ദുരൂഹതയുടെ തുടർക്കഥകളുമായി 'പീക്കാബൂ'
text_fieldsമറ്റു ചിത്രങ്ങളിൽ നിന്നും തികച്ചും വേറിട്ട ഒന്നാണ് ഹൊറർ ചിത്രങ്ങളുടെ പശ്ചാത്തലം ക്രമീകരിക്കുക എന്നത്. ഷോട്ടുകളുടെയും ഛായാഗ്രഹണത്തിന്‍റെയും ശബ്ദസംവിധാനങ്ങളുടെയും മികവ് തന്നെയാണ് ഹൊറർ സിനിമകളുടെ പ്രധാന ഘടകം. അവയെ ഭീതിതമാക്കുന്നതും ഇതൊക്കെ തന്നെയെന്ന് പറഞ്ഞാലും തെറ്റില്ല. അത് തന്നെയാണ് 'പീക്കാബൂ' എന്ന ഹൊറർ ഹ്രസ്വചിത്രത്തിന്‍റെ മേന്മയും. സിനിമ സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരിയുടെ അസോസിയേറ്റ് എഡിറ്ററായ ഷമൽ ചാക്കോ ആണ് 'പീക്കാബൂ' സംവിധാനം ചെയ്തിരിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ റ്റി.വി, നീ സ്‌ട്രീം, സൈന പ്ലെ തുടങ്ങിയ പത്തിലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലായി റിലീസായ ചിത്രം ഗോവയിലെ പനാജിയിലെ ഒരു ലേഡീസ് കോൺവെന്‍റിൽ നടക്കുന്ന സംഭവവികസങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഹോസ്റ്റൽ ചിട്ടവട്ടങ്ങളെയോ/പൊതുബോധ സദാചാരത്തെയോ അനുസരിക്കാത്ത രാവി എന്ന പെൺകുട്ടിയാണ് കഥയിലെ പ്രധാന കഥാപാത്രം. കോണവെന്‍റിലെ സിസ്റ്റർ രാവിയോട് അവളെ പോലെ ധിക്കാരിയായ മറ്റൊരു പെൺകുട്ടിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിവരിക്കുന്നുവെങ്കിലും രാവി അത് വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ല. എന്നാൽ അന്നത്തെ രാത്രിയിൽ രാവിയുടെ ജീവിതത്തിൽ സംഭവിക്കുന്നത് തികച്ചും ദുരൂഹമായ, ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ്.
എന്നാൽ, ആ ഭീതിദമായ അനുഭവങ്ങൾ രാവിയിലും അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പകരം ഒരു തുടർച്ചയായി പോവുന്ന കഥയായാണ് അത് മാറുന്നത്. ഓരോ കഥയിൽ നിന്നും വീണ്ടും ആരംഭിക്കുന്നത് മറ്റൊരു കഥ എന്നും പറയാം. അതുമല്ലെങ്കിൽ അവസാനമാണ് ആരംഭമെന്നും പറയാം. അപ്പോഴേക്കും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന എല്ലാവിധ ചേരുവകളും അടങ്ങിയ, പതിവ് പ്രേതസിനിമ ചട്ടക്കൂടുകളിൽ നിന്നും വ്യത്യസ്തമായ ഒരനുഭവമായി പ്രേക്ഷകർക്കത് മാറുന്നുമുണ്ട്. ഭയം എന്ന വികാരം പ്രേക്ഷകരിൽ ചുരുങ്ങിയ സമയം കൊണ്ട് എത്തിക്കാൻ സാധിച്ച നിലക്ക് ഒരു മികച്ച ഹൊറർ മൂവി തന്നെയാണ് 'പീക്കാബൂ'. പുതിയ മേക്കിങ് സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് രവി കിഷോര്‍, പൂര്‍ണിമ ശങ്കര്‍, നീന കെ. തമ്പി, ജിസ മേരി ജോണ്‍, ഷൈജാസ് കെ.എം, ഖാലിദ് തുടങ്ങിയവരാണ്. കഹാനി പിക്ചേഴ്സ് ആണ് നിര്‍മ്മാണം. രാകേഷ് ധരന്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.