ഷിബു ബേബി ജോൺ സിനിമ നിർമാണത്തിലേക്ക്; ആദ്യ ചിത്രം മോഹൻലാലിനൊപ്പം
text_fieldsമുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ സിനിമ നിർമാണ രംഗത്തേക്ക് കടക്കുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നിർമാണക്കമ്പനി ആരംഭിച്ചിരിക്കുന്നത്.
ലോഗോ നടൻ മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായകനാകുന്നതും. നിങ്ങളുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം വായിക്കാം;
ജീവിതവഴികളിൽ എന്നും എനിക്ക് മാർഗ്ഗദീപമായി നിന്നത് എന്റെ പപ്പാച്ചൻ ബേബി ജോണാണ്. 1963- ൽ പപ്പാച്ചൻ തുടങ്ങിവെച്ച കേരള സീ ഫുഡ്സ് എന്ന സമുദ്രോൽപ്പന്ന കയറ്റുമതിസ്ഥാപനത്തിൽ നിന്ന് കിങ്ങ്സ് ഗ്രൂപ്പെന്ന പേരിൽ വ്യവസായത്തിന്റെ പല വഴികളിലേക്ക് ഞങ്ങൾ നടന്നുകയറി.
പപ്പാച്ചനിൽ നിന്നാർജ്ജിച്ച ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഞാനിപ്പോൾ ചലച്ചിത്രനിർമാണരംഗത്തേക്ക് കടന്നു വരികയാണ്.
John and Mary Creative Pvt Ltd. എന്നാണ് നിർമാണകമ്പിനിയുടെ പേര്.
എന്റെ പപ്പായും മമ്മായുമാണ് ജോണും മേരിയും.
രാഷ്ട്രീയപ്രവർത്തനത്തിന്റെയും വ്യാവസായത്തിന്റെയും തിരക്കുകൾക്കിടയിൽ പപ്പാച്ചൻ അമ്മ അന്നമ്മയുമൊന്നിച്ച് കണ്ടത് രണ്ടേ രണ്ട് സിനിമകൾ ! - ആദ്യമായി മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടിയ 'നീലക്കുയിലും' 'സി.ഐ.ഡി'യും. രണ്ട് സിനിമകളും കണ്ടതിന്റെ പിറ്റേ ദിവസം രാഷ്ട്രീയസമരത്തിന്റെ ഭാഗമായി പപ്പാച്ചൻ അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മയെ സാന്ത്വനിപ്പിക്കാനുള്ള പപ്പാച്ചന്റെ സ്നേഹത്താലുള്ള 'അടവുനയ'മായിരുന്നു ആ സിനിമ കാണിക്കലുകൾ.
കുടുംബസമേതം പപ്പാച്ചനുമൊന്നിച്ച് ഞാൻ കണ്ടത് ഒരേയൊരു സിനിമ. 1982-ൽ റിച്ചാർഡ് ആറ്റിൻബറോ സംവിധാനം ചെയ്ത 'ഗാന്ധി'. എന്റെയോർമയിൽ ടെലിവിഷനിൽ ഒറ്റ സിനിമ മാത്രമേ അദ്ദേഹം മുഴുവനിരുന്ന് കണ്ടിട്ടുള്ളൂ- 'കീരീടം'. കഥയിൽ മുഴുകിയായിരുന്നു അത് കണ്ടു തീർത്തത്.
ചലച്ചിത്രനിർമാണരംഗത്തേക്ക് കടക്കുമ്പോൾ ഓർമയിൽ ഇതെല്ലാം ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു.
സിനിമ എന്നും എന്നെ ഇഷ്ടപ്പെടുത്തിയിട്ടേയുള്ളൂ. കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം സിനിമാകൊട്ടകയിൽ സിനിമാകാണാൻ തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. എന്ത് തിരക്കുകളുണ്ടായാലും നല്ല സിനിമകൾ വന്നാൽ ഇപ്പോഴും കാണാൻ മറക്കാറില്ല.
John and Mary Creative- ന്റെ
ലോഗോ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് പ്രകാശനം ചെയ്തു.
നിങ്ങളുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.