വയനാട്ടിൽ 144 ഇനം പക്ഷികളെ കണ്ടെത്തി
text_fieldsചെന്തലയന് കഴുകന്, നീലഗിരി ഫ്ളൈ കാച്ചര്‍
കല്പറ്റ: ജില്ലയിൽ നടത്തിയ പക്ഷി സർവേയിൽ കണ്ടെത്തിയത് 144 ഇനം പക്ഷികള്‍. കല്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബിയോളജിയും നോര്‍ത്ത്, സൗത്ത് വയനാട് വനം ഡിവിഷനുകളും ആറളം വന്യജീവി സങ്കേതവും സംയുക്തമായി മൂന്നു ദിവസങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഇത്രയും ഇനം പക്ഷികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇതിൽ ആകാശ ദ്വീപുകളില്‍ (മലയുടെ ഉയരങ്ങളിൽ) മാത്രം 120 പക്ഷികളെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ട മലനിരയില്‍ വയനാടിന്റെ തെക്കേ അറ്റം മുതല്‍ വടക്ക്, കണ്ണൂര്‍ ജില്ലയിലെ ആറളം വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന അമ്പലപ്പാറ വരെ 15 ആകാശ ദ്വീപുകളിലാണ് സര്‍വേ നടന്നത്. സമുദ്രനിരപ്പില്‍നിന്നു 1,500 മീറ്ററിനു മുകളില്‍ സവിശേഷമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന പര്‍വത ശിഖരങ്ങളെയാണ് ആകാശ ദ്വീപുകളായി കണക്കാക്കുന്നത്.
സമുദ്രനിരപ്പില്‍നിന്നു 1,500- 2,100 മീറ്റര്‍ ഉയരത്തിലുള്ള കുറിച്ച്യര്‍മല, ബാണാസുരമല, സൂര്യമുടി, ബ്രഹ്മഗിരി, ചെമ്പ്ര, വെള്ളരിമല, മണ്ടമല, അമ്പമല, വണ്ണാത്തിമല എന്നിവ ആകാശ ദ്വീപുകളുടെ പട്ടികയില്‍പ്പെടും.
ചോല-പുല് വനസമുച്ചയങ്ങള്‍ ഈ പ്രദേശങ്ങളുടെ സവിശേഷതയാണ്. തദ്ദേശീയവും വംശനാശ ഭീഷണി നേരിടുന്നതുമായ നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഈ മലനിരകള്‍. 50 ഓളം പക്ഷി നിരീക്ഷകര്‍ പങ്കെടുത്ത സര്‍വേയുടെ പ്രാഥമിക പട്ടികയില്‍ 144 ഇനം പക്ഷികളാണ് ഇടം പിടിച്ചത്.
ഇതില്‍ 120 ഇനങ്ങളെയാണ് ആകാശദ്വീപുകളില്‍ മാത്രം കണ്ടത്. ബാണാസുര ചിലപ്പന്‍, നീലഗിരി ചോലക്കിളി, യൂറേഷ്യന്‍ മാര്ട്ടിന്, ഹ്യൂംസ് വാര്‍ബ്ലര്‍, കരിംചെമ്പന്‍ പാറ്റപിടിയന്‍, ഒലിവ് പിപിറ്റ് എന്നീ അത്യപൂര്‍വ ഇനം പക്ഷി ഇനങ്ങളെ സര്‍വേയില്‍ കാണാനായി. ഇന്ത്യയിലെ വംശനാശഭീഷണി നേരിടുന്ന പക്ഷി ഇനങ്ങളില്‍ ഒന്നാണ് ബാണാസുര ചിലപ്പന്‍.
വയനാടന്‍ മലകളില്‍ മാത്രം കാണുന്ന ബാണാസുര ചിലപ്പന്റെ ആവാസകേന്ദ്രം സമുദ്രനിരപ്പില്‍നിന്നു 1,400 മീറ്ററിന് മുകളില്‍ കാണുന്ന ആകാശദ്വീപുകളിലെ ചോലപ്പുല്മേടുകളാണ്.
കുറിച്യര്‍മലയിലാണ് 60 ഒലിവ് പിപിറ്റുകളുടെ കൂട്ടത്തെ കണ്ടത്. അപൂര്‍വമായി മാത്രം കേരളത്തില്‍ കണ്ടുവരുന്ന ഹ്യൂംസ് വാര്ബ്ലറിന്റെ സാന്നിധ്യവും സര്‍വേ സംഘത്തിനു സ്ഥിരീകരിക്കാനായി. മഞ്ഞുകാലത്തുമാത്രം ഇന്ത്യയുടെ വിവിധ വനപ്രദേശങ്ങളില്‍ കണ്ടുവരുന്ന ദേശാടനക്കിളിയാണ് ഹ്യൂംസ് വാര്‍ബ്ലര്‍.
നോര്‍ത്ത് വയനാട് വനം ഡിവിഷനും ആറളം വന്യജീവി സങ്കേതവും അതിര്‍ത്തി പങ്കിടുന്ന അമ്പലപ്പാറയിലാണ് ചെന്തലയന് കഴുകനെ കണ്ടെത്തിയത്. അതീവ വംശനാശ ഭീഷണി നേരിടുന്ന പക്ഷിയിനമാണ് കഴുകന്മാര്. കേരളത്തില്‍ വയനാട്ടില്‍ മാത്രമാണ് കഴുകന്മാരുള്ളത്.
സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ. രാമനാണ് സര്‍വേ ഉദ്ഘാടനം ചെയ്തത്. ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് വയനാടിന്റെ ഭൂപ്രകൃതി സര്‍വേ സംഘത്തിനു പരിചയപ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളജ് അധ്യാപകന് ഡോ.ആര്.എല്‍. രതീഷ് സര്‍വേ നിയമങ്ങളും നിബന്ധനകളും അവതരിപ്പിച്ചു. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഹരിലാല്‍ മാര്‍ഗനിര്‍ദേശം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.