Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightദ കമ്മീഷണർ; ഒരു...

ദ കമ്മീഷണർ; ഒരു പൊലീസ് സ്റ്റോറി

text_fields
bookmark_border
ദ കമ്മീഷണർ; ഒരു പൊലീസ് സ്റ്റോറി
cancel

ഒരു മൂന്നാംക്ലാസുകാരന് മമ്മൂട്ടി എന്ന നടനോടുള്ള അടങ്ങാത്ത അഭിനിവേശം ഭാവിയില്‍ അയാളെ ഒരു സംവിധായകനാക്കിയ കഥ പറയുകയാണ് ഫറോക്ക് ഡെപ്യൂട്ടി കമീഷണര്‍ എ.എം. സിദ്ദിഖ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മമ്മൂട്ടികഥാപാത്രങ്ങളോടുള്ള ഇഷ്ടം. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, യാത്ര, നിറക്കൂട്ട്, അബ്കാരി, സംഘം, അര്‍ഥം, നായര്‍സാബ്, മൃഗയ അങ്ങനെ നീളുന്നു മമ്മൂക്കയിലേക്ക് അടുപ്പിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും. ചെറുപ്പം മുതൽ ഓരോ ദിവസത്തെ പത്രത്തിലും മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പോസ്റ്ററുണ്ടോ എന്നുള്ള കാത്തിരിപ്പ്. ബാഗിൽ ആ പടങ്ങൾകൊണ്ട് പൊതിഞ്ഞ പുസ്തകങ്ങൾ... മമ്മൂട്ടിയെ നേരിട്ടുകാണാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്.

ബി.എഡ് കഴിഞ്ഞ് അണ്‍ എയ്ഡഡ് സ്‌കൂളില്‍ അധ്യാപകനായി ലഭിച്ച ജോലി ഒഴിവാക്കി. പിന്നീട് കോടതിയില്‍ ഓഫിസ് അസിസ്റ്റന്റായി. ഇതിനിടയില്‍ മുങ്ങി എം.എസ്.സി കെമിസ്ട്രി കോഴ്‌സിന് ചേര്‍ന്നു. അപ്പോഴും ആഗ്രഹങ്ങൾ സഫലമാകാതെ മനസ്സില്‍തന്നെ കിടന്നു. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിലെ ക്ലാസ് കട്ട് ചെയ്ത് രണ്ട് റഫീഖുമാര്‍, ഷാജി, ഹനീഫ, ഷംസുദ്ദീന്‍ പിന്നെ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ രാജു, ഉസ്മാന്‍, സാബു, കുഞ്ഞി വാപ്പു ഇവരായിരുന്നു മമ്മൂട്ടിസിനിമ കാണാനുള്ള കൂട്ട്.

പി.ജിക്ക് ശേഷം കോഴിക്കോട് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അധ്യാപകനായി. മൂന്നാംദിവസമാണ് സബ് ഇന്‍സ്‌പെക്ടര്‍ പരിശീലനത്തിന് തൃശൂര്‍ കേരള പൊലീസ് അക്കാദമിയിലേക്ക് വണ്ടി കയറുന്നത്. എസ്.ഐ സെലക്ഷന് പിന്നാലെ മോഹന്‍ലാല്‍ ഉൾപ്പെടെ ഒട്ടനവധി സിനിമാതാരങ്ങളെ പരിചയപ്പെടാനും കാണാനും അവസരം ലഭിച്ചെങ്കിലും നമ്പര്‍ വണ്‍ ആഗ്രഹം മനസ്സിൽതന്നെ കിടന്നു.

സ്വപ്നത്തിലേക്കുള്ള വാട്സ്ആപ് മെസേജ്

വളാഞ്ചേരി മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ മുഹമ്മദാലിയില്‍നിന്ന് ഒരു രസത്തിനാണ് മമ്മൂട്ടിയുടെ നമ്പര്‍ തരപ്പെടുത്തിയത്. കൂട്ടത്തില്‍ മാനേജര്‍ ജോര്‍ജിന്റെയും. പാലക്കാട് വിജിലന്‍സില്‍നിന്ന് വീണ്ടും ചിറ്റൂര്‍ സി.ഐ ആയി സ്ഥലംമാറ്റം കിട്ടിയപ്പോള്‍ വെറുതെ രസത്തിന് ചിറ്റൂര്‍ സി.ഐ ആണെന്നും ഇന്ന് ചാര്‍ജ് എടുത്തുവെന്നും അങ്ങയുടെ ഒരു ആരാധകന്‍ ആണെന്നും ഒരു സന്ദേശമയച്ചു.

