Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightസത്യജിത് റേ: ഇന്ത്യൻ...

സത്യജിത് റേ: ഇന്ത്യൻ സിനിമയിലെ ഇതിഹാസം

text_fields
bookmark_border
സത്യജിത് റേ: ഇന്ത്യൻ സിനിമയിലെ ഇതിഹാസം
cancel

അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ആദ്യ ഇന്ത്യൻ സംവിധായകൻ, നിരവധി പുരസ്കാരങ്ങൾ നേടിയ 'പഥേർ പാഞ്ചാലി'...., ഈ സൂചനകൾ മാത്രം മതിയാവും സത്യജിത് റേ എന്ന സംവിധായകനെ മനസ്സിലാക്കാൻ. കാമ്പുള്ള ചലച്ചിത്രകാരനിലേക്ക് ഉയർന്ന സത്യജിത്ത് റേയുടെ ജന്മദിനമാണ് ഇന്ന്.

എഴുത്തുകാരനായ സുകുമാർ റേയുടെയും സുപ്രഭയുടെയും മകനായി 1921 മെയ് രണ്ടിന് കൊൽക്കത്തയിലാണ് സത്യജിത്ത് റേ ജനിച്ചത്. കാലിഗ്രഫിയിൽ അസാമാന്യ കഴിവുണ്ടായിരുന്ന റേ വളരെ ചെറുപ്പത്തിൽ തന്നെ ടാഗോറിന്റെ ശാന്തിനികേതനിൽ കാലിഗ്രാഫി, ടൈപ്പോഗ്രാഫി എന്നിവയിൽ ഉപരിപഠനം നടത്തി. സത്യജിത് റേയുടെ കരിയർ തുടങ്ങുന്നത് ഗ്രാഫിക് ഡിസൈനറായിട്ടായിരുന്നു. ഒരുപാട് പ്രസിദ്ധമായ പുസ്തകങ്ങൾക്ക് മുഖചിത്രമൊരുക്കിയിട്ടുണ്ട് അദ്ദേഹം. റേയുടെ ചിത്രണ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ജവഹർലാൽ നെഹ്റുവിന്റെ 'ഡിസ്കവറി ഓഫ് ഇന്ത്യ' അടക്കമുള്ള ഗ്രന്ഥങ്ങളുണ്ട്. പരസ്യ ചിത്രങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു.

നല്ലൊരു ചിത്രകാരനായിരുന്ന റേ, താൻ ചിത്രീകരിക്കാൻ പോകുന്ന രംഗങ്ങളെല്ലാം ചിത്രങ്ങളായി വരക്കുമായിരുന്നു. കൂടാതെ നല്ലൊരു പിയാനോ വാദകൻ കൂടിയാണ് റേ. അതുകൊണ്ടുതന്നെ സിനിമയിലെ പശ്ചാത്തല സംഗീതവും ഒഴുക്കോടു കൂടി ചെയ്യുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മാസ്റ്റർ പീസ് ആയ പഥേർ പാഞ്ചാലിക്ക് 11 അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് കിട്ടിയത്.


സത്യജിത് റേ സിനിമകളുടെ സവിശേഷത

32 ദേശീയ അവാർഡുകൾ, മികച്ച സംവിധായകനുള്ള സിൽവർ ബിയർ അവാർഡ്, 1982ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ ഓണററി അവാർഡ്, ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഓണററി ഓസ്കാർ, അകിറ കുറസോവ പുരസ്കാരം, മൂന്നു പത്മ പുരസ്കാരങ്ങൾ, ദാദാ സാഹിബ് ഫാൽകേ അവാർഡ്, ഒട്ടനവധി പുരസ്കാരങ്ങൾ, സിനിമകൾ... സത്യജിത്ത് റേയെ സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ഇത്രമാത്രം മതിയാവും. റേയുടെ റിയലിസ്റ്റിക് സിനിമകൾ അന്നും ഇന്നും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്നവയാണ്.

