്ഞു, ആ സിനിമയുടെ ഡയറക്ടർ പെർഫെക്ഷന്റെ ആളാണ്. പുള്ളിക്ക് സാധാരണ ഇൻക്വിലാബ് വേണ്ട, വിളിച്ചുവിളിച്ച് ക്ഷീണിച്ച ഇൻക്വിലാബാണ് വേണ്ടത്. അതിനാണ് ക്രൗഡ് ഡബ്ബിങ്ങിനു വന്ന ആ പാവങ്ങളെക്കൊണ്ട് പെർഫെക്ഷനുവേണ്ടി വൈകീട്ട് ക്ഷീണിക്കുംവരെ ഇൻക്വിലാബ് വിളിപ്പിച്ചതെന്ന്.
സീൻ ചിത്രീകരിക്കുമ്പോൾ ശരിയായി പറയാത്ത ഡയലോഗുകൾ ഡബ്ബിങ്ങിൽ ശരിയാക്കാമെന്നത് തെറ്റിദ്ധാരണയാണെന്നാണ് സാറിന്റെ പക്ഷം.
അതിന് ഉദാഹരണമായി സാർ കൂട്ടുപിടിക്കുന്നത് ‘ഗോഡ്ഫാദറി’ലെ ആനപ്പാറ അച്ചാമ്മയുടെ ഡയലോഗാണ്. ‘നിന്നെയൊക്കെ പ്രസവിച്ച കണക്കിൽപ്പോലും ഞാൻ വിട്ടുകൊടുത്തിട്ടില്ല’ എന്ന് ആനപ്പാറ അച്ചാമ്മ പറയുന്ന ഡയലോഗിന് കുറച്ചുകൂടി നീളമുണ്ടായിരുന്നു. ‘അവിടെ അഞ്ഞൂറാന്റെ ഭാര്യ നാല് പ്രസവിച്ചപ്പോ ഞാനും പ്രസവിച്ചെടാ, നിങ്ങള് നാല് തടിയന്മാരെ, മക്കളുടെ പേരുകളിൽപ്പോലും ഞാൻ വിട്ടുകൊടുത്തിട്ടില്ല, അവിടെ ബാലരാമനെന്ന് അഞ്ഞൂറാൻ മകന് പേരിട്ടപ്പോ ഞാൻ പരശുരാമനെന്നിട്ടു. രണ്ടാമന് അവിടെ സ്വാമിനാഥനെന്നിട്ടപ്പോ ഞാൻ ഭൂമിനാഥനെന്നിട്ടു, മൂന്നാമൻ അവിടെ പ്രേമചന്ദ്രൻ, ഇവിടെ ഹേമചന്ദ്രൻ, ഇളയവനെ രാമഭദ്രനെന്ന് അഞ്ഞൂറാൻ വിളിച്ചപ്പോ ഞാനും വിളിച്ചെടാ വീരഭദ്രനെന്ന്...’ പക്ഷേ, ഈ ഡയലോഗ് മുഴുവൻ പറയാൻ ഫിലോമിനച്ചേച്ചിക്ക് പറ്റിയില്ലെന്നും സീനിൽ കൃത്യമായി എടുത്തില്ലെങ്കിൽ ഡബ്ബിങ്ങിൽ ശരിയാക്കാൻ പറ്റില്ലെന്നു പറഞ്ഞ് ഈ ഡയലോഗിന്റെ പകുതിയേ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളൂവെന്നും സിദ്ദീഖ് സാർ ഓർമപ്പെടുത്തി.
ഈ ചിരിക്കഥകളിൽ സിനിമയിലെ ഓരോ സീനിലും സംവിധായകൻ പുലർത്തേണ്ട പെർഫക്ഷനിലേക്കൊരു ശ്രദ്ധ ക്ഷണിക്കലുണ്ടായിരുന്നു. അതും സിദ്ദീഖ് സാറിന്റെ സവിശേഷതയായിരുന്നു. പറയേണ്ട കാര്യങ്ങൾ വർണക്കടലാസിൽ പൊതിഞ്ഞ മിഠായിപോലെ ചിരിയുടെ കഥയിൽ പൊതിഞ്ഞ് പറയുക. കേൾക്കുന്നവർക്ക് അധ്യാപനത്തിന്റെ അരുചിയില്ലാതെ കാര്യം പിടികിട്ടും, കൂടെ ചിരിയുടെ എക്സ്ട്രാ ഓഫറും. ഈ കഥകളെല്ലാംതന്നെ അദ്ദേഹം സ്വന്തം ജീവിതവഴിയിൽ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതങ്ങളിൽനിന്ന് കണ്ടെടുക്കുന്നവയാണ്. അവയിൽ ചിലതിന് കണ്ണീരിന്റെ നനവുണ്ടാകാം, ദാരിദ്ര്യത്തിന്റെ കയ്പുണ്ടാകാം, പട്ടിണിയുടെ വിശപ്പുണ്ടാകാം; എങ്കിലും ഇവയിൽ പലതും സിദ്ദീഖ് സാർ സിനിമയിലെ കഥാപാത്രങ്ങളിലേക്ക് ചേക്കേറുന്നത് ചിരിയുടെ കൂടുകെട്ടിയാണ്. കാബൂളിവാലയിലെ ‘കൈനീട്ടം നാളെ തന്നാൽ മതിയോ?’, റാംജിറാവു സ്പീക്കിങ്ങിലെ ‘കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ്’ തുടങ്ങിയ ഡയലോഗുകളെല്ലാം ഈ കൂട്ടിൽനിന്നും വന്നതാകണം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.