വ്യത്യസ്ത ലുക്കിൽ കൂട്ടിക്കൽ ജയചന്ദ്രൻ; സിനിമയുടെ ഫീൽ നൽകി 'കറ'
text_fieldsകൊച്ചി: ഇര വേട്ടക്കാരനായി മാറും ചിലപ്പോൾ. വേട്ടമൃഗം അതിജീവനത്തിന്‍റെ കറകൾ അവശേഷിപ്പിച്ച് കടന്നുപോകുകയും ചെയ്യും. ഒരു സിനിമയുടെ ദൃശ്യാനുഭവം പകർന്ന് ഈ പ്രമേയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലാരിഷ് എഴുതി സംവിധാനം ചെയ്ത 'കറ' എന്ന ഹ്രസ്വചിത്രം.
ഗോവിന്ദൻ എന്ന ഗുണ്ടയുടെ ജീവിതം പറയുന്ന 'കറ' പ്രമുഖ നടൻ പൃഥ്വിരാജാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. സിനിമ മേഖലയിലെ 40ഓളം പ്രമുഖരും ഇതേ സമയം 'കറ' പ്രേക്ഷകരിലേക്ക് എത്തിച്ചു. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍റെ വേറിട്ട വേഷപ്പകർച്ചയാണ് 'കറ'യുടെ പ്രത്യേകത. ജയചന്ദ്രന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് 'കറ'യിലെ ഗുണ്ട ഗോവിന്ദൻ എന്ന കഥാപാത്രം. 'കോമഡി ടൈം' എന്ന സൂപ്പർഹിറ്റ് ഹാസ്യപരിപാടിയിലൂടെയും മൈ ബോസ്, ചിരിക്കുടുക്ക, വർഗം, ദൃശ്യം, ചാന്ത്പൊട്ട് തുടങ്ങിയ സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ കൂട്ടിക്കൽ ജയചന്ദ്രന്‍റെ പുതിയൊരു മുഖമാണ് 'കറ'യിൽ ദൃശ്യമാകുക.
ബീ പോസിറ്റീവിന്‍റെ ബാനറിൽ മോഹൻകുമാർ നിർമിച്ച ഈ ഹ്രസ്വചിത്രം ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. അസ്രിത് സന്തോഷിന്‍റെ കാമറയും ശ്രീകാന്തിന്‍റെ പശ്ചാത്തല സംഗീതവും ഷെവ്ലിൻ ഡി സാംസിന്‍റെ എഡിറ്റിങും ഏറെ മികവ് പുലർത്തുന്നതാണ്. മേക്കപ്പ് അർഷദ് വർക്കലയും വസ്ത്രാലങ്കാരം രതീഷും കലാസംവിധാനം അഖിൽ റോയ്യും സംഘട്ടനം ശ്രാവൺ സത്യയും നിർവഹിച്ചിരിക്കുന്നു. രാജേഷ് ആന്‍റണി ചമ്പക്കുളം, അലൻ നിജോ, അരുൺ അർത്തുങ്കൽ, അപ്പു, മിന്ന അനൂപ്, ശ്രീബാല ശ്രീകാന്ത് തുടങ്ങിയവരും 'കറ'യിൽ വേഷമിട്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.