സിനിമ പ്രേമികൾ ഇപ്പോഴും കാണാൻ ഇഷ്ടപ്പെടുന്നവയിൽ ഒന്നാണ് 1955-ൽ ഇറങ്ങിയ 'പഥേർ പാഞ്ചാലി'. വെറൈറ്റി മാസികയുടെ എക്കാലത്തെയും മികച്ച 100 സിനിമകളുടെ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ സിനിമ കൂടിയാണ് നിയോ റിയലിസ്റ്റിക് ക്ലാസികായ ഈ ചിത്രം. ദുർഗയിലൂടെയാണ് കഥ തുടങ്ങുന്നത്. അവസാനിക്കുന്നതും ദുർഗയിലൂടെ തന്നെ. ദുർഗയും അമ്മയും അനിയനും മുത്തശ്ശിയും അച്ഛനുമെല്ലാം അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിൽ നടക്കുന്ന തീർത്തും സാധാരണമായ ഒരു കഥ. ചിത്രത്തെ അസാധാരണമാക്കുന്നത് അതിന്റെ ഫ്രെയിമുകളും ഇൻസ്ട്രുമെന്റൽ മ്യൂസിക്കുമാണ്.

മാതൃത്വവും, ഗ്രാമീണതയും, ഗൃഹാതുരത്വവും, ജീവിതത്തിന്റെ പല ഘട്ടങ്ങളും പ്രതിഫലിക്കുന്ന ഈ ചിത്രം പല ലെയറുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ദുർഗയിലൂടെ, ദുർഗയുടെ കൗമാര യൗവന കാലഘട്ടത്തിലൂടെ, അപുവും അമ്മയും അച്ഛനും മുത്തശ്ശിയുമെല്ലാം കടന്നുപോകുന്നു. സിനിമ അവസാനത്തോട് അടുക്കുമ്പോഴുള്ള കാതടിപ്പിക്കുന്ന മഴയുടെ ശബ്ദം, മരണത്തിന്റെ വേദന, അതുണ്ടാക്കുന്ന നിസഹായത ഇതെല്ലാം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ ഒതുങ്ങുമ്പോൾ കണ്ടിരിക്കുന്ന ഏതൊരാൾക്കും ആ സിനിമയോട് ഒരു അടുപ്പം തോന്നും.

റേയുടെ സിനിമകൾ മുഖ്യധാരാ സിനിമയോട് അടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾക്ക് എപ്പോഴും ഒരുകൂട്ടം പ്രേക്ഷകരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചില സിനിമകൾ യൂറോപ്പിലും അമേരിക്കയിലും വൻ സാമ്പത്തിക വിജയം നേടിയിരുന്നു. പലതും ബംഗാളിൽ വളരെ ജനപ്രിയമായി. എല്ലാ തരം കഥാസങ്കേതങ്ങളേയും ചേർത്തിണക്കി വ്യത്യസ്തമായ കഥാസാഹചര്യങ്ങൾ സൃഷ്ടിക്കാൻ റേക്ക് സാധിച്ചിട്ടുണ്ട്. നടീനടന്മാരുടെ അഭിനയസാദ്ധ്യതകളെ ഇത്രത്തോളം ക്രിയാത്മകമായി ഉപയോഗിച്ച മറ്റൊരു സംവിധായകൻ വേറെയുണ്ടാവില്ല.

സംഭാഷണങ്ങളേക്കാൾ സാഹചര്യങ്ങൾക്കനുസരിച്ച് കഥ വികസിക്കുന്നത് കാണാനാണ് റേ ഇഷ്ടപ്പെട്ടത്. അപുത്രയം, ചാരുലത, അഭിജാൻ, ജൽസാഗർ, മഹാനഗർ, മഹാപുരുഷ് ഇങ്ങനെ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ റേ ചിത്രങ്ങൾ എന്നും ഒരുപടി മുന്നിൽ തന്നെയാണ് എന്നതിൽ സംശയമില്ല.


