450ലധികം അവാർഡുകളുടെ പകിട്ടോടെ മലയാള ഹ്രസ്വചിത്രം ഓസ്കർ സ്ക്രീനിങിൽ
text_fields28 രാജ്യങ്ങളില്‍ നിന്നായി 450ലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ മലയാള ഹ്രസ്വചിത്രം ഓസ്‌കര്‍ അവാര്‍ഡിന്‍റെ നോമിനേഷൻ ലിസ്റ്റിലേക്ക് പരിഗണിക്കപ്പെടാനുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. വിശ്വവിഖ്യാത ചിത്രകാരൻ വിൻസെന്‍റ് വാൻഗോഗിന്‍റെ ജീവിതത്തിലെ അവസാന നിമിഷങ്ങള്‍ പ്രമേയമാക്കി കൊറിയോഗ്രാഫർ കൂടിയായ സഹീർ അബ്ബാസ് സംവിധാനം ചെയ്ത 'ഡെത്ത് ഓഫേഴ്സ് ലൈഫ്' (DEATH OFFERS LIFE - Last Moments of Vincent Van Gogh) ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഓസ്കർ അക്കാദമി അംഗങ്ങളുടെ വോട്ടിങ് പ്രക്രിയക്കായി ചിത്രം അക്കാദമി സ്ക്രീനിങ് റൂമിൽ പ്രദർശിപ്പിക്കും. ഓസ്കർ നോമിനേഷനുള്ള ഹ്രസ്വചിത്രങ്ങൾ കണ്ടെത്താനുള്ള വോട്ടിങ് ഡിസംബർ പത്തിനാണ് ആരംഭിക്കുന്നത്. ഡിസംബർ 15 വരെയാണ് വോട്ടിങ്. ഡിസംബർ 21ന് ഓസ്കർ നോമിനേഷൻ ലഭിക്കുന്ന 15 ഹ്രസ്വചിത്രങ്ങൾ പ്രഖ്യാപിക്കും. ഈ പട്ടികയിൽ 'ഡെത്ത് ഓഫേഴ്സ് ലൈഫ്' ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
അനുമോൾ, രാഹുൽ മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ആദ്യ സിനിമ 'വൈൻ' റിലീസിന് കാത്തുനിൽക്കുന്നതിനിടെയാണ് ഓസ്കർ നോമിനേഷൻ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കാനുള്ള ചിത്രങ്ങളുടെ പട്ടികയിൽ 'ഡെത്ത് ഓഫേഴ്സ് ലൈഫ്' ഇടംപിടിച്ചെന്ന വാർത്ത ഇരട്ടി മധുരമായി സഹീർ അബ്ബാസിനെ തേടിയെത്തുന്നത്. വാൻഗോഗ് കടന്നുപോയ വിഷാദരോഗാവസ്ഥയിലേക്ക് വെളിച്ചം വിതറുന്ന ഹ്രസ്വചിത്രമാണിത്. ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളില്‍ മരണവുമായി സംവദിക്കുന്ന വാന്‍ഗോഗിനെ ഇതിൽ കാണാം. വിഷാദരോഗാവസ്ഥയില്‍ തന്‍റെ 37ാം വയസില്‍ ജീവിതത്തിന്‍റെ പടിയിറങ്ങിപ്പോകാൻ സ്വയം തീരുമാനിക്കുന്ന വാന്‍ഗോഗിന് മരണം ജീവിതം വാഗ്ദാനം ചെയ്യുന്നതാണ് 'ഡെത്ത് ഓഫേഴ്സ് ലൈഫി'െന്‍റ പ്രമേയം. കലാകാരനായി പുനര്‍ജന്മം വേണ്ടെന്ന് പറയുന്ന വാന്‍ഗോഗിന്‍റെ മനോധര്‍മങ്ങളിലൂടെയുള്ള സഞ്ചാരം മെഴുകുതിരിവെളിച്ചത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രേത്യകതയുമുണ്ട്.
കൊച്ചി കാക്കനാടുള്ള ഒരു വീട്ടില്‍ 1800കളിലെ യൂറോപ്പിലെ ഒരു ചെറിയ മുറി സെറ്റ് ഇട്ട് വെറും മെഴുകുതിരികളുടെ വെളിച്ചം മാത്രം ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ചലച്ചിത്ര ഛായാഗ്രാഹകനും സംസ്ഥാന പുരസ്‌കാര ജേതാവുമായ നൗഷാദ് ഷെരിഫ് ആണ് വാൻഗോഗും മരണവും തമ്മിലുള്ള സംഭാഷണം കാമറയിൽ ഒപ്പിയെടുത്തത്. വാന്‍ഗോഗ് ആയി റാഷി ഖാന്‍ വേഷമിട്ടപ്പോള്‍ അനുരൂപ് തേക്കുംകാടന്‍ ആണ് മരണമായെത്തിയത്. മധു എൻ.ആർ ആണ് തിരക്കഥ.
എൻ.എ.എൻ.ആർ ഫിലിംസിന്‍റെ ബാനറിൽ റാണി രഞ്ജന്‍ ആണ് നിര്‍മ്മാണം. എഡിറ്റിങ്- നിഖില്‍ വര്‍ഗീസ്, സംഗീതം-അരുണ്‍ ഗോപന്‍, കലാ സംവിധാനം-അഭിലാഷ് നിലമ്പൂർ, ഡി.ഐ-ശ്രീകുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍-അശ്വതി സാഗര്‍, മേയ്ക്കപ്പ്-ബോബന്‍ വരാപുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാലശങ്കര്‍ വേണുഗോപാല്‍, അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു രാജ്, സ്റ്റില്‍സ്-ബാക്കിര്‍ സാദര്‍, ഡിസൈന്‍ & വി.എഫ്.എക്‌സ്- രണ്‍തീഷ് കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.