റേഡിയോ കോളർ ഘടിപ്പിച്ച ആദ്യ നീലഗിരി വരയാടിനെ കടുവ പിടിച്ചു
text_fieldsകോയമ്പത്തൂർ: റേഡിയോ കോളർ ഘടിപ്പിച്ച ആദ്യ നീലഗിരി വരയാടിനെ (നീലഗിരി താർ) കടുവ ഇരയാക്കി. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്‍റെ സഹായത്തോടെ ഈ വർഷം മാർച്ചിൽ തമിഴ്നാട് വനംവകുപ്പാണ് വരയാടിന് റേഡിയോ കോളർ ഘടിപ്പിച്ചിരുന്നത്. തമിഴ്നാടിന്‍റെ സംസ്ഥാന മൃഗമാണ് നീലഗിരി വരയാട്.
നീലഗിരി മേഖലയിലെ മുകുർത്തി ദേശീയോദ്യാനത്തിലായിരുന്നു വരയാടുണ്ടായിരുന്നത്. വരയാടിന്‍റെ സഞ്ചാരം റേഡിയോ കോളർ വഴി തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ സഞ്ചാരം നിലച്ചതായി റേഡിയോ കോളറിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ഈ മേഖലയിലേക്കെത്തുകയായിരുന്നു.
ഫോറസ്റ്റ് വെറ്ററിനറി സർജന്മാർ ഉൾപ്പെടെയുള്ള സംഘം വനത്തിലെത്തി പരിശോധിച്ചപ്പോഴാണ് വരയാടിനെ കടുവ പിടിച്ചതാണെന്ന് വ്യക്തമായത്. ജഡാവശിഷ്ടങ്ങൾ സ്ഥലത്ത് കണ്ടെത്തി. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ് വരയാടിനെ കടുവ പിടിച്ചതിലൂടെ മനസ്സിലാക്കുന്നതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം. യുവരാജ്കുമാർ പറഞ്ഞു.
ഷെഡ്യൂൾ ഒന്നിൽ പെട്ട സംരക്ഷിത ഇനത്തിലെ മൃഗമാണ് വരയാട്. വരയാടിന്‍റെ സംരക്ഷണത്തിന് മാത്രമായി നീലഗിരി താർ പ്രൊജക്ട് എന്ന പദ്ധതി തമിഴ്നാട് സർക്കാർ നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.