ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് നിർമാതാക്കളുടെ സംഘടന; 'മരണവീടുകളിൽ പോലും താരങ്ങളെ പിന്തുടരുന്നു'
text_fieldsകൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഓൺലൈൻ മാധ്യമങ്ങൾക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അസോസിയേഷൻ നൽകുന്ന അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്നാണ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കക്ക് നൽകിയ കത്തിലെ ആവശ്യം.
പലയിടത്തും ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നതായി കത്തിൽ പറയുന്നു. ജോലി ചെയ്യുന്ന കമ്പനിയുടെ രജിസ്ട്രേഷൻ, ജി.എസ്.ടി വിവരങ്ങളടക്കം നിശ്ചിത ഫോറത്തിൽ നൽകുന്ന ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് മറ്റ് മാനദണ്ഡങ്ങൾകൂടി പരിഗണിച്ചാകും അക്രഡിറ്റേഷൻ നൽകുക. ഇതിനുള്ള മാർഗനിർദേശങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഭിനേതാക്കളോട് പലപ്പോഴും മോശമായി ചോദ്യങ്ങൾ ചോദിക്കുന്നു, മരണവീടുകളിൽ പോലും താരങ്ങളെ കാമറയുമായി പിന്തുടരുന്നു തുടങ്ങിയ ആരോപണങ്ങളും നിർമാതാക്കൾ ഉന്നയിക്കുന്നു.
സിനിമകൾക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന റിവ്യൂ ബോംബിങ്ങിനെതിരെ നിർമാതാക്കൾ നേരത്തേ രംഗത്തു വന്നിരുന്നു. താരസംഘടനയായ ‘അമ്മ’യിലെ ചില അംഗങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റത്തിൽ കടുത്ത എതിർപ്പുണ്ട്. വിഷയം വ്യാഴാഴ്ച നടക്കുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി യോഗം ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.