ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ സൗദി സിനിമകൾ
text_fieldsജിദ്ദ: കാനഡയിൽ ആരംഭിച്ച 48ാമത് ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ സജീവ സാന്നിധ്യമായി സൗദി സിനിമകൾ. ഈ മാസം ഏഴിന് തുടങ്ങി 17 വരെ നീളുന്ന മേളയിൽ അന്താരാഷ്ട്ര അവാർഡ് നേടിയ സൗദി സിനിമകളുൾപ്പെടെ പ്രദർശിപ്പിക്കുന്നുണ്ട്.
സൗദി ഫിലിം അതോറിറ്റി മേളയിൽ വലിയ പവിലിയനാണ് ഒരുക്കിയിരിക്കുന്നത്. സിനിമകളിൽ പ്രാവീണ്യം നേടിയ നിരവധി ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇത് ക്രമീകരിക്കുന്നത്. അൽഉല ഫിലിം, നിയോം, കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്റ), റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ, സൗദി ഫിലിം ഫെസ്റ്റിവൽ എന്നിവ അതിലുൾപ്പെടും.
ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൊന്നാണ് ടൊറന്റോ ഫെസ്റ്റിവൽ. സിനിമയിലെയും ദൃശ്യകലകളിലെയും മികവിന്റെ പ്രതീകമായും പ്രധാന സാംസ്കാരിക പരിപാടിയായും ചലച്ചിത്ര സമൂഹം എല്ലാ വർഷവും കൊണ്ടാടുന്ന മേളയാണിത്. സൗദിയിലെ ചലച്ചിത്ര നിർമാണ രംഗത്തെയും അതിലെ വിജയകരമായ അനുഭവങ്ങളെയും ലോകത്തെ പരിചയപ്പെടുത്താനാണ് അതോറിറ്റി ഈ ആഗോള മേളയിൽ പങ്കെടുക്കുന്നത്.
ആഗോള ചലച്ചിത്ര വേദികളിൽ സാന്നിധ്യം വർധിപ്പിച്ച് സൗദി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ഫലപ്രദമായ അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ അവരുടെ വികസനത്തിനും വളർച്ചക്കും അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ‘വിഷൻ 2030’ ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം ഏകീകരിക്കാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ പ്രതിഫലനംകൂടിയാണ് ടൊറന്റോ ഫിലിം അതോറിറ്റിയിലെ പങ്കാളിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.