ഇത്തവണ ഓസ്കാറിൽ മലയാളിയും; അവസാന അഞ്ചിൽ ഇടംപിടിച്ച് 'റൈറ്റിങ് വിത്ത് ഫയർ'
text_fieldsഈ വർഷത്തെ ഓസ്കാർ പട്ടികയിൽ മലയാളി സാന്നിധ്യവും. ഡോകുമെന്ററി( ഫീച്ചർ) വിഭാഗത്തിലാണ് മലയാളിയായ റിന്റു തോമസിന്റെ 'റൈറ്റിങ് വിത്ത് ഫയർ'ഇടംപിടിച്ചത്. റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇന്ത്യയിൽ ദളിത് സ്ത്രീകൾ നടത്തുന്ന ഏക പത്രമായ 'ഖബർ ലഹാരിയ'യുടെ പിറവിയെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ചൊവ്വാഴ്ച വൈകുന്നേരമാണ് 94-ാമത് ഓസ്‌കാർ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. ട്രേസി എല്ലിസ് റോസും ലെസ്ലി ജോർദാനും ചേർന്നാണ് 23 വിഭാഗങ്ങളിലായി നോമിനേഷൻ പ്രഖ്യാപനം നടത്തിയത്.
കോട്ടയം സ്വദേശിയായ റിന്റു ഡൽഹിയിലാണ് താമസം. യുപിയിൽ മധ്യപ്രദേശ് അതിർത്തിയിലുളള ബൻഡ ജില്ലയിൽ ആരംഭിച്ച ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് 'റൈറ്റിങ് വിത്ത് ഫയർ'. കവിത ദേവി, മീര ജാതവ് എന്നീ സ്ത്രീകൾ ആരംഭിച്ച വാരാന്ത്യ പത്രയാണ് ഖബർ ലഹാരിയ.
2002ൽ ഡൽഹി ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ നിരന്തർ ബുന്ദേൽഖണ്ഡ് മേഖലയിലെ ചിത്രകൂടിൽ നിന്നാണ് പത്രം ആരംഭിച്ചത്. പ്രിന്റിൽ നിന്ന് ഡിജിറ്റലിലേക്കുള്ള ഖബർ ലഹാരിയുടെ മാറ്റമാണ് റൈറ്റിങ് വിത്ത് ഫയറിൽ കാണിക്കുന്നത്. പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുകയും പൊലീസ് സേനയുടെ കഴിവുകേടിനെ അന്വേഷിക്കുകയും ജാതി, ലിംഗപരമായ അതിക്രമങ്ങൾക്ക് ഇരയായവരെക്കുറിച്ചുള്ള കഥകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിനിടയിൽ മീരയും അവളുടെ സഹ പത്രപ്രവർത്തകരും പുതിയ സാങ്കേതികവിദ്യയുമായി പരിചയപ്പെടുന്നത് ഡോകുമെന്ററിയിൽ കാണിക്കുന്നു.
2021 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ റൈറ്റിംഗ് വിത്ത് ഫയർ പ്രേക്ഷക അവാർഡും പ്രത്യേക ജൂറി അവാർഡും നേടി. അതിനുശേഷം 20-ലധികം രാജ്യാന്തര അവാർഡുകളും ഡോകുമെന്റി നേടിയിട്ടുണ്ട്.
കുടുംബത്തിനൊപ്പമിരുന്നാണ് റിന്റു ഓസ്കർ നോമിനേഷൻ പ്രഖ്യാപനം കണ്ടത്. നോമിനേഷൻ പട്ടികയിൽ 'റൈറ്റിങ് വിത് ഫയർ' ഇടംനേടിയതും സന്തോഷത്താൽ റിന്റു തുള്ളിച്ചാടുകയായിരുന്നു. ഈ വീഡിയോ തന്റെ ട്വിറ്റർ പേജിൽ റിന്റു പോസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.