റേയും സ്ത്രീ കഥാപാത്രങ്ങളും

അടുക്കളയിലെ സ്ത്രീ എന്ന സ്റ്റീരിയോടൈപ്പ് ആശയത്തെ തച്ചുടച്ച് പുരുഷന്മാരേക്കാൾ കൂടുതൽ ധാർമ്മിക ശക്തിയുള്ളവരായി അവരെ ചിത്രീകരിക്കുന്നതിൽ റേ വളരെയധികം ഊന്നൽ നൽകി. റേയുടെ നായികമാർക്കെല്ലാം സിനിമകളിൽ പ്രാധാന്യമുണ്ട്. ഒരുപക്ഷേ നായക കഥാപാത്രങ്ങളെക്കാൾ കൂടുതൽ സ്ക്രീൻ പ്രസൻസ് അവർക്ക് കൊടുക്കുന്നതുകൊണ്ടാവാം ഇത്തരമൊരു പ്രാധാന്യം പ്രേക്ഷകന് കണക്ട് ചെയ്യാൻ പറ്റുന്നത്. സ്ത്രീ സാന്നിധ്യം വിരളമായിരുന്ന ഒരു കാലത്താണ് റേ തന്റെ സിനിമകളിൽ ഇത്തരമൊരു മാറ്റം സൃഷ്ടിക്കുന്നത്.

നിസ്സഹായതയും ദാരിദ്ര്യവും പ്രണയവും എന്തുമാകട്ടെ തന്റെ സ്ത്രീ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ ഒപ്പിയെടുക്കുന്നതിൽ റേ ഏറെ ശ്രദ്ധ കാണിച്ചിരുന്നു എന്ന് വേണം കരുതാൻ. റേയുടെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾ ഒരിക്കലും അപ്രസക്തമായ ഷോപീസുകളല്ല. അതിഭാവുകത്വമേതുമില്ലാതെ ഓരോ സ്ത്രീ കഥാപാത്രത്തിനും വ്യക്തമായ മാനം നൽകി റേ തന്റെ സൃഷ്ടികളെ കൂടുതൽ മനോഹരമാക്കി തീർക്കുന്നു. ഒരർത്ഥത്തിൽ പ്രേക്ഷകനുമായി സംവദിക്കാൻ, ഒരു ബന്ധം സ്ഥാപിക്കാൻ സ്ത്രീ കഥാപാത്രങ്ങളെ അനുവദിക്കുകയാണ് ഓരോ റേ ചിത്രവും.

ചാരുലതയും പഥേർ പാഞ്ചാലിയും

രബീന്ദ്രനാഥ ടാഗോറിന്റെ 'നഷ്‌ടനീർ' എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള ചാരുലത റേയുടെ ഏറ്റവും മികച്ച സൃഷ്ടിയായി പലരും കണക്കാക്കുന്നു. ലൗകികമായ അസ്തിത്വത്തിന്റെ അടിമത്തത്തിൽനിന്ന് സ്വയം മോചിതയായി തന്റെ ആഗ്രഹങ്ങൾക്ക് പ്രധാന്യം കൊടുത്ത് സഞ്ചരിക്കുന്ന ചാരുലത അക്കാലത്തെ സ്ത്രീ സങ്കല്പങ്ങളെ തച്ചുടക്കുന്ന ഒന്നാണ്. ഇത്തരം സാഹചര്യങ്ങൾ പരക്കെ അംഗീകരിക്കപ്പെടാത്ത ഒരു കാലഘട്ടത്തിൽ ചാരുലത വേറിട്ടുനിൽക്കുന്നു. ചാരുലതയായി മാധബി മുഖർജി സിനിമയിൽ ജീവിക്കുമ്പോൾ വലിയൊരു സാധ്യതയുടെ വാതിലുകളാണ് തുറക്കപ്പെടുന്നത്.

