സ്റ്റാർട്ട്, ആക്ഷൻ, കാമറ.... എല്ലാം സ്വന്തക്കാർ തന്നെ
text_fieldsബന്ധുജനപക്ഷപാതം ബോളിവുഡെന്നല്ല, ഒട്ടുമിക്ക സിനിമ വ്യവസായങ്ങളിലും ഒരിക്കലും അവസാനിക്കാത്ത സംഗതിയാണ്. ഇതു സംബന്ധിച്ച് ആരോപണമെത്ര ഉയർന്നാലും സ്വന്തക്കാരെ വെച്ച് സിനിമയിറക്കുന്നത് അവസാനിക്കില്ലെന്നതിന്റെ ഒടുവിലെ തെളിവാണ്, പ്രമുഖ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ വെബ് സീരീസ് ‘ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ’. തന്റെ മരുമകൾ ശർമിൻ സെഗാളിനെ സീരീസിലെ പ്രധാന റോളിൽ അവതരിപ്പിച്ചതാണ് ബോളിവുഡിലെ പുതിയ ‘നെപ്പോട്ടിസം’ വർത്തമാനം.
എന്നാൽ, ബൻസാലി ഇതിൽ ഒറ്റക്കല്ല. ഇദ്ദേഹത്തെപ്പോലെ തന്നെ, സിനിമയിലൂടെ സ്വന്തക്കാരെ അവതരിപ്പിച്ച് രക്ഷപ്പെടുത്തിയെടുക്കുന്നവർ നിരവധിയാണ്.
രാകേഷ് റോഷന്റെ ‘ക്രിഷി’ലെ ഋതിക്
തന്റെ സൂപ്പർഹീറോ സിനിമയായ ക്രിഷിൽ, കറുത്ത റബർ ജാക്കറ്റണിഞ്ഞ നായകൻ കഥാപാത്രമായി മകൻ ഋതിക് റോഷനെയല്ലാതെ സംവിധായകൻ രാകേഷ് റോഷന് കണ്ടെത്താനായിരുന്നില്ല. അദ്ദേഹത്തിന്റെ സയൻസ് ഫിക്ഷനായ ‘കോയി മിൽ ഗയ’യിലും ഋതിക് തന്നെ.
ഓപൺഹൈമറിൽ മകളെ അവതരിപ്പിച്ച് ക്രിസ്റ്റഫർ നോളൻ
കഴിഞ്ഞ വർഷത്തെ തന്റെ ആഗോള മെഗാഹിറ്റ് ചിത്രമായ ഓപൺഹൈമറിൽ സ്വന്തം മകൾ ഫ്ലോറ നോളനെ തന്നെയാണ് ക്രിസ്റ്റഫർ നോളൻ അവതരിപ്പിച്ചത്. സിനിമയിലെ ക്ലൈമാക്സിൽ, ചെറുതെങ്കിലും ‘അണുബോംബിന്റെ ഇര’യെന്ന സുപ്രധാന റോളിലാണ് ഫ്ലോറ പ്രത്യക്ഷപ്പെടുന്നത്.
അവഞ്ചേഴ്സിലും സ്വജനബാധ
മാർവെൽ സിനിമാറ്റിക് യൂനിവേഴ്സിന്റെ ആഗോള ഹിറ്റായ ‘അവഞ്ചേഴ്സ്: എൻഡ്ഗെയി’മിൽ സംവിധായകരായ റൂസ്സോ ബ്രദേഴ്സ് തന്നെ ഒരു ചെറു റോളിൽ പ്രത്യക്ഷപ്പെട്ടതിനു പുറമെ, മൊത്തം സിനിമ തന്നെ ഒരു കുടുംബ സംരംഭമാക്കി മാറ്റിയെന്ന് അസൂയക്കാർ പറയുന്നു. കുറ്റം പറയാൻ പറ്റില്ല, ജോ റൂസ്സോയുടെ മകൾ അവ റൂസ്സോ തന്നെ ചിത്രത്തിൽ മുഖ്യ വേഷത്തിൽ വരുന്നുണ്ട്. ഹോക്കീസിന്റെ മകളായാണ് അവയുടെ അവതാരം.
ഡേവിഡ് ധവാന്റെ സ്വന്തം വരുൺ ധവാൻ
മകൻ വരുൺ ധവാനെ നായകനാക്കിയുള്ള ചിത്രങ്ങളാണ് സംവിധായകൻ ഡേവിഡ് ധവാൻ ഈയിടെ ഒരുക്കാറുള്ളത്. കൂലി നം.1, ജുദ്വ 2, മെം തേരാ ഹീറോ തുടങ്ങിയവയിലെല്ലാം വരുണിന്റെ വിളയാട്ടമാണ്. സഹോദരൻ രോഹിത് ധവാന്റെ നായകനും വരുണാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.