സമുദ്രത്തിന്റെ അടിത്തട്ടില്‍ കുമിഞ്ഞുകൂടുന്നത് 11 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം
text_fields11 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിന്‍റെ അടിത്തട്ടിൽ അടിഞ്ഞ് കിടക്കുന്നുണ്ടെന്ന് പുതിയ പഠനം. സി.എസ്.ഐ.ആർ.ഒയും ടൊറന്‍റോ സർവകലാശാലയും ചേർന്ന് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. സമുദ്രോപരിതലത്തിലുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ നൂറ് മടങ്ങ് അളവിലുള്ള മാലിന്യം അടിത്തട്ടിലുണ്ടായേക്കാമെന്നാണ് ഗവേഷകർ പറയുന്നത്. സി.എസ്.ഐ.ആര്‍.ഒയുടെ തന്നെ എന്‍ഡിങ് പ്ലാസ്റ്റിക്ക് വേസ്റ്റ് മിഷന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഗവേഷണം നടത്തിയത്. ഓരോ ദിവസവും ഒരു ഗാര്‍ബേജ് ട്രക്കിന്റെ അത്ര മാലിന്യം കടലിലെത്തുന്നുണ്ടെന്നാണ് വേൾഡ് എക്കണോമിക് ഫോറത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.
സമുദ്രോപരിതലത്തിലെത്തുന്ന മാലിന്യങ്ങളാണ് പിന്നീട് അടിത്തട്ടിലേക്കുമെത്തുന്നത്. മാലിന്യങ്ങള്‍ സമുദ്രത്തിലെത്തുന്നത് തടഞ്ഞാല്‍ മാലിന്യ തോത് കുറക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാകുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം 2040- ഓടെ ഇരട്ടിയാകുമെന്നാണ് വിവിധ പഠനങ്ങൾ നൽകുന്ന സൂചന. കാലാവസ്ഥ പ്രതിസന്ധിയെ ത്വരിതപ്പെടുത്തുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും വേർതിരിച്ചെടുക്കാനുമുള്ള സമുദ്രത്തിന്‍റെ ശേഷിയെ ഇത് തടസ്സപ്പെടുത്തുമെന്ന് ഗവേഷകർ വ്യക്തമാക്കി.
പ്ലാസ്റ്റിക് കുപ്പികൾ, ബാഗുകൾ, മറ്റ് ഡിസ്പോസിബിൾ വസ്തുക്കൾ, ഉപയോഗശൂന്യമായ മത്സ്യബന്ധന ഉപകരണങ്ങൾ വരെ സമുദ്ര അടിത്തട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ പോലുള്ള ഉപകരണങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. മുൻകാല പഠനങ്ങൾ സമുദ്ര ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക്കിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും എന്നാൽ പതിറ്റാണ്ടുകളായി ടൺ കണക്കിന് പ്ലാസ്റ്റിക് അടിത്തട്ടിലുണ്ടെന്നും ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.