മഹാനഗറിലെ ആരതിയായി വീണ്ടും മാധബി മുഖർജി (1963)

നരേന്ദ്രനാഥ് മിത്രയുടെ 'അബതരണിക' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് 'മഹാനഗർ'. വലിയ നഗരത്തിൽ ഒരു ഇടത്തരം സ്ത്രീ അവളുടെ ആവശ്യങ്ങൾക്കായി സമ്പാദിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങി തിരിക്കുകയാണ്. ഭർത്താവിന്റെ വരുമാനം അവരുടെ ചെലവുകൾക്ക് തികയാത്ത സാഹചര്യത്തിൽ ജോലി ചെയ്യാൻ തയാറാകുന്ന വീട്ടമ്മയായ ആരതിയെയാണ് മാധബി മുഖർജി അവതരിപ്പിക്കുന്നത്. ഒരു മികച്ച ഫെമിനിസ്റ്റ് സൃഷ്ടിയായി വാഴ്ത്തപ്പെടുന്ന ഈ സിനിമ, വീടിനപ്പുറം തന്റെ വ്യക്തിത്വം കൊത്തിയെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ചാണ് സംസാരിക്കുന്നത്.

ദുർഗയും അമ്മയും

പഥേർ പാഞ്ചാലി കണ്ട ഒരാൾക്കും ദുർഗയേ മറക്കാൻ കഴിയില്ല. അപുവിനെ ഏതു സാഹചര്യത്തിലും ചേർത്തുപിടിക്കുന്ന, ഉള്ളിലെ വലിയ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്ന, ഉള്ളതെല്ലാം പങ്കുവയ്ക്കുന്ന ഒരു കൗമാരക്കാരി. ഒടുവിൽ കഥയുടെ അവസാനം പനിപിടിച്ച് മരിക്കുമ്പോൾ ദുർഗയുടെ അമ്മയോടൊപ്പം അവരിൽ ഒരാളായി നമ്മളും കരയുന്നു. ഇവിടെ പങ്കുവെക്കൽ കരുതലിന്റെ മറ്റൊരു ഭാവമായി ദുർഗ മാറുന്നു.


സർബോജയ (ദുർഗയുടെ അമ്മ)

സത്യജിത്ത് റേ വളരെ കയ്യടക്കത്തോടുകൂടി അവതരിപ്പിച്ച ഒരു കഥാപാത്രമായി വേണം സർബോജയെ കണക്കാൻ. ഭർത്താവിന്റെ അസാന്നിധ്യവും മകളുടെ മരണവും അങ്ങേയറ്റം അവളെ തളർത്തുന്നുണ്ടെങ്കിലും മനസ്സാന്നിദ്ധ്യം കൈവിടാതെ ഇളയ മകൻ അപുവിനെ സംരക്ഷിക്കുന്ന സർബോജയ സഹനത്തിന്റെ പ്രതീകമാവുകയാണ് ഇവിടെ. ദുർഗ മരിക്കുന്ന സമയത്ത് അലർച്ചകളില്ല, കണ്ണ് നിറയുന്നില്ല. ഒരുതരം മരവിച്ച ശൂന്യത മാത്രം മുഖത്ത് നിറയുന്ന സർബോജയെ പ്രേക്ഷകർ പോലും ഒരു നിമിഷം ചേർത്തുപിടിച്ച് പോകും.

സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കാൻ റേയുടെ ഓരോ സിനിമകളും അവസരമൊരുക്കുന്നുണ്ട്. കഥയുടെ അവതരണരീതി മികവാക്കുന്നതിൽ കഥാപരിസരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ബംഗാളിന്റെ പശ്ചാത്തലത്തിലുള്ള സിനിമകളിൽ ബംഗാളിനെ ഒരേസമയം സമൂഹമായും ജനമായും പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരർത്ഥത്തിൽ ബംഗാളും കഥയോടൊപ്പം മറ്റൊരു കഥാപാത്രമായി അലിഞ്ഞു ചേരുകയാണ്. റേ സിനിമകളുടെ ഫ്രെയിമുകൾ ഇത്രയേറെ മനോഹരമാക്കുന്നതും ഈ കഥാപരിസരങ്ങൾ തന്നെ.

എല്ലാ അർത്ഥത്തിലും ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു സത്യജിത്ത് റേ. അദ്ദേഹം വിടപറഞ്ഞിട്ട് വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ സിനിമകൾ കാണുകയും, പഠിക്കുകയും, നിരൂപണം നടത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അതുതന്നെയാണ് സത്യജിത് റേ എന്ന സംവിധായകന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ആദരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:satyajit ray
News Summary - satyajit ray remembering on his birthday
Next Story