ജാനകിയുടെയും നവീന്‍റെയും റാസ്പുടിൻ ഡാൻസിനെ പ്രശംസിച്ച് യു.എന്നും
text_fields'റാ റാ റാസ്പുടിൻ ലവർ ഓഫ് ദ റഷ്യൻ ക്വീൻ...' ബോണി എം. ബാൻഡിന്‍റെ ഈ ഗാനം കേൾക്കുേമ്പാൾ ഇപ്പോൾ ആദ്യം ഓർമവരിക മെഡിക്കൽ വിദ്യാർഥികളായ ജാനകി എം. ഓംകുമാറിനെയും നവീൻ കെ. റസാഖിനെയുമാണ്. സ്റ്റൈലിഷ് സ്റ്റെപ്പുകളുമായി അരങ്ങ് തകർത്ത ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ യു.എൻ പ്രതിനിധി സംഘവും.
യു.എന്നിന്‍റെ കൾച്ചറൽ റൈറ്റ്സ് സ്പെഷൽ റാപ്പോർട്ടർ കരീമ ബെന്നൗൺസാണ് വൈറൽ ഡാൻസിനെ പ്രശംസിച്ച് രംഗത്തെത്തിയത്. സാംസ്കാരിക കൂട്ടായ്മകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് കരീമയുടെ പരാമർശം. സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനും നിരവധി വിദ്വേഷ പ്രചാരണങ്ങൾ നേരിടേണ്ടിവന്നിരുന്നു. പലപ്പോഴും ആക്രമിക്കപ്പെടുന്ന ഒരു ലോകത്ത് സാംസ്കാരിക മിശ്രണം നിസാരമായി കാണാനാകില്ലെന്നായിരുന്നും കരീമയുടെ പ്രതികരണം.
'സാംസ്കാരിക വേർതിരിവുകളെ മാറ്റിനിർത്തി നൃത്തം ചെയ്ത യുവതിക്കും യുവാവിനും വ്യാപക പിന്തുണ ലഭിച്ചിരുന്നു. അതേസമയം ഹിന്ദു മതമൗലിക വാദികൾ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണവും അഴിച്ചുവിട്ടു. ഡാൻസ് ജിഹാദാണെന്ന് പോലും ആരോപിച്ചു. എന്നാൽ വിമർശനങ്ങൾക്ക് അവരുടെ മറുപടി 'ഞങ്ങൾ ഇനിയും ഒരുമിച്ച് നൃത്തം ചെയ്യും' എന്നായിരുന്നു. ഇതായിരിക്കണം നമ്മുടെ കൂട്ടായ മറുപടി. ഇത് പ്രശംസനീയമാണ്' -കരീമ പറഞ്ഞു.
21ാം നൂറ്റാണ്ടിൽ സാംസ്കാരിക അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ സംസ്കാരത്തെയും സ്വത്വത്തെയും സാംസ്കാരിക സമന്വയങ്ങളെയും കുറിച്ചുള്ള തെറ്റായ ധാരണങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കുക മാത്രമാണ് േപാംവഴിയെന്നും അവർ കൂട്ടിച്ചേർത്തു.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് ജാനകി എം. ഓംകുമാറും നവീൻ കെ. റസാഖും. തിരുവനന്തപുരം സ്വദേശിയാണ് ജാനകി. നവീൻ മാനന്തവാടി സ്വദേശിയും. പരീക്ഷ സമ്മർദ്ദങ്ങളിൽ നിന്നും ഇടവേള നേടാനായിട്ടാണ് ഇരുവരും കോളജിൽ വെച്ച് ഇഷ്ടഗാനത്തിന് ചുവടുവെച്ചത്. വെറും രണ്ട് മണിക്കൂറിനിടയിലാണ് ഈ ഡാൻസിങ് പരീക്ഷണം. ക്ലാസിന് ശേഷം കണ്ടുമുട്ടിയ ഇരുവരും യൂനിഫോമിൽ തന്നെ ഡാൻസ് ചെയ്യുകയായിരുന്നു.
30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ നവീനാണ് ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് ജാനകിയുടെ യൂട്യൂബ് ചാനലിലും വിഡിയോ പങ്കുവെച്ചിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു ഇവരുടെ ചെറുവിഡിയോ. ഇതിനുപിന്നാലെയായിരുന്നു ഇരുവർക്കുമെതിരെ വിദ്വേഷ പ്രചാരണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.