'നക്സൽ രമേശൻ'; കൂട്ടുകാർ ചേർന്നെടുത്ത കുഞ്ഞു ചിത്രം
text_fieldsസ്കൂളിൽ പഠിക്കുന്ന കാലത്തേ സിനിമ സ്വപ്നംകണ്ടു നടക്കുന്ന കൂട്ടുകാരനെ ചേർത്തുപിടിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ. സ്വപ്നങ്ങൾ പങ്കുവെച്ചും കഥ പറഞ്ഞും നടക്കുമ്പോൾ അവർ ചോദിച്ചു; നമുക്കൊരു സിനിമ പിടിച്ചാലോ? ഈ ചോദ്യത്തിൽനിന്നാണ് 'നക്സല്‍ രമേശന്‍' എന്ന കുഞ്ഞുസിനിമ ജനിക്കുന്നത്. ജിബിൻ നാരായണനുമാത്രമല്ല, തോൾചേർന്നു നടന്ന കൂട്ടുകാർക്കും ഇത് സ്വപ്നസാക്ഷാത്കാരം.
മലപ്പുറം മഞ്ചേരിക്കടുത്ത പന്തലൂരിൽ തെക്കുമ്പാട് ഗ്രാമത്തിൽ ഡ്രൈവർ നാരായണെൻറയും ഗായികകൂടിയായ അംഗൻവാടി ഹെൽപർ ശശിതയുടെയും മകനാണ് ജിബിൻ. സ്വന്തം താൽപര്യത്തിനൊപ്പം കൂട്ടുകാരുടെ നിർബന്ധംകൂടിയായപ്പോൾ കൊച്ചി ലൂമിനർ ഫിലിം അക്കാദമിയിൽ ജിബിൻ എഡിറ്റിങ് പഠിക്കാൻ ചേർന്നു. ചലച്ചിത്ര സംവിധാനവും പഠനത്തിെൻറ ഭാഗമാണ്. അതിനിടെയാണ് കോവിഡിെൻറ വരവ്. ഇൻസ്റ്റിറ്റ്യൂട്ട് അടച്ചതോടെ കോഴ്സ് മുടങ്ങി. പിന്നീട് എഡിറ്റിങ്ങും ഫോട്ടോഗ്രഫിയും പഠിക്കാൻ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. പഠനം പൂർണമായും നിലച്ച് നാട്ടിലെത്തിയതോടെയാണ് കൂട്ടുകാർ സിനിമയെടുക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നത്. നക്സൽ രമേശെൻറ ആശയം പറഞ്ഞത് ജിബിൻ തന്നെ. ചർച്ചയിൽ കൂട്ടുകാർ കഥ സ്ക്രിപ്റ്റാക്കി വികസിപ്പിച്ചു. കൂട്ടുകാരൻ ജുനൈദ് ജ്യേഷ്ഠെൻറ കാമറ കടം വാങ്ങി. ഛായാഗ്രഹണവും എഡിറ്റിങ്ങും ഏറ്റെടുത്തു. ഡ്രോണും കളറിങ്ങും അനിരുദ്ധ്, മേക്കപ്പ്, ലൈറ്റ്: ഷിജേഷ്, സായൂജും സലിമും ചേർന്ന് പോസ്റ്റർ.
അധ്യാപകനായ നിജിലാണ് രമേശനായി അഭിനയിക്കുന്നത്. തയ്യൽക്കാരനായ ജനാർദനെൻറയും ഹേമമാലിനിയുടെയും മകനാണ്. പ്രശസ്ത നടൻ മണികണ്ഠൻ പട്ടാമ്പിയുടെ സഹോദരിപുത്രൻ. ഓട്ടോഡ്രൈവർ കാരാടൻ ഉമ്മറിെൻറയും ശംഷിയയുടെയും മകനാണ് ജുനൈദ്. വിശ്വാസ്, ബിബിന്‍, അരുണ്‍, മിഥുന്‍, പ്രണവ്,ഹര്‍ഷദ്, ഷിജേഷ്, അക്ഷയ്, സുശീല, വിഷ്ണു, മധു, ആദില്‍, ജിഷ്ണു എന്നിവരും വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അഭിനയിക്കുന്നവരും അണിയറ പ്രവർത്തകരും അയൽക്കാരോ സ്കൂളുകളിൽ ഒരുമിച്ച് പഠിച്ചവരോ ആണ്.
രമേശൻ നക്സലാണോ?
ആചാരംപോലെ വരുന്ന തെരഞ്ഞെടുപ്പുകൾക്കപ്പുറം രാഷ്ട്രീയബോധമില്ലാത്ത നാട്ടിന്‍പുറത്ത് പാർട്ടി ഒാഫിസിനെതിരെയുള്ള ചുമരിൽ ഒരു നക്സല്‍ അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നതും ചില സംശയങ്ങളുടെമേല്‍ സമൂഹം ഒരാള്‍ക്കു നേരെ കുറ്റമാരോപിക്കുന്നതും നിയമവും നിയമപാലകരും അതിനൊപ്പം ചേര്‍ന്ന്
രമേശനെന്ന ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുന്നതുമാണ് നക്സല്‍ രമേശെൻറ ഇതിവൃത്തം. ഒരു സംഭവത്തെ സമൂഹം രണ്ടു രീതിയിൽ വായിച്ചെടുക്കുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതും ലളിതമായി ചിത്രത്തിൽ ആവിഷ്കരിക്കുന്നു.
''സ്നേഹമാണ് നിെൻറ രാഷ്ട്രീയമെങ്കില്‍ നീയാണ് ഈ നാടിെൻറ ഏറ്റവും വലിയ ശത്രു'' എന്ന് 'നക്സല്‍ രമേശൻ' പറഞ്ഞുവെക്കുന്നു. മനോഹരമായ ചിത്രീകരണവും ടെയിൽഎൻഡുമടക്കം, ഒരു 'മുതിർന്ന' സിനിമക്കു വേണ്ട എല്ലാ ലക്ഷണങ്ങളും ഏറക്കുറെ ഒത്തിണങ്ങിയതാണ് എട്ടു മിനിറ്റു മാത്രമുള്ള ഈ കുട്ടിസിനിമ. വാസ്തവത്തിൽ ആരാണ് ഇൗ പോസ്റ്റർ പതിച്ചത്? എന്തായിരിക്കും അയാളുടെ/അവരുടെ ഉദ്ദേശ്യം എന്നീ ചോദ്യങ്ങൾ പ്രേക്ഷകർക്കിടയിൽ അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.
''മതവിശ്വാസം അൽപം കൂടുതലായി തോന്നിയാൽ തീവ്രവാദി, അടിയുറച്ച കമ്യൂണിസ്റ്റാണെങ്കിൽ നക്സലൈറ്റ്. അതിവേഗത്തിലാണ് മനുഷ്യർ അവർപോലുമറിയാതെ കുറ്റവാളികളായി ചാപ്പ കുത്തെപ്പടുന്നത്. നാളത്തെ രമേശൻ ആരുമാവാം. ഈ ആശയത്തിൽനിന്നാണ് ഇൗ സിനിമയുടെ പിറവി'' -സംവിധായകൻ ജിബിൻ നാരായണൻ പറഞ്ഞു.
അന്ധവിശ്വാസത്തിനെതിരെയുള്ള പുതിയ ചിത്രത്തിെൻറ അണിയറ പ്രവർത്തനത്തിലാണ് സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.