'വെങ്കായം..., തൈര്..., കല്ലുപ്പ്...'; രാഹുല്‍ ബിരിയാണി വെച്ച യൂട്യൂബ് ചാനലിന് റെക്കോഡ് നേട്ടം
text_fieldsകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത് ബിരിയാണി വെച്ച് വൈറലായ തമിഴ്‌നാട്ടിലെ യൂട്യൂബ് ചാനല്‍ 'വില്ലേജ് കുക്കിങ് ചാനലി'ന് റെക്കോഡ് നേട്ടം. ഒരു കോടി വരിക്കാരുമായി യൂട്യൂബിന്റെ 'ഡയമണ്ട് ബട്ടണ്‍' നേടിയിരിക്കുകയാണ് ചാനല്‍. യൂട്യൂബ് ചാനലുകള്‍ക്ക് അപൂര്‍വമായി ലഭിക്കുന്ന നേട്ടമാണ് 10 ദശലക്ഷം വരിക്കാര്‍ എന്നത്.
പുതുക്കോട്ടൈ ജില്ലയിലെ വീരമംഗലം ഗ്രാമത്തിലെ സാധാരണക്കാരായ അഞ്ച് പേര്‍ ചേര്‍ന്ന് തുടങ്ങിയ കുക്കിങ് ചാനലാണ് ലോകമാകെ ആരാധകരുമായി മുന്നേറുന്നത്. 75കാരനായ പെരിയതമ്പിയും ബന്ധുക്കളുമാണ് ചാനലിന് പിന്നില്‍. പെരിയ തമ്പി എല്ലാറ്റിനും നേതൃത്വം നല്‍കുമ്പോള്‍ ബന്ധുക്കളായ വി. സുബ്രഹ്‌മണ്യന്‍, വി. അയ്യനാര്‍, മുരുഗേശന്‍, ജി. തമിഴ്‌സെല്‍വന്‍, മുത്തുമാണിക്യം എന്നിവരാണ് ഒപ്പമുള്ള 'താരങ്ങള്‍'.
ഗ്രാമീണമായ അന്തരീക്ഷത്തില്‍, നാടന്‍ വിഭവങ്ങളുണ്ടാക്കുകയെന്നതാണ് ഇവരുടെ രീതി. വ്യത്യസ്തങ്ങളായ വിഭവങ്ങളും അവതരണ രീതിയും കൂടിയായതോടെ യൂട്യൂബിലെ ഭക്ഷണപ്രിയര്‍ ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു.
തയാറാക്കുന്ന ഭക്ഷണം അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും നല്‍കുന്നതിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും ഇവര്‍ അടിവരയിടുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് ചാനല്‍ സംഭാവന നല്‍കിയത്. 'ഡയമണ്ട് പ്ലേ ബട്ടണ്‍' ലഭിച്ചതിന് വരിക്കാര്‍ക്ക് നന്ദി പറഞ്ഞ് പുതിയ വിഡിയോ ഇവര്‍ ചെയ്തിട്ടുണ്ട്.
മാസം ഏഴ് ലക്ഷം രൂപയാണ് ഇവര്‍ക്ക് യൂട്യൂബില്‍ നിന്നുള്ള വരുമാനം. ഇതില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ഷണ വിതരണത്തിനുമെല്ലാം തുക ചെലവഴിക്കുന്നു.
ജനുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് സന്ദര്‍ശിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇവരുമായി കണ്ടുമുട്ടിയത്. രാഹുലിന് വേണ്ടി മഷ്‌റൂം ബിരിയാണി തയാറാക്കുന്ന വിഡിയോയാണ് അന്ന് പ്രത്യേകമായി ചെയ്തത്. ബിരിയാണിക്കൊപ്പം വിളമ്പാനുള്ള സാലഡ് തയാറാക്കിയത് രാഹുലായിരുന്നു. 'വെങ്കായം, തൈര്, കല്ലുപ്പ്...' എന്നിങ്ങനെ ഓരോന്നിന്റെയും പേര് പറയുന്ന രാഹുലിന്റെ വിഡിയോ തരംഗമായി മാറി. ട്രോളുകളും നിരവധിയുണ്ടായി. എല്ലാവര്‍ക്കും ഒപ്പമിരുന്ന് ബിരിയാണി കഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്. 2.64 കോടി പേരാണ് രാഹുല്‍ പങ്കെടുത്ത എപ്പിസോഡ് മാത്രം കണ്ടത്.
പതിനായിരത്തോളം പുതിയ വരിക്കാരെ ചാനലിന് ദിവസം തോറും ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, രാഹുലിന്റെ വരവോടെ സ്ഥിതി മാറി. ദിവസവും 40,000ത്തോളം പുതിയ വരിക്കാരെ രാഹുലിന്റെ വിഡിയോക്ക് ശേഷം ലഭിക്കുന്നതായി ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.