കോട്ടയത്തിന് ഇനി സിനിമക്കാലം; രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരിതെളിയും
text_fieldsകോട്ടയം: അക്ഷരനഗരിക്ക് ഇനി അഞ്ചുനാൾ സിനിമക്കാലം. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തിരിതെളിയും. വൈകീട്ട് അഞ്ചിന് അനശ്വര തിയറ്ററിൽ മന്ത്രി വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. സംവിധായകനും ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാനുമായ ജയരാജ് ആമുഖപ്രഭാഷണം നടത്തും.
സംവിധായകനും തിരക്കഥാകൃത്തും കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് നൽകി നിർവഹിക്കും.
വൈകീട്ട് മുതൽ 28 വരെ നീളുന്ന മേള അനശ്വര, ആഷ തിയറ്ററുകളിലും സി.എം.എസ് കോളജിലുമായാണ് നടക്കുന്നത്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ 39 സിനിമ പ്രദർശിപ്പിക്കും. ഇതിൽ 18 ലോകസിനിമകളുണ്ട്. കോട്ടയത്തെ ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങൾ സി.എം.എസ് കോളജിലെ തിയറ്ററിൽ പ്രദർശിപ്പിക്കും. 28ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലയിൽനിന്നുള്ള നിർമാതാവ് ജൂബിലി ജോയ് തോമസിനെ ആദരിക്കും.
ശനിയാഴ്ച രാവിലെ 11ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ‘കോട്ടയത്തിന്റെ സിനിമ പൈതൃകം’ വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ മോഡറേറ്ററാകും. 25 മുതൽ 27 വരെ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ സാംസ്കാരിക വേദിയിൽ കലാപരിപാടികൾ അരങ്ങേറും.
വൈകീട്ട് ഏഴിനാണ് പരിപാടികൾ. 25ന് തകര മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും. 26ന് ‘യ ര ല വ’ കലക്റ്റീവിന്റെ അക്ഷരമാല എന്ന സംഗീത പരിപാടി അരങ്ങേറും. 27ന് ഗസലുകളും ഗൃഹാതുരത്വമുണർത്തുന്ന പഴയ ഗാനങ്ങളും കൂട്ടിയിണക്കി അലോഷി ആഡംസ് സംഗീതസന്ധ്യ അവതരിപ്പിക്കും. ചലച്ചിത്ര മേളയുടെ ഭാഗമായി പുനലൂർ രാജന്റെ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട അപൂർവ ഫോട്ടോകൾ ഉൾപ്പെടുത്തി എക്സിബിഷൻ നടക്കും.
കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചിത്രം ‘സെയിന്റ് ഒമർ’
കോട്ടയം: വെനീസ് ചലച്ചിത്ര മേളയിലടക്കം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഫ്രഞ്ച് ചലച്ചിത്രം ‘സെയിന്റ് ഒമർ’ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമാകും. ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിനു ശേഷം വെള്ളിയാഴ്ച വൈകീട്ട് ആറിന് അനശ്വര, ആഷ തിയറ്ററുകളിലാകും ചിത്രം പ്രദർശിപ്പിക്കുക. വെനീസ് രാജ്യാന്തര മേളയിൽ ഗ്രാൻഡ് ജൂറി പ്രൈസും ലൂയിജി ഡി ലോറന്റിസ് ലയൺ ഓഫ് ദ ഫ്യൂച്ചർ പുരസ്കാരവുമടക്കം 23 രാജ്യാന്തര പുരസ്കാരം സ്വന്തമാക്കിയ സിനിമയാണ് ഇത്.
സുവർണ ചകോരം നേടിയ ‘ഉതമ’ ഇന്ന്
കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ(ഐ.എഫ്.എഫ്.കെ) മികച്ച സിനിമക്കുള്ള സുവർണ ചകോരം നേടിയ ‘ഉതമ’ വെള്ളിയാഴ്ച പ്രദർശിപ്പിക്കും. രാവിലെ 9.30ന് അനശ്വര തിയറ്ററിലാണ് പ്രദർശനം. ബൊളീവിയൻ സിനിമയായ ഉതമ സംവിധാനം ചെയ്തത് അലസാൻഡ്രോ ലോയ്സ് ഗ്രിസിയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രകൃതി നശീകരണത്തിന്റെയും ആഗോള സന്ദർഭത്തിലേക്ക് വിരൽചൂണ്ടുന്ന സിനിമ ജീവന്റെ നിലനിൽപിനെക്കുറിച്ചുള്ള ആകുലതകളാണ് പങ്കുവെക്കുന്നത്.
ചലച്ചിത്ര മേളയിൽ ഇന്ന്
അനശ്വര, ആഷ തിയറ്ററുകൾ
സെയിന്റ് ഒമർ- വൈകു. ആറിന്
അനശ്വര തിയറ്റർ- ‘ഉതമ’- രാവിലെ 9.30
‘എ റൂം ഓഫ് മൈ ഓൺ’- ഉച്ച. 12.00
ടോറി ആൻഡ് ലോകിത- വൈകു. 3.00
. ആഷ തിയറ്റർ
നോർമൽ -രാവിലെ 9.45
അവർ ഹോം- ഉച്ച. 12.15
വഴക്ക്- വൈകു. 3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.