10 മിനിറ്റിനുശേഷം ഭാര്യ ചിന്നു ഉച്ചത്തില്‍ അലറിവിളിക്കുന്നു; എന്തോ അപകടമാണ് എന്നുകരുതി ഓടിച്ചെന്നപ്പോള്‍ കാണുന്നത് മൊബൈലിലെ വാട്‌സ്ആപ്പിലേക്ക് വിരല്‍ചൂണ്ടി അത്ഭുതത്തോടെ നില്‍ക്കുന്ന ഭാര്യയെ. ‘‘ഞാന്‍ നാളെ ചിറ്റൂരില്‍ വരുന്നു. അവിടന്ന് കാണാം’’. മമ്മൂട്ടിയുടെ മെസേജ്!. വ്യാജനമ്പര്‍ തന്ന് പറ്റിച്ചതാണോ എന്നതായി പിന്നെ സംശയം. ഉടൻ മാനേജര്‍ ജോര്‍ജിനോട് ചോദിച്ച് സംഗതി ശരിയാണെന്ന് ഉറപ്പുവരുത്തി. രാവിലെ എഴുന്നേറ്റ് മൊബൈലില്‍ നോക്കി തലേ ദിവസം വന്ന മെസേജുകള്‍ സ്വപ്നമായിരുന്നില്ലെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി.

സിനിമ ജനിക്കുന്നു

ഫയര്‍മാന്‍ സിനിമയുടെ സെറ്റില്‍ കാക്കിക്കുപ്പായമിട്ട് ഫയര്‍ഫോഴ്‌സ് യൂനിഫോമില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ അങ്ങനെ സിദ്ദിഖ് ആദ്യമായി കണ്ടു. കസേരയില്‍ അദ്ദേഹത്തിനോടൊപ്പം സിദ്ദീഖ് ഇരുന്നു. കുറെ സംസാരിച്ചു. പിന്നീട് മമ്മൂട്ടിയുടെ മാനേജര്‍ ജോര്‍ജും ഡ്രൈവര്‍ ഉണ്ണിയും ചങ്ങാതിമാരായി. 2020ല്‍ സംവിധാനത്തിന്റേയും സിനിമറ്റോഗ്രഫിയുടെയും ബാലപാഠങ്ങള്‍ സാജന്‍ ജോണിയും അനില്‍ ചിത്രയും പകര്‍ന്നതോടെ ആത്മവിശ്വാസം വര്‍ധിച്ചു. 2021ല്‍ കോഴിക്കോട് ഫറോക്ക് അസി. കമീഷണറായി ചുമതലയേറ്റപ്പോഴാണ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യണമെന്ന പഠന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള അസൈന്‍മെന്റ് ഡിജിറ്റല്‍ കാര്‍വിങ് അക്കാദമിയില്‍ നിന്നും ലഭിക്കുന്നത്.

അങ്ങനെ ‘സദാശിവന്റെ നൈറ്റ് ഡ്യൂട്ടി’ എന്ന 35 മിനിറ്റ് ദൈര്‍ഘ്യമുള്ള കഥ ജനിച്ചു. എ.സി.പി ഓഫിസിലെ എല്ലാവരും സിനിമയില്‍ അഭിനയിച്ചു എന്നതായിരുന്നു ആ സിനിമയുടെ പ്രത്യേകത. പിന്നീട് അക്കാദമിയില്‍ സംവിധാന കല പഠിച്ച ബൈജു ഭാസ്‌കറും നൗഫലും നിര്‍മിച്ച രണ്ട് ചെറിയ സിനിമകളുംകൂടി ചേര്‍ത്ത് ‘ത്രീ നൈറ്റ്സ്’ എന്ന പേരില്‍ ആന്തോളജി മൂവിയും ഇറങ്ങി. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസും നടന്നു. 2022ലാണ് മമ്മൂട്ടിയുടെ ആശീര്‍വാദത്തോടെ ശ്രീനാഥ് ഭാസി, കാര്‍ത്തിക, മാമുക്കോയയുടെ മകന്‍ നിസാര്‍, നാദിറ മേഹരിന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി എല്‍.എല്‍.ബി എന്ന സിനിമ ഒരുങ്ങുന്നത്.

മുജീബ് രണ്ടത്താണിയാണ് നിര്‍മാതാവ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം സിദ്ദിഖ് തന്നെ. കൂടുതലും പൊലീസുകാർതന്നെ അഭിനേതാക്കൾ. ഇതിനിടയില്‍ പിതാവ് മുഹമ്മദ് മാസ്റ്ററുടെ വിയോഗം മാനസികമായി തളര്‍ത്തി. ജോലിയെ ബാധിക്കാതെ രാത്രി 10 മുതല്‍ പുലര്‍ച്ച വരെയായിരുന്നു ഷൂട്ടിങ്. മന്ത്രി മുഹമ്മദ് റിയാസിന്റെയും മേലുദ്യോഗസ്ഥരുടെയും സപ്പോര്‍ട്ടും സിദ്ദിഖിനുണ്ട്. നല്ല ട്വിസ്റ്റ് പറഞ്ഞുകൊടുത്ത് കട്ടക്ക് കൂടെനില്‍ക്കുന്ന ഭാര്യ സിനുമോളും മകന്‍ അയാഷും. അടുത്ത ആഗ്രഹം എന്താണെന്ന ചോദ്യത്തിന് ഒരു ചിരിയോടെ ‘‘അധികപ്രസംഗമാകും, ഊഹിച്ചാല്‍ മതി’’ എന്ന് സിദ്ദിഖിന്റെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MovieThe Commissioner; A police story
News Summary - The Commissioner; A police story
Next Story